ദോഹ: ഫിഫ 2022 ഖത്തർ ലോകകപ്പ് ഫുട്ബോളിൽ ഇതുവരെ പിറന്നതിൽ വെച്ച് ഏറ്റവും മനോഹര ഗോൾ ഏതായിരുന്നു? ഫുട്‌ബോൾ ആരാധകർ നൽകുക ഒരു ഉത്തരം മാത്രമായിരിക്കും. ഗ്രൂപ്പ് ജി യിൽ സെർബിയയ്ക്ക് എതിരേ ബ്രസീലിന്റെ റിച്ചാർലിസൺ 73 -ാം മിനിറ്റിൽ അക്രോബാറ്റിക് ഷോട്ടിലൂടെ നേടിയ ഗോൾ. അതെ, ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഏറ്റവും മികച്ച ഗോൾ സ്വന്തമാക്കിയത് ബ്രസീലിന്റെ റിച്ചാർലിസൺ എന്ന 25 കാരനാണ്.

വിനീഷ്യസ് ജൂനിയറിന്റെ ക്രോസ് കാലിൽ സ്വീകരിച്ച ശേഷം അക്രോബാറ്റിക് ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു റിച്ചാർലിസൺ. ഈ ഗോൾ അപ്രതീക്ഷിതമായി സംഭവിച്ചതല്ല എന്നാണ് വ്യക്തമാക്കുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് റിച്ചാർലിസൺ സമാന ഫിനിഷിംഗിന് പരിശീലിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുന്നു. പ്രമുഖ സ്പോർട്സ് ചാനലായ ഇഎസ്‌പിഎൻ ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

62 -ാം മിനിറ്റിൽ റിച്ചാർലിസൺ തന്നെയാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. നെയ്മറിലൂടെ ലഭിച്ച പന്ത് വിനീഷ്യസ് ജൂണിയർ ഗോളിലേക്ക് തൊടുത്തു. എന്നാൽ, സെർബിയൻ ഗോൾ കീപ്പർ അത് തടഞ്ഞു. പക്ഷേ, റീ ബൗണ്ടായി എത്തിയ പന്ത് കൃത്യമായി വലയിൽ എത്തിച്ച് റിച്ചാർലിസൺ ഡെഡ് ലോക്ക് പൊട്ടിച്ചു. ഇതിന് പിന്നാലെയായിരുന്നു ഏവരെയും അതിശയിപ്പിച്ച വണ്ടർ ഗോൾ പിറന്നത്.

73 -ാം മിനിറ്റിൽ ആയിരുന്നു ഖത്തർ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും മനോഹര ഗോൾ പിറന്നത്. ആദ്യ ഗോളിന്റെ വഴിയിലൂടെയായിരുന്നു രണ്ടാം ഗോളും. ഇടത് വിംഗിൽ നെയ്മറിൽ നിന്ന് പന്ത് വിനീഷ്യസ് ജൂനിയറിലേക്ക്. വിനീഷ്യസ് ജൂനിയർ ബോക്സിനുള്ളിൽ നിൽക്കുകയായിരുന്ന റിച്ചാർലിസണിനു പന്ത് മറിച്ചു.

വിനീഷ്യസ് ജൂണിയറിന്റെ ക്രോസ് നിലംതൊടും മുമ്പ് ഇടംകാൽകൊണ്ട് റിച്ചാർലിസൺ നിയന്ത്രണത്തിലാക്കി പതുക്കെ വായുവിൽ ഉയർത്തി. എന്താണ് സംഭവിക്കുന്നതെന്ന് സെർബിയൻ പ്രതിരോധക്കാർക്ക് മനസിലായില്ല. ഉയർന്നു പൊങ്ങിയ പന്ത് ഒരു ഫ്ളിപ്പ് ഡൈവിലൂടെ റിച്ചാർലിസൺ വലം കാൽകൊണ്ട് ഗോളിലേക്ക് തൊടുത്തു. ബൈസിക്കിൾ വോളിയുടെ മനോഹാരിത മുഴുവൻ ചേർന്ന ഒരു ഗോൾ ... ഗാലറിയും ലൈവ് ആയി കളികണ്ടവരും വാട്ട് എ ഗോൾ എന്ന് ആർത്തലച്ചു ... റിച്ചാർലിസണിന്റെ ആ ഗോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. മത്സരത്തിൽ സെർബിയക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് കാനറികൾ ജയിച്ച് കയറി. രണ്ട് ഗോളും റിച്ചാർലിസണിന്റെ വകയായിരുന്നു.



ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്ട്സ്പറിന്റെ താരമാണ് റിച്ചാർലിസൺ. ഒക്ടോബർ പകുതിക്ക് എവർട്ടണിന് എതിരായ മത്സരത്തിനിടെ കാഫ് ഇഞ്ചുറി പറ്റിയ റിച്ചാർലിസൺ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായേക്കും എന്ന ആശങ്ക ഉണ്ടായിരുന്നു. ലോകകപ്പ് ടീമിൽ ഉണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു താനെന്നു റിച്ചാർലിസൺ പറഞ്ഞു. നാല് ആഴ്ച മുമ്പ് ഞാൻ കരയുകയായിരുന്നു. ലോകകപ്പിൽ കളിക്കാൻ സാധിക്കുമോ എന്ന് ശരിക്കും സംശയമായിരുന്നു. പരിക്കിന്റെ പരിശോധനയ്ക്കായി പോയ ദിവസമാണ് എന്റെ ജീവിതത്തിലെ ഏറ്റവും ഇഴഞ്ഞു നീങ്ങിയ ദിനം. സ്ട്രച്ചറിൽ കിടക്കുമ്പോൾ ഉരുന്ന ചങ്കിടിപ്പ് എനിക്ക് സ്വയം കേൾക്കാമായിരുന്നു - റിച്ചാർലിസൺ പറഞ്ഞു.

സെർബിയയ്ക്ക് എതിരായ മത്സരത്തിൽ ഏഴ് റേറ്റിങ് പോയിന്റാണ് റിച്ചാർലിസണിനു ലഭിച്ചത്. ഫിഫ ലോകകപ്പ് ഫുട്ബോളിൽ ബ്രസീലിനായി ഒരു മത്സരത്തിൽ ആദ്യ രണ്ട് ഗോൾ നേടുന്ന നാലാമത് താരം എന്ന നേട്ടത്തിലും റിച്ചാർലിസൺ എത്തി. 1990ൽ കരേക, 2014ൽ നെയ്മർ, 2018ൽ ഫിലിപ്പെ കുട്ടീഞ്ഞോ എന്നിവരാണ് ഈ നേട്ടം മുമ്പ് സ്വന്തമാക്കിയത്. സെർബിയയ്ക്ക് എതിരായ മത്സരത്തിൽ ഏറ്റവും കൂടുതൽ എതിർ പ്രതിരോധത്തെ വിഷമിപ്പിച്ചതും ഏറ്റവും കൂടുതൽ ഫൈനൽ തേർഡിൽ ടച്ച് നടത്തിയതും റിച്ചാർലിസൺ ആയിരുന്നു.