ദോഹ: കരുത്തരായ ഡെന്മാർക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്‌ത്തി നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ലോകകപ്പ് പ്രീക്വാർട്ടറിൽ. സൂപ്പർ താരം എംബാപ്പേയുടെ ഇരട്ട ഗോളുകളാണ് ഫ്രാൻസിന് വിജയം സമ്മാനിച്ചത്. എംബപെ 61, 86 മിനിറ്റുകളിൽ ഫ്രാൻസിനായി ലക്ഷ്യം കണ്ടു. 68ാം മിനിറ്റിൽ ആൻഡ്രിയാസ് ക്രിസ്റ്റൻസെൻ ഡെന്മാർക്കിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. ജയത്തോടെ പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി ഫ്രാൻസ്.

മത്സരത്തിലൂട നീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. ഡെന്മാർക്ക് ഗോൾകീപ്പർ കാസ്പർ ഷ്മൈക്കേൽ മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയന്റാണ് ഫ്രാൻസിനുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് മൂന്ന് പോയന്റുള്ള ഓസ്ട്രേലിയയാണ് ഗ്രൂപ്പിൽ രണ്ടാമത്. ടുനീഷ്യയയ്‌ക്കെതിരായ മത്സരം സമനിലയിലായ ഡെന്മാർക്ക് തോൽവിയോടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ഗ്രൂപ്പിൽ നിന്ന് പ്രീക്വാർട്ടറിലേക്ക് കടക്കുന്ന രണ്ടാമത്തെ ടീമിനെ അവസാന മത്സരത്തിനുശേഷം മാത്രമേ വ്യക്തമാകൂ.

ഡെന്മാർക്കിന്റെ അതിവേഗ ആക്രമണങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. നേഷൻസ് ലീഗിൽ ഫ്രാൻസിനെ കെട്ടുക്കെട്ടിച്ചതിന്റെ എല്ലാ ആവേശവും ഡെന്മാർക്ക് കളത്തിൽ പുറത്തെടുത്തു. ഇതോടെ കളിയുടെ വേഗം കുറച്ച് പാസിംഗിലൂടെ പന്ത് കൂടുതൽ സമയം കൈവശം വയ്ക്കാൻ ഫ്രാൻസ് ആരംഭിച്ചു. എംബാപ്പെയിലൂടെയും ഡെംബെലയിലൂടെയും ഇരു വിംഗിലൂടെയും ആക്രമണങ്ങളും നടത്തി.

കൃത്യമായ പൊസിഷൻ ഉറപ്പാക്കി ഫ്രാൻസിന്റെ പിഴവുകൾ മുതലാക്കി കൗണ്ടർ അറ്റാക്ക് നടത്തുക എന്ന തന്ത്രമായിരുന്നു ഡെന്മാർക്കിന്റേത്. 10-ാം മിനിറ്റിൽ തിയോ ഇടതു വിംഗിൽ നിന്ന് ജുറൂദിനെ ലക്ഷ്യമാക്കി നൽകിയ ക്രോസ് അപകടം വിതയ്ക്കുമെന്ന് തോന്നിയെങ്കിലും ഡെന്മാർക്ക് രക്ഷപ്പെട്ടു.

20-ാം മിനിറ്റിൽ ഗ്രീസ്മാന്റെ ത്രൂ ബോളിലേക്ക് എംബാപ്പെ കുതിച്ചെത്തിയപ്പോൾ ക്രിസ്റ്റ്യൻസന് ഫൗൾ ചെയ്യുകയല്ലാതെ മറ്റ് നിവൃത്തിയില്ലായിരുന്നു. റഫറി ഡാനിഷ് ഡിഫൻഡർക്ക് മഞ്ഞക്കാർഡ് നൽകി. ഈ ഫൗളിന് ലഭിച്ച ഫ്രീകിക്ക് ഗ്രീസ്മാൻ വലതു വിംഗിൽ നിന്ന് ഡെംബലയിലേക്കാണ് നൽകിയത്. അളന്നു മുറിച്ച ബാർസ താരത്തിന്റെ ക്രോസിലേക്ക് കൃത്യമായി റാബിയേട്ട് തലവെച്ചു. കാസ്പർ ഷ്‌മൈക്കൽ ഒരുവിധം അത് കുത്തിയകറ്റിയതോടെ ഡാനിഷ് നിര ആശ്വസിച്ചു. ഫ്രഞ്ച് പട താളം കണ്ടെത്തിയതോടെ ഡെന്മാൻക്ക് പ്രതിരോധത്തിലേക്ക് പിൻവലിഞ്ഞു.

