- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'എന്നെ കീഴ്‌പ്പെടുത്താൻ ഏറെക്കാലമായി ശ്രമിക്കുന്നു; പക്ഷേ ഞാൻ തളരില്ല; ദൈവത്തിന്റെ മകനാണ് ഞാൻ; തിരിച്ചുവരാനാകുമെന്ന വിശ്വാസമുണ്ട്'; ബ്രസീൽ ആരാധകരെ ആശ്വസിപ്പിക്കുന്ന കുറിപ്പുമായി സൂപ്പർതാരം നെയ്മർ
ദോഹ: ഖത്തർ ലോകകപ്പിൽ സെർബിയയ്ക്ക് എതിരായ ആദ്യ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് സ്വിറ്റ്‌സർലൻഡിന് എതിരായ അടുത്ത മത്സരത്തിൽ കളിക്കില്ലെന്ന് ഉറപ്പായതിന് പിന്നാലെ ആരാധകരെ ആശ്വസിപ്പിക്കുന്ന കുറിപ്പുമായി ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിത്. വീണ്ടും ലോകകപ്പിൽ തന്നെ തനിക്ക് പരിക്കേറ്റിരിക്കുകയാണെന്ന സങ്കടവും നെയ്മർ പങ്കുവെച്ചു. എന്നാൽ വീണ്ടും ടൂർണമെന്റിലേക്ക് തിരിച്ചുവരാനാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ടീമിനും സഹതാരങ്ങൾക്കും തനിക്കും ഏറ്റവും മികച്ച കാര്യം ചെയ്യാനാകുമെന്നും സൂപ്പർ താരം പ്രത്യാശ പ്രകടിപ്പിച്ചു.
മുമ്പ് 2014 ലോകകപ്പിൽ കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ നെയ്മറിന് പരിക്കേറ്റിരുന്നു. തുടർന്ന് താരം പുറത്താകുകയും പിന്നീട് ജർമനിക്കെതിരെ ഏഴു ഗോളുകൾക്ക് ബ്രസീൽ പരാജയപ്പെടുകയും ചെയ്തിരുന്നു.
ബ്രസീലിനെ പ്രതിനിധീകരിക്കുന്നതിലുള്ള അഭിമാനവും താരം ഫേസ്‌ബുക്ക് പോസ്റ്റിൽ പങ്കുവെച്ചു. ബ്രസീൽ ജഴ്സിയണിയുന്നതിലുടെ തനിക്ക് ലഭിക്കുന്ന അഭിമാനവും സ്നേഹവും വിശദീകരിക്കാനാകില്ലെന്നും ജന്മരാജ്യം തിരഞ്ഞെടുക്കാൻ ദൈവം അവസരം തന്നാൽ ബ്രസീലിനെ തന്നെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോളുകളാകട്ടെ, സ്വപ്നങ്ങളാകട്ടെ ജീവിതത്തിൽ നേടിയതെല്ലാം കഠിനാധ്വാനത്തിലുടെ കൈവശപ്പെടുത്തിയതാണെന്നും നെയ്മർ കുറിച്ചു. ഖത്തർ ലോകകപ്പിൽ സെർബിയക്കെതിരെ നടന്ന ബ്രസീലിന്റെ ആദ്യ മത്സരത്തിലാണ് നെയ്മറിന് പരിക്കേറ്റത്.
നെയ്മറുടെ ഫേസ്‌ബുക്ക് പോസ്റ്റ്
ബ്രസീലിന്റെ മഞ്ഞക്കുപ്പായം അണിയുന്നതിലുള്ള അഭിമാനവും ഇഷ്ടവും വിവരണാതീതമാണ്. ജനിക്കാനായി ഒരു രാജ്യം തെരഞ്ഞെടുക്കാൻ ദൈവം ആവശ്യപ്പെട്ടാൽ ബ്രസീൽ എന്ന് ഞാൻ മറുപടി നൽകും. എന്റെ ജീവിതത്തിൽ ഒന്നും എളുപ്പമായിരുന്നില്ല. എനിക്കെപ്പോഴും എന്റെ സ്വപ്‌നങ്ങൾ പിന്തുടരണമായിരുന്നു, ഗോളുകൾ നേടണമായിരുന്നു. എന്റെ കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിത്. അതും വീണ്ടും ലോകകപ്പിൽ. എനിക്ക് പരിക്കുണ്ട്, അതെന്നെ അസ്വസ്തനാക്കുന്നു. എന്നാൽ എനിക്ക് തിരിച്ചുവരാനാകുമെന്ന വിശ്വാസമുണ്ട്. കാരണം ഞാൻ എന്റെ രാജ്യത്തെയും സഹതാരങ്ങളെയും എന്നെത്തന്നേയും സഹായിക്കാൻ എല്ലാവിധ പരിശ്രമവും നടത്തും. എന്നെ കീഴ്‌പ്പെടുത്താൻ ഏറെക്കാലമായി ശ്രമിക്കുന്നു. പക്ഷേ ഞാൻ തളരില്ല. അസാധ്യമായ ദൈവത്തിന്റെ മകനാണ് ഞാൻ. എന്റെ വിശ്വാസം അനന്തമാണ്.
ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ സെർബിയൻ പ്രതിരോധ താരം നിക്കോള മിലങ്കോവിച്ചിന്റെ ടാക്ലിംഗിലാണ് നെയ്മറുടെ കാൽക്കുഴയ്ക്ക് പരിക്കേറ്റത്. നെയ്മറെ എംആർഐ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. നെയ്മർക്ക് പുറമെ പ്രതിരോധ താരം ഡാനിലോയ്ക്കും 28-ാം തിയതി സ്വിറ്റ്‌സർലൻഡിന് എതിരായ മത്സരം നഷ്ടമാകും. ആദ്യ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാനറികൾ തോൽപിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോൽപിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയൻ മോഹങ്ങൾക്കാണ് നെയ്മറുടെ പരിക്ക് തിരിച്ചടി നൽകുന്നത്. ഇതിന് പിന്നാലെ കാമറൂണുമായും ബ്രസീലിന് മത്സരമുണ്ട്.
സ്പോർട്സ് ഡെസ്ക്