ദോഹ: ഒറ്റ ബൂട്ടിൽ വിശ്വാസമർപ്പിച്ചാണ് പോളണ്ട് ഇത്തവണ ഖത്തറിലേക്ക് വണ്ടികയറിയത്. നായകൻ റോബർട്ട് ലെവൻഡോവ്സ്‌കിയുടെ. പോളിഷുകാർക്ക് ഒമ്പതാംലോകകപ്പാണ് ഖത്തറിലേത്. 1974ലും 1982ലും മൂന്നാംസ്ഥാനം. 1938ലും 1986ലും പ്രീക്വാർട്ടർ. കഴിഞ്ഞതവണ ഗ്രൂപ്പ് ഘട്ടത്തിൽ മടങ്ങി. ഇത്തവണ മുന്നേറണമെങ്കിൽ ലെവൻഡോവ്സ്‌കി രക്ഷകനായി അവതരിക്കണം.

ആദ്യ മത്സരത്തിൽ മെക്‌സികോ ഗോൾ കീപ്പറിന് മുന്നിൽ പെനാൽറ്റി കിക്ക് തട്ടിത്തെറിച്ചപ്പോൾ ആരാധകർ ഞെട്ടിയിരുന്നു. ആ പിഴവിന് ലെവൻഡോവ്സ്‌കി പരിഹാരം കണ്ടെത്തിയിരിക്കുകയാണ് സൗദി അറേബ്യയ്ക്ക് എതിരായ മത്സരത്തിൽ. ഗോളും അസിസ്റ്റുമായി പോളണ്ടിന്റെ രക്ഷകനായത് ലെവൻഡോവ്സ്‌കിയായിരുന്നു.

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാൾ, ക്ലബ്ബിനും രാജ്യത്തിനുമായി അറുന്നൂറിലധികം ഗോളുകൾ, മികവിന്റെ അടയാളമായി ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരവും പോളണ്ട് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്‌കി നേടാത്ത അംഗീകാരങ്ങളില്ല.

ഫുട്ബോളിൽ പടവുകളോരോന്നായി കയറുമ്പോഴും ഫിഫ ലോകകപ്പിൽ ഇതുവരെ ഒരു ഗോളുപോലും നേടാനായിട്ടില്ല എന്ന വേദന അദ്ദേഹത്തിന്റെ മനസ്സിൽ എപ്പോഴും ഒരു വിങ്ങലായി അവശേഷിച്ചു. ഒടുവിൽ ആ വേദന ലെവൻഡോവ്സ്‌കി സന്തോഷമാക്കി മാറ്റി. ലോകകപ്പിലെ തന്റെ ആദ്യ ഗോൾ കുറിച്ചിരിക്കുകയാണ് സൂപ്പർതാരം.



സൗദി അറേബ്യയ്ക്കെതിരായ മത്സരത്തിനിടെ 82-ാം മിനിറ്റിലാണ് ലെവൻഡോവ്സ്‌കി ഗോളടിച്ചത്. മത്സരത്തിലുടനീളം തകർപ്പൻ പ്രകടനം പുറത്തെടുത്ത ലെവൻഡോവ്സ്‌കി സൗദി പ്രതിരോധതാരം അൽ മാലികിയുടെ കാലിൽ നിന്ന് പന്ത് റാഞ്ചി വലകുലുക്കുമ്പോൾ സ്റ്റേഡിയം ആർത്തിരമ്പി. പിന്നാലെ ലെവൻഡോവ്സ്‌കി ഗ്രൗണ്ടിൽ മുട്ടുകുത്തി പൊട്ടിക്കരഞ്ഞു. പോളിഷ് നായകനെ ആശ്വസിപ്പിക്കാൻ സഹതാരങ്ങൾ വന്ന് മൂടി. മെക്സിക്കോയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പാഴാക്കിയ നിർണായക പെനാൽറ്റി കിക്കിന്റെ കുറ്റബോധം മുഴുവൻ ഈ ഗോളിലൂടെ അദ്ദേഹം കഴുകിക്കളഞ്ഞു.

