- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഖത്തർ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളുമായി ഗാക്പോ; ഇൻജുറി ടൈമിൽ ഇക്വഡോർ വലചലിപ്പിച്ചിട്ടും ഓഫ് സൈഡ് വിളിച്ച് റഫറി; രണ്ടാം പകുതിയുടെ തുടക്കത്തിൽ തിരിച്ചടിച്ച് എന്നെർ വലൻസിയ; പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ഇരുടീമുകൾ
ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ കരുത്തരുടെ പോരാട്ടത്തിൽ ആദ്യ പകുതിയിൽ ലീഡ് നേടിയ നെതർലൻഡ്‌സിനെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ മടക്കി ഇക്വഡോർ. ആറാം മിനിറ്റിൽ കോഡി ഗാക്‌പോയാണു നെതർലൻഡ്‌സിനെ മുന്നിലെത്തിച്ചത്. ഖത്തർ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളാണിത്. മത്സരം അഞ്ചു മിനിറ്റു നാലു സെക്കൻഡ് പൂർത്തിയാകുമ്പോഴായിരുന്നു ആദ്യ ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ 49ാം മിനിറ്റിൽ എന്നെർ വലൻസിയയിലൂടെ ഇക്വഡോർ ഗോൾ മടക്കി. മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്.
ഒരു ഡച്ച് അറ്റാക്കിങ് റണ്ണിനൊടുവിൽ ഡിഫ്ളക്റ്റായ ഒരു പാസ് പിടിച്ചെടുത്ത് ഡേവി ക്ലാസൻ നൽകിയ പന്ത് തകർപ്പനൊരു ഇടംകാലനടിയിലൂടെ ഗാക്പോ വലയിലെത്തിക്കുകയായിരുന്നു. ലോകകപ്പിൽ ഗാക്‌പോയുടെ രണ്ടാം ഗോളാണിത്. ആദ്യ മത്സരത്തിൽ സെനഗലിനെതിരെയും ഗാക്‌പോ വല കുലുക്കിയിരുന്നു. ഗോൾ വീണതോടെ മറുപടി നൽകാൻ ഇക്വഡോറും പ്രത്യാക്രമണവുമായി നെതർലൻഡ്‌സും കുതിച്ചു.
ആഞ്ജലോ പ്രെസിയാഡോ പലപ്പോഴും ഡച്ച് ബോക്സിൽ പ്രതിസന്ധി സൃഷ്ടിച്ചു. ഇത്തരമൊരു മുന്നേറ്റത്തിൽ 11-ാം മിനിറ്റിൽ ഇക്വഡോറിന് മികച്ച ഒരു അവസരം ലഭിച്ചു. പ്രെസിയാഡോ ക്രോസ് ചെയ്ത് നൽകിയ പന്ത് പിയെറോ ഹിൻകാപി ഹെഡ്ചെയ്ത് എന്നെർ വലൻസിയക്ക് നൽകി. വലൻസിയയുടെ ഹാഫ് വോളി പക്ഷേ നഥാൻ അകെ ഹെഡ് ചെയ്തകറ്റുകയായിരുന്നു.
28ാം മിനിറ്റിൽ നെതർലൻഡ് ബോക്‌സിൽ എന്നർ വലെൻസിയ, മിച്ചേൽ എസ്ത്രാഡയ്ക്കു നൽകിയ പാസിൽ ലക്ഷ്യം കാണാൻ ഇക്വഡോറിനു സാധിച്ചില്ല. 32ാം മിനിറ്റിൽ ഇക്വഡോറിന്റെ കൗണ്ടർ ആക്രമണത്തിൽ എന്നർ വലെൻസിയയുടെ മുന്നേറ്റം നെതർലൻഡ്‌സ് ഗോളി ആൻഡ്രിസ് നൊപ്പെർട്ട് പരാജയപ്പെടുത്തി.
ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ പെർവിസ് എസ്റ്റുപ്പിയൻ പന്ത് വലയിലെത്തിച്ചെങ്കിലും ജാക്ക്സൺ പൊറോസോ ഓഫ്സൈഡ് പൊസിഷനിലാണെന്ന കാരണത്താൽ റഫറി ഗോൾ നിഷേധിച്ചത് ഇക്വഡോറിന് തിരിച്ചടിയായി. താരങ്ങൾ വാർ പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും റഫറി തയ്യാറായില്ല. ആദ്യ പകുതി അവസാനിച്ചപ്പോൾ നെതർലൻഡ്‌സ് ഒരു ഗോളിനു മുന്നിലെത്തിയിരുന്നു
സ്പോർട്സ് ഡെസ്ക്