ലോക ചാമ്പ്യന്മാർക്ക് ചേർന്ന പ്രകടനം തന്നെയാണ് ഫ്രഞ്ച് നിര പുറത്തെടുത്തത്. ഡാനിഷ് ഗോൾമുഖം പല ഘട്ടത്തിലും വിറകൊണ്ടെങ്കിലും ഷ്‌മൈക്കലിന്റെ അനുഭവസമ്പത്ത് രക്ഷയാവുകയായിരുന്നു. 33-ാം മിനിറ്റിൽ വിഷമകരമായ ആംഗിളിൽ നിന്നുള്ള ഗ്രീസ്മാന്റെ ഷോട്ട് ഫ്രഞ്ച് ക്ലബ്ബ് നൈസിന്റെ താരമായ ഷ്‌മൈക്കൽ കാല് കൊണ്ട് രക്ഷിച്ചു. തൊട്ട് പിന്നാലെ ഡെന്മാൻക്കിന്റെ ഒരു കൗണ്ടർ ഫ്രാൻസ് പ്രതിരോധത്തെ ഒന്ന് ആടിയുലച്ചു. 40-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് സൂപ്പർ താരം എംബാപ്പേയ്ക്ക് കിട്ടിയ അവസരം മുതലാക്കാനായില്ല. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിൽ സൂപ്പർതാരം മാർട്ടിൻ ബ്രൈത്ത്വെയ്റ്റിനെ കളത്തിലിറക്കിയ ഡെന്മാർക്ക് ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. പെനാൽറ്റി ബോക്സിൽ അപകടം വിതച്ചുകൊണ്ടേയിരുന്നു. ഡെന്മാർക്ക് താരങ്ങൾ പലതവണ ഓഫ്സൈഡായി. എന്നാൽ ഫ്രാൻസും ഗോളടിക്കാൻ മുന്നേറ്റങ്ങൾക്ക് വേഗം കൂട്ടി. എംബാപ്പേയും ഗ്രീസ്മാനും ഡെന്മാർക്ക് പെനാൽറ്റി ബോക്സിൽ പലതവണ കയറിയിറങ്ങി.

56-ാം മിനിറ്റിൽ എംബാപ്പേയുതിർത്ത ഷോട്ട് ഗോൾകീപ്പർ ഷ്മൈക്കേൽ മികച്ച സേവിലൂടെ തട്ടിയകറ്റി. 59-ാം മിനിറ്റിൽ ഫ്രാൻസിന് സുവർണാവസരം കിട്ടി. എന്നാൽ ഗ്രീസ്മാന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തുപോയി. മിനിറ്റുകൾക്കകം ഫ്രാൻസ് ലീഡെടുത്തു. മുന്നേറ്റത്തിനൊടുവിൽ ഇടത് വിങ്ങിൽ നിന്ന് ഒളിവർ ജിറൂഡ് നൽകിയ പാസ് സ്വീകരിച്ച എംബാപ്പേയ്ക്ക് പിഴച്ചില്ല. കാസ്പർ ഷ്മൈക്കേലിനേയും മറികടന്ന് വലയിലേക്ക് പതിച്ചു.



ഫ്രാൻസിന്റെ ആഘോഷങ്ങൾക്ക് അധികം ആയുസ്സുണ്ടായില്ല. എട്ടുമിനിറ്റിനകം ഡെന്മാർക്ക് തിരിച്ചടിച്ചു. ഉഗ്രൻ ഹെഡ്ഡറിലൂടെ ഡെന്മാർക്ക് പ്രതിരോധതാരം ക്രിസ്റ്റിയൻസൺ വലകുലുക്കി. ക്രിസ്റ്റ്യൻ എറിക്‌സന്റെ കോർണർ കിക്കിൽനിന്നാണ് ഡെന്മാർക്കിന്റെ മറുപടി ഗോളെത്തിയത്. പന്തു നേടിയ ജോവാകിം ആൻഡേഴ്‌സൻ ആൻഡ്രിയാസ് ക്രിസ്റ്റൻസെനു കൈമാറുന്നു. മികച്ചൊരു ഹെഡറിലൂടെ ഡെന്മാർക്കിന്റെ ഗോൾ പിറന്നു.

ഡെന്മാർക്ക് പിന്നേയും ആക്രമണങ്ങൾ തുടർന്നു. 72-ാം മിനിറ്റിൽ ഡെന്മാർക്കിന് മുന്നിലെത്താനുള്ള അവസരം കിട്ടിയെങ്കിലും മികച്ച സേവുമായി ഫ്രാൻസ് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് ചാമ്പ്യന്മാരുടെ രക്ഷയ്ക്കെത്തി.



പിന്നീടങ്ങോട്ട് ഫ്രാൻസ്, ഡെന്മാർക്ക് പെനാൽറ്റി ബോക്സിൽ പലതവണ കയറിയിറങ്ങി. പക്ഷേ ഡെന്മാർക്ക് പ്രതിരോധം ഉറച്ചുനിന്നത് വിനയായി. എന്നാൽ 85-ാം മിനിറ്റിൽ ഫ്രാൻസ് ഡെന്മാർക്ക് പ്രതിരോധം ഒരിക്കൽ കൂടി ഭേദിച്ചു. എംബാപ്പേയാണ് ഫ്രാൻസിനായി വലകുലുക്കിയത്. ഗ്രീസ്മാന്റെ ക്രോസ്സിൽ നിന്ന് എംബാപ്പേ അനായാസം വലകുലുക്കി. ഡെന്മാർക്കിന്റെ രണ്ടു പ്രതിരോധ താരങ്ങളെ മറികടന്നാണ് എംബപെയുടെ നീക്കം. വിജയത്തോടെ ഫ്രാൻസ് പ്രീക്വാർട്ടറിലെത്തി.