- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഇറാനെതിരെ ഗോൾമഴ, അമേരിക്കൻ പ്രതിരോധത്തിന് മുന്നിൽ കവാത്ത് മറന്ന് ഇംഗ്ലീഷ് പട; ഒരു ഗോൾ പോലും നേടാനാവാതെ ഹാരി കെയ്‌നും സംഘവും; കൗണ്ടർ അറ്റാക്കുകളിലൂടെ ഇംഗ്ലണ്ട് ഗോൾമുഖം വിറപ്പിച്ച് പുലിസിച്ചും വിയ്യയും; ഗാരെത് സൗത്ത്ഗേറ്റിന്റെ വമ്പന്മാരെ ഗോൾരഹിത സമനിലയിൽ തളച്ച് യുഎസ്എ
ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ബിയിലെ ആദ്യ പോരാട്ടത്തിൽ ഇറാനെതിരെ ഗോൾമഴ വർഷിച്ച ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ കുരുക്കി യുഎസ്എ. ഒരു ഗോൾ പോലും നേടാനാവാതെ ഹാരി കെയ്‌നും സംഘവും ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു. അതേസമയം കഴിഞ്ഞ മത്സരത്തിൽ വെയ്ൽസിനോട് 1-1ന്റെ സമനിലയിൽ കുരുങ്ങിയ യുഎസ്എ വീണ്ടും സമനിലയിൽ പാലിച്ചു. ബി ഗ്രൂപ്പിൽ ഇരു ടീമുകളും ഓരോ പോയിന്റു വീതം പങ്കിട്ടെടുത്തു.
ഇംഗ്ലണ്ട്, യുഎസ് താരങ്ങൾ ഗോളവസരങ്ങൾ പലതു സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ആദ്യ മത്സരത്തിൽ ഇറാനെ തകർത്തുവിട്ട അതേ ടീമുമായാണ് ഇംഗ്ലണ്ട് യുഎസിനെയും നേരിടാനിറങ്ങിയത്. പക്ഷേ ഇറാനെതിരെ ഗോളുകൾ വർഷിച്ച മുന്നേറ്റനിര യുഎസ് പ്രതിരോധത്തിൽതട്ടി തരിപ്പണമായി.
ഹാരി കെയ്ൻ, ബുക്കായോ സാക്ക, മേസൺ മൗണ്ട്, റഹീം സ്റ്റെർലിങ്, ആക്രമണത്തിന് വമ്പന്മാരെ കളത്തിലിറക്കിയിട്ടും ഗാരെത് സൗത്ത്ഗേറ്റിന്റെ തന്ത്രങ്ങൾ അമേരിക്കൻ പ്രതിരോധക്കോട്ട ഭേദിക്കാൻ പോന്നതായിരുന്നില്ല. പ്രതിരോധത്തിന്റെ സകലഭാവങ്ങളും പുറത്തെടുത്ത യുഎസിന്റെ ബോക്‌സ് വരെയെത്തി ഗോൾപോസ്റ്റ് കണ്ട് ഇംഗ്ലണ്ട് പട മടങ്ങി. പലതവണ. 90 മിനിറ്റും അധികം ലഭിച്ച നാല് മിനിറ്റും അവസാനിച്ചപ്പോൾ കരുത്തർക്കെതിരേ കരുത്ത് കാട്ടി ജയത്തിന് തുല്യമായ സമനില അമേരിക്ക പിടിച്ചുവാങ്ങി.
ആദ്യകളിയിൽ ഇറാനെതിരേ നേടിയ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇംഗ്ലണ്ടിനെതിരേ കൃത്യമായി ഗൃഹപാഠം ചെയ്താണ് യുഎസ് ഇറങ്ങിയത്. ഫൈനൽതേർഡിലെ ഇംഗ്ലീഷ് ശ്രമങ്ങളെല്ലാം വിഫലമാക്കിയ യുഎസിന്റെ പ്രതിരോധമാണ് മത്സരത്തിലെ കൈയടിക്ക് അർഹർ. എന്നാൽ മറുവശത്ത് ആക്രമണങ്ങളിലും യുഎസ് ഒട്ടും മോശമാക്കിയില്ല. ബാറിൽ തട്ടിത്തെറിച്ച ക്രിസ്റ്റിയൻ പുലിസിച്ചിന്റെ ശ്രമമടക്കം നിരവധി അവസരങ്ങൾ സൃഷ്ടിക്കാനും യുഎസ് ടീമിനായി.
ഇംഗ്ലണ്ട് കൂടുതൽ സമയം പന്ത് കാൽക്കൽ സൂക്ഷിച്ചിട്ടും യുഎസ്എ കൂടുതൽ ആക്രമിച്ച് കളിക്കുകയായിരുന്നു ആദ്യപകുതിയിൽ. പക്ഷേ 45 മിനുറ്റുകളിലും ഒരു മിനുറ്റ് അധികസമയത്തും ഗോൾ പട്ടിക തുറന്നില്ല. ഇംഗ്ലണ്ട് അഞ്ചും യുഎസ്എ ആറും ഷോട്ടുകൾക്ക് ശ്രമിച്ചു.
