ദോഹ: ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ നിർണായക പോരാട്ടത്തിൽ നെതർലൻഡ്‌സിനെ സമനിലയിൽ കുരുക്കി ഇക്വഡോർ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ആറാം മിനിറ്റിൽ കോഡി ഗാക്‌പോയിലൂടെ നെതർലൻഡ്‌സ് മുന്നിലെത്തിയപ്പോൾ 49ാം മിനിറ്റിൽ നായകൻ എന്നർ വലൻസിയയിലൂടെയാണ് ഇക്വഡോർ മറുപടി നൽകിയത്. ഈ മത്സരം സമനിലയിലായതോടെ ആതിഥേയരായ ഖത്തർ ടുർണമെന്റിൽ നിന്ന് പുറത്തായി. ഇക്കുറി ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമാണ് ഖത്തർ.

ഇക്വഡോർ 3-4-2-1 ശൈലിയിലും നെതർലൻഡ്‌സ് 3-4-1-2 ഫോർമേഷനിലുമാണ് കളത്തിലെത്തിയത്. ആറാം മിനിറ്റിൽ തന്നെ നെതർലൻഡ്സ് മുന്നിലെത്തി. കോഡി ഗാക്പോയുടെ കിടിലൻ ഗോളിലാണ് ഡച്ച് ടീം ലീഡെടുത്തത്. ഓറഞ്ചുപടയുടെ മുന്നേറ്റത്തിനൊടുവിൽ ഡിഫ്ളക്റ്റായ ഒരു പാസ് പിടിച്ചെടുത്ത് ഡേവി ക്ലാസൻ നൽകിയ പന്ത് തകർപ്പനൊരു ഇടംകാലനടിയിലൂടെ ഗാക്പോ വലയിലെത്തിക്കുകയായിരുന്നു. പന്തു ലഭിച്ചതിനു പിന്നാലെ ഇടത്തേക്കു ചുവടുവച്ച താരം ഇടത്തേക്കാൽ കൊണ്ടു ഇക്വഡോർ പോസ്റ്റിന്റെ ടോപ് കോർണറിലേക്കു പന്തെത്തിച്ചു.



ഗോൾ വീണതോടെ ഇക്വഡോർ ഉണർന്നു, ആക്രമണങ്ങൾ ശക്തമായി. ആഞ്ജലോ പ്രെസിയാഡോ പലപ്പോഴും ഡച്ച് ബോക്സിൽ പ്രതിസന്ധി സൃഷ്ടിച്ചു. ഇത്തരമൊരു മുന്നേറ്റത്തിൽ 11-ാം മിനിറ്റിൽ ഇക്വഡോറിന് മികച്ച ഒരു അവസരം ലഭിച്ചു. പ്രെസിയാഡോ ക്രോസ് ചെയ്ത് നൽകിയ പന്ത് പിയെറോ ഹിൻകാപി ഹെഡ്ചെയ്ത് എന്നെർ വലൻസിയക്ക് നൽകി. വലൻസിയയുടെ ഹാഫ് വോളി പക്ഷേ നഥാൻ അകെ ഹെഡ്ചെയ്തകറ്റുകയായിരുന്നു.

തുടർന്ന് 24-ാം മിനിറ്റിലും 28-ാം മിനിറ്റിലും ഇക്വഡോർ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അതെല്ലാം കൃത്യസമയത്ത് ഡച്ച് പ്രതിരോധം ക്ലിയർ ചെയ്തു. ഇതിനു പിന്നാലെ 32-ാം മിനിറ്റിൽ നെതർലൻഡ്സ് ഞെട്ടിയ നിമിഷമെത്തി. എന്നാൽ എന്നെർ വലൻസിയയുടെ കിടിലൻ ഷോട്ട് രക്ഷപ്പെടുത്തി ഡച്ച് ഗോളി ആൻഡ്രിസ് നൊപ്പേർട്ട് നെതർലൻഡ്സിന്റെ രക്ഷകനായി.

പിന്നാലെ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ പെർവിസ് എസ്റ്റുപ്പിയൻ പന്ത് വലയിലെത്തിച്ചെങ്കിലും ജാക്ക്സൺ പൊറോസോ ഓഫ്സൈഡ് പൊസിഷനിലാണെന്ന കാരണത്താൽ റഫറി ഗോൾ നിഷേധിച്ചത് ഇക്വഡോറിന് തിരിച്ചടിയായി. താരങ്ങൾ വാർ പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും റഫറി തയ്യാറായില്ല. ഇതോടെ ഓഞ്ച് പടയുടെ 1-0 മുൻതൂക്കത്തോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.

