ദോഹ: അർജന്റീനയെ അട്ടിമറിച്ചെത്തിയ സൗദി അറേബ്യയെ രണ്ടു ഗോളുകൾക്ക് കീഴടക്കി പോളണ്ട്. റോബർട്ട് ലെവൻഡോസ്‌കി ഒരു ഗോളും അസിസ്റ്റുമായി തിളങ്ങിയ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പോളണ്ടിന്റെ ജയം. പോളണ്ടിനായി പിയോറ്റർ സെലിൻസ്‌കി (39), ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്‌സ്‌കി (81) എന്നിവർ സ്‌കോർ ചെയ്തു. ചിട്ടയായ കൈമാറ്റവും ചടുലനീക്കങ്ങളുമായി പോളിഷ് നിരയെ വിറപ്പിച്ച ശേഷമാണ് സൗദി പൊരുതി കീഴടങ്ങിയത്.

അർജന്റീനയെ തോൽപ്പിച്ച അതേ പ്രകടനം സൗദി ആവർത്തിച്ചെങ്കിലും പ്രത്യാക്രമണത്തിലൂടെ പോളണ്ട് ജയം ഉറപ്പിക്കുകയായിരുന്നു. അർജന്റീനയ്ക്കെതിരെ സൗദി പ്രതിരോധം ശക്തിപ്പെടുത്തിയാണ് കളിച്ചിരുന്നത്. എന്നാൽ ഇത്തവണ ആക്രമിക്കാനും സൗദി മറന്നില്ല. മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ സൗദി ആക്രമണം തുടങ്ങി. 14-ാം മിനിറ്റിൽ ഒരു അവസരവും സൃഷ്ടിച്ചു. എന്നാൽ പോളിഷ് ഗോൾ കീപ്പർ ഷെസ്നി രക്ഷകനായി. 15-ാം മിനിറ്റിൽ യാക്കൂബ് കിവിയോറിന് മഞ്ഞകാർഡ് ലഭിച്ചു. പതിനാറാം മിനിറ്റിൽ മാറ്റി കാഷിനും മഞ്ഞ. 19-ാം മിനിറ്റിൽ അർക്കഡിയൂസ് മിലിക്കിനും മഞ്ഞ ലഭിച്ചു. പ്രതിരോധം കടുപ്പിച്ച് സൗദി പൊരുതിയതോടെ പോളണ്ടിന്റെ ആക്രമണങ്ങൾക്ക് കരുത്ത് കുറഞ്ഞു.

അർജന്റീനയെ വിറപ്പിച്ച സൗദി പ്രതിരോധക്കോട്ട ഒടുവിൽ പോളിഷ് മുന്നേറ്റത്തിന് മുന്നിൽ തകർന്നു. മുപ്പത്തിയൊൻപതാം മിനിറ്റി സെലിൻസ്‌കിയാണ് ആദ്യം നിറയൊഴിച്ചത്. സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്‌കിയുടെ പാസിൽ നിന്നാണ് ഗോൾ പിറന്നത്. പാസ് സ്വീകരിച്ച സിയെലെൻസ്‌കി തകർപ്പൻ ഫിനിഷിലൂടെ വലതുളച്ചു.

എൺപത്തിരണ്ടാം മിനിറ്റിൽ പ്രതിരരോധത്തിലെ പിഴ് പിടിച്ചെടുത്ത് ലെവൻഡോവസ്‌കി പട്ടിക തികയ്ക്കുകയും ചെയ്തു. ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിവെയ്ക്കുകയും ചെയ്ത ലെവൻഡോവ്സ്‌കിയാണ് മത്സരത്തിലെ ഹീറോ.



44ാം മിനിറ്റിൽ സൗദി താരം അൽ ഷെഹ്‌രിയെ പോളിഷ് താരം ക്രിസ്റ്റ്യൻ ബെയ്‌ലിക് ഫൗൾ ചെയ്തതിന് സൗദി അറേബ്യയ്ക്കു പെനൽറ്റി ലഭിച്ചു. വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിച്ചു പരിശോധിച്ച ശേഷമാണ് പെനൽറ്റി നൽകിയത്. അൽ ദാവരിയുടെ ഷോട്ട് പോളിഷ് ഗോളി വോജെച് സെസ്‌നി തടുത്തിട്ടു. റീബൗണ്ടിൽ മുഹമ്മദ് അൽ ബ്രെയ്കിന്റെ ഗോൾ ശ്രമവും പോളണ്ട് ഗോളി പരാജയപ്പെടുത്തി. ആദ്യ പകുതി അവസാനിക്കുമ്പോൾ ലീഡ് പോളണ്ടിന്.



