- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
അളന്നു കുറിച്ച ഇസ്മായിൽ മുഹമ്മദിന്റെ ക്രോസ്; ഹെഡറിലൂടെ വലയിലെത്തിച്ച് മുഹമ്മദ് മുൻടാരി; ലോകകപ്പിൽ ഖത്തറിന്റെ ആദ്യ ഗോൾ കുറിച്ച് താരം; ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നിലേറെ മത്സരങ്ങൾ തോറ്റ ആദ്യ ആതിഥേയ രാജ്യമായി ഖത്തർ
ദോഹ: ഫുട്‌ബോൾ ലോകകപ്പുകളുടെ ചരിത്രത്തിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നിലേറെ മത്സരങ്ങൾ തോറ്റ ആദ്യ ആതിഥേയ രാജ്യമെന്ന നാണക്കേടുമായി ഖത്തർ പുറത്തേക്ക്. ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ട ഖത്തർ സെനഗലിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽവി വഴങ്ങുകയായിരുന്നു. ഇരുപത്തിയൊമ്പതാം തിയതി നെതർലൻഡ്‌സിന് എതിരെയാണ് ഖത്തറിന്റെ അവസാന ഗ്രൂപ്പ് മത്സരം. തുടർ തോൽവികളോടെ ഖത്തറിന്റെ പ്രീക്വാർട്ടർ സാധ്യത തുലാസിലായി.
അതേ സമയം ലോകകപ്പ് ചരിത്രത്തിൽ തങ്ങളുടെ ആദ്യ ഗോൾ സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ഖത്തർ ആരാധകർ. ഗ്രൂപ്പ് എയിൽ സെനഗലിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ലോകകപ്പിന്റെ ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോൾ വെള്ളിയാഴ്ച ദോഹയിലെ അൽ തുമാമ സ്റ്റേഡിയത്തിൽ ഖത്തർ കുറിച്ചു. മുഹമ്മദ് മുൻടാരിയാണ് ഖത്തറിനായി വലകുലുക്കിയത്. ആതിഥേയരെന്ന നിലയിലാണ് ഖത്തറിന് ഇത്തവണത്തെ ലോകകപ്പിന് യോഗ്യത നേടാനായത്.
78ാം മിനിറ്റിലാണ് ഖത്തർ ലോകകപ്പിലെ ചരിത്ര ഗോൾ നേടിയത്. ഇസ്മയിൽ മുഹമ്മദിന്റെ ക്രോസിന് കൃത്യമായി തലവെച്ച മുൻടാരി തകർപ്പൻ ഹെഡ്ഡറിലൂടെ വലകുലുക്കി. ഇസ്മായിൽ മുഹമ്മദിന് വലതു ഭാഗത്തുനിന്ന് ലഭിച്ച പന്ത് മുഹമ്മദ് മുൻടാരിക്ക് ക്രോസ് നൽകുന്നു. സെനഗലിന്റെ കുലീബാലിയെ മറികടന്ന് മുൻടാരി ഹെഡറിലൂടെ ലക്ഷ്യം കണ്ടു. പന്ത് തടയുന്നതിൽ സെനഗൽ ഗോൾ കീപ്പറും പരാജയപ്പെട്ടു.
അൽ തുമാമ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഖത്തറിന് മേൽ കരുത്തുകാട്ടുകയായിരുന്നു സെനഗൽ. ആദ്യ മത്സരത്തിൽ വിറപ്പിച്ച ശേഷം നെതർലൻഡ്‌സിനോട് 2-0ന്റെ തോൽവി വഴങ്ങിയ സെനഗൽ ടീം ഖത്തറിനെ നിഷ്പ്രഭമാക്കുന്ന പ്രകടനം പുറത്തെടുത്തു. ഖത്തറിനെ തോൽപ്പിച്ച് സെനഗൽ ലോകകപ്പ് പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സെനഗലിന്റെ ജയം. ബൗലായെ ദിയ, ഫമാറ ദിദിയു, ബംബ ഡിയെംഗ് എന്നിവരാണ് സെനഗലിന്റെ ഗോളുകൾ നേടിയത്.
41-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ. ഖത്തർ പ്രതിരോധതാരം ഖൗഖിയുടെ പിഴവിൽ നിന്ന് ദിയ അനായാസം വലകുലുക്കി. രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റുകൾക്കകം രണ്ടാം ഗോൾ പിറന്നു. യാക്കോബ് എടുത്തു കോർണറിൽ തലവച്ചാണ് ദിദിയു വലകുലുക്കിയത്. ഹെഡ് ചെയ്യാൻ മുന്നോട്ട് നീങ്ങിയ ദിദിയു മനോഹരമായി പന്ത് തലകൊണ്ട് ചെത്തിയിട്ടു. 78-ാം മിനിറ്റിൽ ഖത്തർ ഒരു ഗോൾ തിരിച്ചടിച്ചു. ഈ ലോകകപ്പിൽ അവരുടെ ആദ്യ ഗോളാണിത്. മുന്താരിയാണ് ഗോൾ മടക്കിയത്. 84-ാം മിനുറ്റിൽ സെനഗൽ മൂന്നാം ഗോളും കണ്ടെത്തി. ബദൗ ഡിയായുടെ അസിസ്റ്റാണ് ബംബയ്ക്ക് ഗോളിന് വഴിയൊരുക്കിയത്.
സ്പോർട്സ് ഡെസ്ക്