മത്സരത്തിൽ ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിവെയ്ക്കുകയും ചെയ്ത ലെവൻഡോവ്സ്‌കി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 39-ാം മിനിറ്റിൽ പിയോട്ടർ സിയെലിൻസ്‌കി ഗോളടിക്കുമ്പോൾ അതിന് വഴി വെച്ചത് ലെവൻഡോവ്സ്‌കിയുടെ ക്രോസാണ്. ഈ വിജയത്തോടെ പോളണ്ടിനെ നോക്കൗട്ട് റൗണ്ടിന്റെ അടുത്തെത്തിക്കാൻ ലെവൻഡോവ്സ്‌കിക്ക് സാധിച്ചു.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മെക്സിക്കോയ്ക്കെതിരേ ലെവൻഡോവ്സ്‌കി നിർണായകമായ പെനാൽട്ടി കിക്ക് പാഴാക്കിയിരുന്നു. ലെവൻഡോവ്സ്‌കിയിൽ നിന്ന് ഗോളിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ പ്രതീക്ഷയുടെ അമിതഭാരം പേറിയ ലെവന് മെക്സിക്കൻ ഗോൾകീപ്പർ ഒച്ചാവോയുടെ കാവൽ ഭേദിക്കാനായില്ല. പന്ത് ഒച്ചാവോ തട്ടിയകറ്റിയപ്പോൾ ഞെട്ടിയത് ലെവൻഡോവ്സ്‌കി മാത്രമല്ല ഫുട്ബോൾ ലോകം ഒന്നടങ്കമാണ്. ഏതായാലും ആ വലിയ പിഴവ് ഇന്ന് പലിശയടക്കം തിരുത്തിയിട്ടുണ്ട് സൂപ്പർ താരം. നായകനായി ടീമിനെ മുന്നിൽ നിന്ന് നയിച്ച ലെവൻഡോവ്സ്‌കി കറുത്ത കുതിരകളായി അർജന്റീനയെ അട്ടിമറിച്ചെത്തിയ സൗദി അറേബ്യയെ വീഴ്‌ത്തി ടീമിന് വലിയ കരുത്താണ് സമ്മാനിച്ചിരിക്കുന്നത്.

സൗദിക്കെതിരേ ഗോളടിച്ചതോടെ ലെവൻഡോവ്സ്‌കി ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കോഡിനൊപ്പമെത്തി. അന്താരാഷ്ട്ര ഫുട്ബോളിൽ ലെവൻഡോവ്സ്‌കി നേടുന്ന 77-ാം ഗോളാണിത്. ഇതോടെ താരം പെലെയുടെ റെക്കോഡിനൊപ്പമെത്തി. പെലെയ്ക്കും 77 ഗോളുകളാണുള്ളത്. ബ്രസീലിനായി 92 മത്സരങ്ങളിൽ നിന്നാണ് പെലെ 77 ഗോളടിച്ചത്. ലെവൻഡോവ്സ്‌കിയാകട്ടെ 136-ാം മത്സരത്തിൽ നിന്നാണ് 77 ഗോളടിച്ചത്. ഈ ഗോളോടെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ലെവൻഡോവ്സ്‌കി ആദ്യ പത്തിലിടം നേടി. അടുത്ത മത്സരത്തിൽ അർജന്റീനയാണ് പോളണ്ടിന്റെ എതിരാളികൾ. ഈ മത്സരത്തെ മറ്റൊരു തരത്തിൽ വിശേഷിപ്പിക്കാം... മെസ്സിയും ലെവൻഡോവ്സ്‌കിയും മുഖാമുഖം വരുന്ന മത്സരം...

സജീവ ഫുട്‌ബോളർമാരിൽ റൊണാൾഡോയും മെസ്സിയും മാത്രമേ മുപ്പത്തിനാലുകാരൻ ലെവൻഡോവ്‌സ്‌കിക്കു മുന്നിലുള്ളൂ. സ്പാനിഷ് ലീഗ് ഫുട്‌ബോളിൽ ബാർസിലോനയ്ക്കു വേണ്ടി വിയ്യാറയലിനെതിരെ 31ാം ആദ്യ ഗോൾ നേടിയാണ് ലെവൻഡോവ്‌സ്‌കി 600 ഗോൾ തികച്ചത്. ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനു വേണ്ടിയാണ് ലെവൻഡോവ്‌സ്‌കി കരിയറിലെ പകുതിയിലേറെയും ഗോൾ നേടിയത്; 375 മത്സരങ്ങളിൽ 344 ഗോളുകൾ. ബൊറൂസിയ ഡോർട്മുണ്ടിനു വേണ്ടി 186 കളികളിൽ 103 ഗോളുകൾ നേടി. പോളണ്ട് ക്ലബ്ബുകളായ ലെക് പൊഷ്‌നാനും നിക് പ്രുഷ്‌കോയ്ക്കും വേണ്ടി നേടിയത് യഥാക്രമം 41, 21 ഗോളുകൾ. പോളണ്ട് ദേശീയ ടീമിനു വേണ്ടി 136 മത്സരങ്ങളിൽ 77 ഗോളുകൾ നേടി. ഈ സീസണിൽ ബാർസയിലെത്തിയ ശേഷം നേടിയത് 16 ഗോളുകൾ. ലാ ലിഗയിൽ 9 ഗോളുകളുമായി ടോപ് സ്‌കോറർ പോരാട്ടത്തിൽ ഒന്നാമനുമാണ് ലെവൻഡോവ്‌സ്‌കി.