ദോഹ: ഖത്തർ ലോകകപ്പിൽ അർജന്റീനയെ അട്ടിമറിച്ച സൗദി അറേബ്യ ടീമംഗങ്ങൾക്ക് രാജകുടുംബം റോൾസ് റോയ്സ് സമ്മാനിക്കുമെന്ന വാർത്ത നിഷേധിച്ച് കോച്ച് ഹെർവ് റെനാഡും സ്ട്രൈക്കർ അൽ ഷെഹ്രിയും. ഇത് സത്യമല്ലെന്നും രാജ്യത്തെ പ്രതിനിധീകരിച്ചാണ് ഞങ്ങൾ ലോകകപ്പിൽ കളിക്കുന്നതെന്നും ഇത് തങ്ങളുടെ ഏറ്റവും വലിയ നേട്ടമാണെന്നും അൽ ഷെഹ്രി പ്രതികരിച്ചു.

ഒന്നിനെതിരേ രണ്ട് ഗോളിന് മെസ്സിയേയും സംഘത്തേയും വീഴ്‌ത്തിയ സൗദി ടീമിന് കോടികൾ വില മതിക്കുന്ന റോൾസ് റോയിസ് ഫാന്റം കാറുകളാണ് സമ്മാനമായി നൽകുകയെന്നാണ് റിപ്പോട്ടുകൾ പുറത്തുവന്നത്. ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ അത്യാഡംബര വാഹനമായ റോൾസ് റോയിസ് ഫാന്റത്തിന് 8.99 കോടി രൂപ മുതൽ 10.48 കോടി രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

സമ്മാനമായി എന്തെങ്കിലും സ്വീകരിക്കാനുള്ള സമയമല്ല ഇതെന്നും തങ്ങളുടെ ടീം വൺ ഹിറ്റ് വണ്ടറല്ലെന്നും കളിയെ കാര്യമായാണ് സമീപിക്കുന്നതെന്നും റെനാഡും വ്യക്തമാക്കി. പോളണ്ടിനെതിരായ മത്സരത്തിന് മുമ്പ് നടന്ന വാർത്താ സമ്മേളനത്തിനിടേയായിരുന്നു ഇരുവരുടേയും പ്രതികരണം.

അർജന്റീനയ്ക്കെതിരായ മത്സരം നിർബന്ധമായും കളിക്കേണ്ട മത്സരങ്ങളിൽ ഒന്നായിരുന്നെന്നും അന്നത്തെ വാർത്താസമ്മേളനം നിങ്ങൾ ഓർക്കുന്നുണ്ടോയെന്നും സൗദി കോച്ച് ചോദിച്ചു. ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാനത്തിൽ ഒന്നാമതായോ രണ്ടാമതായോ മാറുകയാണ് പ്രധാന കാര്യമെന്നും റെനാഡ് വ്യക്തമാക്കി. അനുഭവ സമ്പത്തിന്റെ കാര്യത്തിൽ ഗ്രൂപ്പിൽ ഏറ്റവും താഴ്ന്ന സ്ഥാനമാണ് ടീമിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അർജന്റീനയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ പ്രതിരോധ താരം യാസർ അൽ ഷെഹ്റാനിയേയും അദ്ദേഹം വാർത്താസമ്മേളനത്തിൽ പരാമർശിച്ചു. ഷഹ്റാനിയെ മിസ് ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ ഓർമകളിലാണ് ടീമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസിയുമായി കൂട്ടിയിടിച്ചാണ് അൽ ഷെഹ്റാനിക്ക് പരിക്കേറ്റത്. താരം അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി.

1994-ൽ നടന്ന വേൾഡ് കപ്പ് ഫുട്‌ബോൾ മത്സരത്തിൽ സൗദിക്ക് വേണ്ടി ഗോൾ നേടിയ സെയിദ് അൽ ഓവൈറാന് അന്നത്തെ സൗദി രാജാവ് റോൾസ് റോയിസ് കാർ സമ്മാനമായി നൽകിയിരുന്നു.