ദോഹ: ഖത്തർ ലോകകപ്പിൽ ഇംഗ്ലണ്ട് - യുഎസ്എ പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾ രഹിതം. ഇംഗ്ലണ്ട്, യുഎസ് താരങ്ങൾ ഒട്ടേറെ ഗോളവസരങ്ങൾ പലതു സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇംഗ്ലണ്ട് ആക്രമണങ്ങൾ കടുപ്പിച്ചതോടെ പിന്നോട്ടിറങ്ങി പ്രതിരോധിക്കാനുള്ള യുഎസിന്റെ ഗെയിംപ്ലാൻ ഫലം കണ്ടു. എന്നാൽ ലഭിച്ച അവസരങ്ങളിൽ കൗണ്ടർ അറ്റാക്കുകളിലൂടെ അവർ ഇംഗ്ലണ്ട് ഗോൾമുഖം വിറപ്പിക്കുകയും ചെയ്തു.

മത്സരത്തിന്റെ തുടക്കത്തിൽ യുഎസ് ബോക്സിലേക്ക് നിരന്തരം ഇംഗ്ലണ്ടിന്റെ ആക്രമണങ്ങളായിരുന്നു. ഒമ്പതാം മിനിറ്റിൽ തന്നെ അവർ ആദ്യ അവസരവും സൃഷ്ടിച്ചു. ഒരു അറ്റാക്കിങ് റണ്ണിനൊടുവിൽ സ്റ്റെർലിങ്ങിൽ നിന്ന് പന്ത് ബെല്ലിങ്ങാമിലേക്ക്. ബെല്ലിങ്ങാം നൽകിയ പന്ത് സാക്കയിൽ നിന്ന് ബോക്സിലുള്ള ഹാരി കെയ്നിലേക്ക്. എന്നാൽ കെയ്നിന് ഷോട്ടെടുക്കാനുള്ള അവസരം നൽകാതെ വാക്കർ സിമ്മർമാന്റെ നിർണായക ഇടപെടൽ അപകടമൊഴിവാക്കി.

11ാം മിനിറ്റിൽ ഇംഗ്ലണ്ട് താരം കീറൻ ട്രിപ്പിയർ എടുത്ത കോർണറിൽ മേസൺ മൗണ്ട് ബോക്‌സിനു പുറത്തുനിന്ന് എടുത്ത ഷോട്ട് യുഎസ് പോസ്റ്റിൽ ഭീഷണിയാകാതെ പുറത്തുപോയി. ബുകായോ സാകയെ ലക്ഷ്യമിട്ട് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ നൽകിയ പാസ് യുഎസ് പ്രതിരോധിച്ചു. 16ാം മിനിറ്റിൽ ലൂക്ക് ഷോയുടെ ഇടം കാൽ ഷോട്ട് യുഎസ് ഗോളി മാറ്റ് ടേണർ അനായാസം പിടിച്ചെടുത്തു.

17ാം മിനിറ്റിലാണ് ഇംഗ്ലണ്ട് ബോക്‌സിൽ യുഎസിന് ആദ്യ അവസരം ലഭിക്കുന്നത്. വെസ്റ്റൻ മക്കെന്നിയുടെ ക്രോസിൽ ഹജി റൈറ്റിന്റെ ശ്രമം. ഇംഗ്ലിഷ് താരം ഹാരി മഗ്വയർ ഹെഡ് ചെയ്തു രക്ഷപെടുത്തുന്നു. ആദ്യപകുതിയിൽ തന്നെ സാവധാനം യുഎസ് താളം കണ്ടെത്തി.

26-ാം മിനിറ്റിൽ തിമോത്തി വിയയുടെ ക്രോസിൽ നിന്നുള്ള അവസരം വെസ്റ്റൺ മക്കെന്നി പുറത്തേക്കടിച്ചുകളഞ്ഞു. 32-ാം മിനിറ്റിൽ ഇംഗ്ലണ്ട് ഞെട്ടിയ നിമിഷമെത്തി. മക്കെന്നിയും മൂസയും ചേർന്നുള്ള ഒരു അറ്റാക്കിങ് റണ്ണിനൊടുവിൽ പന്ത് ലഭിച്ച പുലിസിച്ചിന്റെ ഷോട്ട് ബാറിലിടിച്ച് മടങ്ങുകയായിരുന്നു. 30ാം മിനിറ്റിനു ശേഷം ഇംഗ്ലണ്ടിനു സമാനമായി തുടർ മുന്നേറ്റങ്ങൾ യുഎസിൽനിന്നും ഉണ്ടായി. എന്നാൽ ഗോൾ മാത്രം അകന്നുനിന്നു.