- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഹെഡറിലൂടെ മിച്ച് ഡ്യൂക്കിന്റെ വിജയഗോൾ; ഡെന്മാർക്കിനെ സമനിലയിൽ കുരുക്കിയ ടുണീഷ്യയെ വീഴ്ത്തി ഓസ്ട്രേലിയ; ആഫ്രിക്കൻ കരുത്തർക്കെതിരെ സോക്കറൂസിന്റെ ജയം മറുപടിയില്ലാത്ത ഒരു ഗോളിന്
ദോഹ: യൂറോപ്യൻ കരുത്തരായ ഡെന്മാർക്കിനെ സമനിലയിൽ തളച്ച ടൂണീഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഓസ്‌ട്രേലിയ. ഗ്രൂപ്പ് ഡിയിലെ നിർണായകമായ മത്സരത്തിൽ ആദ്യ പകുതിയിൽ ഓസ്‌ട്രേലിയ നേടിയ ഒരു ഗോളിന് മറുപടി കണ്ടെത്താൻ അവസാനം വരെ പൊരുതിയിട്ടും ടുണീഷ്യക്ക് സാധിച്ചില്ല. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ തോമസ് ഡ്യൂക്ക് ആണ് ഗോൾ നേടിയത്.
23-ാം മിനിറ്റിൽ ഹെഡറിലൂടെ മിച്ചൽ തോമസ് ഡ്യൂക്ക് ഓസ്‌ട്രേലിയയെ മുന്നിലെത്തിച്ചത് ടൂണീഷ്യയെ ഞെട്ടിച്ചു. ഗുഡ്‌വിന്റെ ഇടത് വശത്ത് നിന്നുള്ള കുതിപ്പാണ് ഓസ്‌ട്രേലിയക്ക് ഗോൾ സമ്മാനിച്ചത്. ബോക്‌സിലേക്കുള്ള ക്രോസ് ഒരു ഡിഫ്‌ളക്ഷനോടെ ഡ്യൂക്കിന്റെ തലപ്പാകത്തിന് എത്തിയപ്പോൾ ടൂണീഷ്യൻ ഗോളി നിസഹായനായിരുന്നു. ലോകകപ്പിൽ ഹെഡ്ഡറിലൂടെ ഗോൾ നേടുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയൻ താരമാണ് ഡ്യൂക്ക്. മുമ്പ് രണ്ട് വട്ടം ടിം കാഹിലാണ് ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് വേണ്ടി ഹെഡ്ഡർ ഗോൾ നേടിയിട്ടുള്ളത്.
ടുണീഷ്യക്കും മത്സരത്തിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. മത്സരത്തിലുടനീളം ടുണീഷ്യയുടെ നല്ല നീക്കങ്ങളെ ഓസ്ട്രേലിയൻ പ്രതിരോധം മുനയൊടിച്ചു. ഗോളടിച്ച ശേഷം ശക്തമായ പ്രതിരോധമാണ് ഓസ്ട്രേലിയ മുന്നോട്ടുവെച്ചത്. ഇതിനിടെ കൗണ്ടർ അറ്റാക്കിലൂടെ ലീഡുയർത്താനും ഓസ്ട്രേലിയ ശ്രമിച്ചു.
71ാം മിനിറ്റിൽ ലീഡുയർത്താനുള്ള സുവർണാവസരം ഓസ്ട്രേലിയ നഷ്ടപ്പെടുത്തുകയും ചെയ്തു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഗോൾ മടക്കാൻ ടുണീഷ്യ നിരന്തരം ആക്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
അവസാന നിമിഷങ്ങളിൽ രണ്ടും കൽപ്പിച്ച് ടൂണീഷ്യൻ താരങ്ങൾ ഓസ്‌ട്രേലിയൻ ബോക്‌സിലേക്ക് പാഞ്ഞെത്തി. ഫിനിഷിംഗിലെ പിഴവാണ് അവർക്ക് വിനയായത്. മികച്ച പാസുകളിലൂടെയും റണ്ണുകളിലൂടെയും ബോക്‌സിലേക്ക് എത്തുമെങ്കിലും മിക്ക ഷോട്ടുകളും ഓസ്‌ട്രേലിയയുടെ ഗോൾ കീപ്പർ റയാന്റെ കൈകളിലേക്കാണ് പന്ത് പറത്തി നൽകിയത്.
കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസിൽ നിന്ന് കനത്ത പരാജയം ഏറ്റുവാങ്ങിയ (1 - 4) ഓസ്‌ട്രേലിയ തുടക്കം മുതൽ ടുണീഷ്യയുടെ ഗോൾമുഖത്ത് സമ്മർദ്ദം ചെലുത്തിയിരുന്നു. ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷം ആക്രമിച്ച് കളിച്ച ടുണീഷ്യ നിർണായക പല അവസരങ്ങളും നഷ്ടപ്പെടുത്തിയത് വിനയായി.
രണ്ട് ടീമുകളും ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ ഓസ്ട്രേലിയക്ക് ഒരു ജയവും ഒരു തോൽവിയുമാണ് അക്കൗണ്ടിലുള്ളത്. ഇതോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള സാധ്യത അവർ സജീവമാക്കുകയും ചെയ്തു. ആദ്യമത്സരത്തിൽ സമനില നേടിയ ശേഷം തോൽവി വഴങ്ങിയ ടുണീഷ്യയുടെ മുന്നോട്ട്പോക്ക് പ്രതിരോധത്തിലാകുകയും ചെയ്തു.
സ്പോർട്സ് ഡെസ്ക്