യൂറോപ്യൻ ലീഗുകളിലെ പരിചയത്തിന്റെ കരുത്തിൽ ക്രിസ്റ്റ്യൻ പുലിസിച്ചും തിമോത്തി വിയ്യയും സെർജിനോ ഡസ്റ്റുമെല്ലാം അപ്രതീക്ഷിത ആക്രമണങ്ങളുമായി ഇംഗ്ലണ്ടിനെ വിറപ്പിച്ചു. പുലിസിച്ചിന്റെ ശ്രമങ്ങൾ നേരിയ വ്യത്യാസത്തിൽ പുറത്തുപോയിരുന്നില്ലെങ്കിൽ ആദ്യപകുതിയിൽ ഇംഗ്ലണ്ട് പിന്നിലായേനേ.
മത്സരത്തിന്റെ തുടക്കം മുതൽ യുഎസ് ബോക്സിലേക്ക് നിരന്തരം ഇംഗ്ലണ്ടിന്റെ ആക്രമണങ്ങളായിരുന്നു. ഒമ്പതാം മിനിറ്റിൽ തന്നെ അവർ ആദ്യ അവസരവും സൃഷ്ടിച്ചു. ഒരു അറ്റാക്കിങ് റണ്ണിനൊടുവിൽ സ്റ്റെർലിങ്ങിൽ നിന്ന് പന്ത് ബെല്ലിങ്ങാമിലേക്ക്. ബെല്ലിങ്ങാം നൽകിയ പന്ത് സാക്കയിൽ നിന്ന് ബോക്സിലുള്ള ഹാരി കെയ്നിലേക്ക്. എന്നാൽ കെയ്നിന് ഷോട്ടെടുക്കാനുള്ള അവസരം നൽകാതെ വാക്കർ സിമ്മർമാന്റെ നിർണായക ഇടപെടൽ അപകടമൊഴിവാക്കി.
16ാം മിനിറ്റിൽ ലൂക്ക് ഷോയുടെ ഇടം കാൽ ഷോട്ട് യുഎസ് ഗോളി മാറ്റ് ടേണർ അനായാസം പിടിച്ചെടുത്തു. 17ാം മിനിറ്റിലാണ് ഇംഗ്ലണ്ട് ബോക്‌സിൽ യുഎസിന് ആദ്യ അവസരം ലഭിക്കുന്നത്. വെസ്റ്റൻ മക്കെന്നിയുടെ ക്രോസിൽ ഹജി റൈറ്റിന്റെ ശ്രമം. ഇംഗ്ലിഷ് താരം ഹാരി മഗ്വയർ ഹെഡ് ചെയ്തു രക്ഷപെടുത്തി. ആദ്യപകുതിയിൽ തന്നെ സാവധാനം യുഎസ് താളം കണ്ടെത്തി. 30ാം മിനിറ്റിനു ശേഷം ഇംഗ്ലണ്ടിനു സമാനമായി തുടർ മുന്നേറ്റങ്ങൾ യുഎസിൽനിന്നും ഉണ്ടായി.
രണ്ടാം പകുതിയുടെ തുടക്കം മുതൽ ഗോൾ നേടാനുള്ള തുടർച്ചയായ ശ്രമങ്ങൾ യുഎസ് മുന്നേറ്റനിര പുറത്തെടുത്തു. ഇതോടെ ഇംഗ്ലണ്ട് കൂടുതൽ സമ്മർദത്തിലുമായി. 69ാം മിനിറ്റിൽ റഹീം സ്റ്റെർലിങ്, ജൂഡ് ബെല്ലിങ്ങാം എന്നിവരെ പിൻവലിച്ച് ഇംഗ്ലണ്ട് ജാക്ക് ഗ്രീലിഷിനെയും ഹെൻഡേഴ്‌സനെയും ഇറക്കി. മത്സരത്തിന്റെ അധിക സമയത്ത് ലൂക്ക് ഷോ എടുത്ത ഫ്രീകിക്ക് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ഹെഡ് ചെയ്‌തെങ്കിലും വലയിലെത്തിക്കാനായില്ല.
ആദ്യ മത്സരത്തിൽ വെയ്ൽസിനോട് സമനിലയിൽ പിരിഞ്ഞ യുഎസിന് നിലവിൽ രണ്ടു പോയിന്റുകൾ മാത്രമാണുള്ളത്. ആദ്യ മത്സരം ജയിച്ച ഇംഗ്ലണ്ടാകട്ടെ നാലു പോയിന്റുമായി ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുണ്ട്. ഡിസംബർ 30ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് വെയ്ൽസിനെയും യുഎസ് - ഇറാനെയും നേരിടും.
സ്പോർട്സ് ഡെസ്ക്