പക്ഷേ രണ്ടാം പകുതിയുടെ തുടക്കത്തിൽ വർധിതവീര്യത്തോടെ കളത്തിലിറങ്ങിയ ഇക്വഡോർ ടീമിനു മുന്നിൽ ഡച്ച് വിറയ്ക്കുകയായിരുന്നു. 49-ാം മിനിറ്റിൽ തന്നെ അവർ ഗോൾമടക്കി. ഡച്ച് ടീമിന്റെ ഒരു പ്രതിരോധപ്പിഴവിൽ നിന്ന് പന്ത് റാഞ്ചി മുന്നേറിയ എസ്റ്റുപ്പിയന്റെ ഷോട്ട് കീപ്പർ നൊപ്പേർട്ട് തട്ടിയകറ്റിയെങ്കിലും റീബൗണ്ട് വന്ന പന്ത് പിന്നാലെയെത്തിയ എന്നെർ വലൻസിയ ടാപ് ചെയ്ത് വലയിലാക്കുകയായിരുന്നു.ഈ ലോകകപ്പിൽ വലൻസിയയുടെ മൂന്നാം ഗോളാണിത്. ലോകകപ്പുകളിൽ ഇക്വഡോറിന്റെ അവസാന ആറ് ഗോളുകളും സ്‌കോർ ചെയ്തത താരമെന്ന നേട്ടവും ഇതോടെ വലൻസിയ സ്വന്തമാക്കി.



വലൻസിയയും ഗോൺസാലോ പ്ലാറ്റയും പ്രെസിയാഡോയുമെല്ലാം നിരന്തരം ഡച്ച് ബോക്സിലേക്ക് അറ്റാക്കിങ് റണ്ണുകൾ നടത്തി. ഇക്വഡോർ ആക്രമണം ശക്തമാക്കിയതോടെ നെതർലൻഡ്സ് പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഡച്ച് ഗോളി നൊപ്പേർട്ടിന് മത്സരത്തിലുടനീളം പിടിപ്പത് പണിയായിരുന്നു.

59-ാം മിനിറ്റിൽ ഇക്വഡോർ വീണ്ടും ഗോളിനടുത്തെത്തി. ഇത്തവണ പ്രെസിയാഡോയുടെ ക്രോസിൽ നിന്നുള്ള വലൻസിയയുടെ ഷോട്ട് വാൻഡൈക്ക് തടഞ്ഞെങ്കിലും ഇതിനു പിന്നാലെ പന്ത് ലഭിച്ച പ്ലാറ്റയുടെ ഗോളെന്നുറച്ച ഷോട്ട് ബാറിലിടിച്ച് തെറിക്കുകയായിരുന്നു. 15 ഷോട്ടുകളാണ് ഇക്വഡോർ മത്സരത്തിലുടനീളം ഗോളിലേക്ക് തൊടുത്തത്. മറുവശത്ത് വെറും രണ്ട് ഷോട്ടുകൾ മാത്രമായിരുന്നു നെതർലൻഡ്സിന്റെ കണക്കിൽ.

പിന്നീടൊരിക്കലും കാര്യമായ മുന്നേറ്റങ്ങളൊരുക്കാൻ നെതർലൻഡ്സിന് സാധിച്ചില്ല. ഇതിനിടെ 90-ാം മിനിറ്റിൽ പരിക്കേറ്റ വലൻസിയ മടങ്ങിയത് ഇക്വഡോറിന് ചെറിയ ആശങ്കയ്ക്കുള്ള വകയായി. വലൻസിയ മടങ്ങിയ ശേഷമുള്ള ആറ് മിനിറ്റ് അധികസമയത്ത് പോലും ഇക്വഡോർ ആക്രമണങ്ങളുടെ മൂർച്ച കുറഞ്ഞില്ല. 90 മിനുറ്റും ആറ് മിനുറ്റ് അധികസമയത്തും ഇരു ടീമിനും വിജയഗോൾ പക്ഷേ കണ്ടെത്താനായില്ല.

നേരത്തെ ഗ്രൂപ്പ് എയിലെ ഏറ്റവും നിർണായക പോരാട്ടത്തിൽ സെനഗലിന്റെ സർവ്വം മറന്നുള്ള പോരാട്ട വീര്യത്തെ അതിജീവിച്ച് നെതർലാൻഡ്‌സ് ആദ്യ ജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ജയം. സമനില ഏതാണ്ട് ഉറപ്പിച്ച കളിയുടെ രണ്ടാം പകുതിയുടെ അവസാനം വീണ ഗോളുകളിൽ ആഫ്രിക്കൻ കരുത്തിനെ ഡച്ച് പട മറികടക്കുകയായിരുന്നു. രണ്ടാപകുതിയിൽ 84-ാം മിനുറ്റിൽ കോടി ഗ്യാപ്‌കോയും ഇഞ്ചുറിടൈമിൽ(90+9) ഡാവി ക്ലാസനുമാണ് ഓറഞ്ചുപടയ്ക്കായി ഗോളുകൾ നേടിയത്.