ആദ്യ മത്സരത്തിൽ മെക്‌സിക്കോയോട് ഗോൾ രഹിത സമനില വഴങ്ങിയ പോളണ്ടിന് ഗ്രൂപ്പ് ഘട്ടം കടക്കണമെങ്കിൽ ഇന്നത്തെ കളിയിൽ ജയം അനിവാര്യമായിരുന്നു. അടുത്ത മത്സരത്തിൽ അർജന്റീനയെ തോൽപിച്ചാൽ പോളണ്ടിന് അനായാസം പ്രീക്വാർട്ടർ ഉറപ്പിക്കാം. ആദ്യ പകുതിയിൽ സൗദിയും പോളണ്ടും ഒപ്പത്തിനൊപ്പമുള്ള മത്സരമാണു കാഴ്ച വച്ചത്.



രണ്ടാം പാതിയിൽ ഗോൾ മടക്കാനുള്ള വാശിയോടെയാണ് സൗദി ഇറങ്ങിയത്. അവരുടെ ആക്രമണത്തിനും മൂർച്ചകൂടി. 56-ാം മിനിറ്റിൽ രണ്ടാംപാതിയിലെ ആദ്യ അവസരവും സൃഷ്ടിച്ചു. ബോക്സിനകത്തെ കൂട്ടപൊരിച്ചിലിനിടെ അൽ ദോസാറി നിലംപറ്റെ പായിച്ച ഷോട്ട് ഷെസ്നി കാലുകൾകൊണ്ട് തട്ടിയകറ്റി. 60-ാം മിനിറ്റിൽ ദോസാറി നൽകിയ ക്രോസ് അൽ ബിറകൻ ക്രോസ് ബാറിന് മുകളിലൂടെ പായിച്ചു.

64-ാം മിനിറ്റിൽ ലീഡ് നേടാൻ പോളണ്ടിനും അവസരം ലഭിച്ചു. മിലിക്ക് ഹെഡ്ഡർ ശ്രമം ക്രോസ് ബാറിൽ തട്ടിതെറിച്ചു. 78-ാം മിനിറ്റിൽ സൗദിക്ക് മറ്റൊരു അവസരം കൂടി. ബോക്സിന് പുറത്ത് നിന്ന് അൽ മാലിക്ക് നിലംപറ്റെ പായിച്ച ഷോട്ട് പോസ്റ്റിനരികിലൂടെ പുറത്തേക്ക്.

അവസാന മിനിറ്റുകളിൽ സൗദി പ്രതിരോധം പാളിയതോടെ പോളണ്ട് വീണ്ടും ഗോളടിച്ചു. 81-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി പോളണ്ടിനായി രണ്ടാം ഗോൾ നേടി. അദ്ദേഹത്തിന്റെ ആദ്യ ലോകകപ്പ് ഗോളായിരുന്നു അത്. പ്രതിരോധതാരം മാലിക്കിയുടെ പിഴവ് മുതലെടുത്ത് ലീഡുയർത്തി. 90-ാം മിനിറ്റിൽ ഒരിക്കൽകൂടി ലെവൻഡോവസ്‌കിയ്ക്ക് ഗോൾ നേടാമായിരുന്നു. ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ അദ്ദേഹം നടത്തിയ ചിപ്പ് ഗോൾശ്രമം ഫലം കണ്ടില്ല. സൗദി ചില ഒറ്റപ്പെട്ട ശ്രമങ്ങൾ നടത്തിയെങ്കിലും ഗോൾവര കടത്താനായില്ല. ജയത്തോടെ നാലു പോയിന്റുമായി സി ഗ്രൂപ്പിൽ പോളണ്ട് ഒന്നാമതെത്തി.