ദോഹ: ഗ്രൂപ്പ് ഡി യിലെ നിർണായക മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഓസ്‌ട്രേലിയ ടുണീഷ്യയെ വീഴ്‌ത്തിയത്. മത്സരത്തിലുടനീളം ടുണീഷ്യയുടെ നീക്കങ്ങളെ ഓസ്‌ട്രേലിയ പ്രതിരോധിച്ചു. 23-ാം മിനിറ്റിൽ മിച്ച് ഡ്യൂക്കാണ് ഓസ്‌ട്രേലിയുടെ വിജയഗോൾ നേടിയത്. സോക്കറൂസിന്റെ നോക്കൗട്ട് സാധ്യതകൾ സജീവമാക്കുന്നതായിരുന്നു ആ ഗോൾ.

മത്സരത്തിൽ മിച്ചൽ ഡ്യൂക്കിന്റെ തകർപ്പൻ ഹെഡ്ഡർ ഗോളിലൂടെയാണ് ഓസ്‌ട്രേലിയയുടെ വിജയം. ഗ്രേഗ് ഗുഡ്വിന്റെ ഷോട്ട് ഡിഫ്‌ളക്ടായി വന്ന ക്രോസിൽ നിന്ന് ഡ്യൂക്ക് ടുണീഷ്യൻ വല കുലുക്കുകയായിരുന്നു. ഇതോടെ ടിം കാഹിലിന് ശേഷം ഹെഡ്ഡറിലൂടെ ലോകകപ്പ് ഗോൾ നേടുന്ന രണ്ടാം ഓസ്‌ട്രേലിയൻ താരമായി മിച്ചൽ ഡ്യൂക്ക് മാറി. 2010ൽ സെർബിയക്കെതിരെയും 2014ൽ ചിലിക്കെതിരെയും ടിം കാഹിൽ ഹെഡ്ഡർ ഗോൾ നേടിയിരുന്നു. അൽജനൂബ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

ഗോൾ നേടിയതിന് ശേഷമുള്ള ഡ്യൂക്കിന്റെ ആഘോഷപ്രകടനം വ്യത്യസ്തമായിരുന്നു. കാണികൾക്ക് നേരേ ഓടിയടുത്ത ഡ്യൂക്ക് ഇംഗ്ലീഷ് അക്ഷരമാലയിലെ ജെ' എന്ന അക്ഷരം കൈ കൗണ്ട് ആംഗ്യം കാണിച്ചാണ് ഗോൾനേട്ടം ആഘോഷിച്ചത്. മകൻ ജാക്‌സണോടുള്ള സ്‌നേഹപ്രകടനത്തിന്റെ ഭാഗമായാണ് ഡ്യൂക്ക് ഇത്തരത്തിലുള്ള സെലിബ്രേഷൻ നടത്തിയത്.

ആ സമയം മകൻ ജാക്‌സൺ പിതാവിന്റെ കളി കണ്ടുകൊണ്ട് ഗാലറിയിലിരിക്കുകയായിരുന്നു. മകൻ ജാക്‌സണും അതേ ആംഗ്യം തിരിച്ചുകാണിച്ചു. ലോകകപ്പിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നായിരുന്നു അത്. മിച്ച് ഡ്യൂക്കിന്റെ രണ്ടുമക്കളും കളി കാണാൻ നേരത്തേ ദോഹയിലെത്തിയിരുന്നു.

ഫിഫ ലോകകപ്പിൽ ഓസ്‌ട്രേലിയ ഇതുവരെ ആകെ നേടിയത് മൂന്നു വിജയങ്ങളാണ്. മൂന്നും മൂന്ന് വൻകരകളിലെ ടീമുകൾക്കെതിരെ. ഇന്ന് ടുണീഷ്യയോട് ജയിച്ചതോടെ ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് വൻകരകളിലെ ടീമുകളെ തോൽപ്പിച്ച റെക്കോഡ് ടീമിനെ തേടിയെത്തി. അൾജീരിയയും ഇറാനും നേരത്തെ ഈ റെക്കോഡ് നേടിയ ടീമുകളാണ്.

2006 ലോകകപ്പിൽ ഓസ്‌ട്രേലിയ ജപ്പാനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. 2010 ലോകകപ്പിൽ സെർബിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും ടീം തോൽപ്പിച്ചു. ഇന്ന് ടുണീഷ്യയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഓസീസ് വീഴ്‌ത്തിയത്.

അതേസമയം, ടുണീഷ്യ തങ്ങളുടെ 17 ലോകകപ്പ് മത്സരങ്ങളിൽ ഒമ്പതിലും (53 ശതമാനം) ഗോൾ നേടാൻ കഴിയാത്ത ടീമായി. 1998ന് ശേഷം രണ്ടാം തവണയാണ് ആദ്യ രണ്ടു മത്സരങ്ങളിലും ടീമിന് ഗോളടിക്കാൻ കഴിയാതിരിക്കുന്നത്. ഇന്ന് നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ഓസ്േ്രടലിയ ഒരു ഗോളിനാണ് ആഫ്രിക്കൻ അറബ് ടീമിനെ തോൽപ്പിച്ചത്. ഒരു ആഫ്രിക്കൻ ടീമിനെ രണ്ടാം വട്ടമാണ് ഓസ്‌ട്രേലിയ ലോകകപ്പിൽ നേരിടുന്നത്. 2020 ലോകകപ്പിൽ ഘാനയുമായി നടന്ന മത്സരം 1-1 സമനിലയിലാണ് കലാശിച്ചത്.