ദോഹ: ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായിട്ടെയുള്ളു. കിരീട മോഹവുമായെത്തിയ ബ്രസീലും ഫ്രാൻസുമടക്കം പ്രമുഖ ടീമുകളിലെ താരങ്ങളുടെ പരിക്ക് ആശങ്ക ഉയർത്തുന്നുണ്ട്. സെർബിയയ്ക്ക് എതിരായ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ബ്രസീലിയൻ ഇതിഹാസ താരം നെയ്മർക്ക് പിന്നാലെ പ്രതിരോധ താരം ഡാനിലോയ്ക്കും സ്വിറ്റ്‌സർലൻഡിനെതിരായ കാനറികളുടെ അടുത്ത മത്സരം നഷ്ടമാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സെർബിയക്കെതിരായ മത്സരത്തിലാണ് ഇരുവർക്കും പരിക്കേറ്റത്.

'വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നെയ്മറെയും ഡാനിലോയേയും എംആർഐ സ്‌കാനിംഗിന് വിധേയരാക്കി. ഇരുവരുടെയും കാൽക്കുഴയിലെ ലിഗമെന്റിന് പരിക്കുണ്ട്. അടുത്ത മത്സരം എന്തായാലും നെയ്മർക്കും ഡാനിലോയ്ക്കും നഷ്ടമാകും. വീണ്ടും ലോകകപ്പിൽ കളിക്കുന്നതിനായി ഇരു താരങ്ങളും ചികിൽസയ്ക്ക് വിധേയരാകും' എന്നും ബ്രസീലിയൻ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

സെർബിയൻ പ്രതിരോധ താരം നിക്കോള മിലങ്കോവിച്ചിന്റെ ടാക്ലിംഗിൽ പരിക്കേറ്റ നെയ്മർ 10 മിനുറ്റ് മൈതാനത്ത് തുടർന്ന ശേഷം 79-ാം മിനുറ്റിൽ കളംവിടുകയായിരുന്നു. മത്സരത്തിൽ ഒൻപത് തവണ ഫൗളിന് വിധേയനായ നെയ്മർ മുടന്തിയാണ് ഡഗൗട്ടിലേക്ക് മടങ്ങിയത്. ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ റൗണ്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ തവണ ഫൗൾ ചെയ്യപ്പെട്ട താരം നെയ്മറാണ്. നെയ്മർ ലോകകപ്പിൽ തുടർന്നും കളിക്കും എന്ന പ്രതീക്ഷ ബ്രസീലിയൻ പരിശീലകൻ ടിറ്റെ മത്സര ശേഷം പങ്കുവെച്ചിരുന്നു. നെയ്മർക്ക് സമാനമായി ഡാനിലോയും പരിക്കേറ്റ ശേഷം മൈതാനത്ത് മുടന്തി കളിക്കുന്നത് കാണാമായിരുന്നു.

ഗ്രൂപ്പ് ജിയിൽ ആദ്യ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാനറികൾ തോൽപിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോൽപിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയൻ മോഹങ്ങൾക്ക് നെയ്മറുടെയും ഡാനിലോയുടേയും പരിക്ക് തിരിച്ചടിയാവും. ടീമിൽ പകരക്കാർ ഏറെയുണ്ടെങ്കിലും അറ്റാക്കിങ് മിഡ്ഫീൾഡറും പ്ലേമേക്കറുമായി കളിക്കുന്ന നെയ്മറുടെ അഭാവം നികത്താൻ ടിറ്റെ പാടുപെടും. സ്വിറ്റ്‌സർലൻഡിന് പിന്നാലെ കാമറൂണുമായും ബ്രസീലിന് മത്സരം അവശേഷിക്കുന്നുണ്ട്. 28-ാം തിയതിയാണ് സ്വിസിനെതിരായ മത്സരം.

100 ശതമാനം ശാരീരിക ക്ഷമതയോടെ നെയ്മറെ തങ്ങൾക്ക് വേണമെന്നാണ് സെർബിയക്കെതിരായ മത്സരത്തിൽ ബ്രസീലിനായി സ്‌കോർ ചെയ്ത റിച്ചാലിസൺ പറഞ്ഞത്. .നെയ്മറെ പിൻവലിച്ച് ബ്രസീൽ ആന്റണിയെ കളത്തിലിറക്കുകയായിരുന്നു. രണ്ടാം മത്സരത്തിൽ നെയ്മറിന്റെ പകരക്കാരൻ ആരാകുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.