ദോഹ: ലോകകപ്പിൽ കരുത്തരായ ഡെന്മാർക്കിനെ കീഴടക്കി തുടർച്ചയായ രണ്ടാം ജയത്തോടെയാണ് ലോകചാമ്പ്യന്മാരായ ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിച്ചത്. ഇതോടെ 2022 ഖത്തർ ലോകകപ്പിൽ പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ടീമായും ഫ്രാൻസ് മാറി. ആദ്യ രണ്ടുമത്സരങ്ങളും വിജയിച്ചാണ് ഫ്രാൻസ് പ്രീക്വാർട്ടറിലെത്തുന്നത്. ഇതോടെ നിലവിലെ ചാമ്പ്യന്മാർ ഗ്രൂപ്പ് സ്റ്റേജിൽ പുറത്താകുന്ന 'ചാമ്പ്യൻ ശാപ'ത്തിന് കൂടിയാണ് ഫ്രാൻസ് വിരാമമിടുന്നത്.

ഫ്രാൻസ് ഇത്തവണ ഗ്രൂപ്പ് സ്റ്റേജിൽ പുറത്താകുമോയെന്നാണ് ഏവരും ഉറ്റുനോക്കിയത്. കാരണം കഴിഞ്ഞ കുറേ വർഷങ്ങളായി നിലവിലെ ചാമ്പ്യന്മാർ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്ന പതിവുണ്ട്. 2002-ലോകകപ്പ് മുതലാണ് ഈ ചാമ്പ്യൻശാപം തുടങ്ങിയത്. 1998- ലോകകപ്പ് ജേതാക്കളായ ഫ്രാൻസ് തൊട്ടടുത്ത ലോകകപ്പിൽ ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായി. പിന്നീട് 2010 ലോകകപ്പിൽ 2006-ലെ ജേതാക്കളായ ഇറ്റലിയും ആദ്യ ഘട്ടത്തിൽ തന്നെ വീണു.

2014-ലും 2018-ലും ഇതിന് മാറ്റമുണ്ടായില്ല. 2010-ലോകകപ്പിലെ ജേതാക്കളായ സ്പെയ്നിന് 2014-ലോകകപ്പിൽ നോക്കൗട്ട് സ്റ്റേജിലേക്ക് കടക്കാനായില്ല. 2014-ജേതാക്കളായ ജർമനിയും 2018-ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ മടങ്ങി.

ഇത്തവണ ഫ്രാൻസ് നോക്കൗട്ട് സ്റ്റേജിലേക്ക് മുന്നേറുമോ എന്നതായിരുന്നു ഏവരുടേയും കാത്തിരിപ്പ്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഫ്രാൻസ് മുന്നേറിയത്. ഖത്തർ ലോകകപ്പിൽ പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി മാറിക്കൊണ്ടാണ് ദെഷാംസും സംഘവും മുന്നേറിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു ഫ്രാൻസിന്റെ മുന്നേറ്റം. സൂപ്പർ താരം കിലിയൻ എംബപെ 61, 86 മിനിറ്റുകളിൽ ഫ്രാൻസിനായി ലക്ഷ്യം കണ്ടു. 68ാം മിനിറ്റിൽ ആൻഡ്രിയാസ് ക്രിസ്റ്റൻസെൻ ഡെന്മാർക്കിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.

ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയെ 4-1ന് തോൽപിച്ച ഫ്രാൻസ് ആറു പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്താണ്. ടുണാഷ്യയ്‌ക്കെതിരായ മത്സരം സമനിലയിലായ ഡെന്മാർക്ക് തോൽവിയോടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ശനിയാഴ്ചത്തെ കളിയിൽ തുടക്കം മുതൽ ഫ്രാൻസ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാൻ സാധിച്ചിരുന്നില്ല. നാലാം മിനിറ്റിൽ ഡെന്മാർക്കിന്റെ ജോവാകിം മേൽ എടുത്ത ഫ്രീകിക്ക് ഫ്രാൻസ് താരം ഒലിവർ ജിറൂദ് ക്ലിയർ ചെയ്തു.

പത്താം മിനിറ്റിൽ ജിറൂദിന്റെ മികച്ചൊരു വോളി ലക്ഷ്യം കാണാതെ പോയി. 15ാം മിനിറ്റിൽ അന്റോയിൻ ഗ്രീസ്മാന്റെ അപകടകരമായൊരു കോർണർ റാഫേൽ വരാനെയിലേക്ക് എത്തിയെങ്കിലും ഡെന്മാർക്ക് താരം ജോവാകിം മേൽ സ്ലൈഡ് ചെയ്തു രക്ഷപ്പെടുത്തി. ആദ്യത്തെ ഫ്രഞ്ച് മുന്നേറ്റങ്ങൾക്കു ശേഷം ഡെന്മാർക്കും ഏതാനും ആക്രമണങ്ങൾ ഫ്രാൻസ് ബോക്‌സിലേക്കു നടത്തിയെങ്കിലും ഗോളടിക്കാൻ സാധിച്ചില്ല. 22ാം മിനിറ്റിൽ ഗ്രീസ്മാന്റെ ഫ്രീകിക്ക് പിടിച്ചെടുത്ത് ഡെംബലെ നൽകിയ പാസിൽ ഫ്രഞ്ച് താരം അഡ്രിയൻ റാബിയറ്റിന്റെ ഹെഡർ, തകർപ്പൻ സേവിലൂടെ ഡാനിഷ് ഗോൾ കീപ്പർ കാസ്പർ ഷ്‌മെയ്‌ഷെൽ തട്ടിയകറ്റി.

35ാം മിനിറ്റിൽ മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ ഡെന്മാർക്ക് നടത്തിയ മികച്ചൊരു ആക്രമണവും ലക്ഷ്യത്തിലെത്തിയില്ല. രണ്ടാം പകുതിയിലും ഫ്രാൻസിനു തന്നെയായിരുന്നു മത്സരത്തിൽ മേധാവിത്വം. നിരന്തരമായ പരിശ്രമങ്ങൾ ലക്ഷ്യത്തിലെത്തിയത് 61ാം മിനിറ്റിൽ. എന്നാൽ ഫ്രാൻസിന്റെ ഗോളാഘോഷം തീരുംമുൻപ് ഡെന്മാർക്ക് മറുപടി ഗോൾ മടക്കി. 68ാം മിനിറ്റിലായിരുന്നു ഡെന്മാർക്കിന്റെ ഗോൾ.

79ാം മിനിറ്റിൽ ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മാന്റെ കോർണർ കിക്ക് ഡെന്മാർക്ക് ഗോളി കാസ്പർ ഷ്‌മെയ്‌ഷെൽ തട്ടിയകറ്റി. നിശ്ചിത സമയം അവസാനിക്കാൻ പത്തു മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ ലീഡ് പിടിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു ഫ്രാൻസ് മുന്നേറ്റ നിര. അതു ലക്ഷ്യത്തിലെത്തിയത് 86ാം മിനിറ്റിൽ. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഫ്രാൻസിനു രണ്ടാം വിജയവും പ്രീക്വാർട്ടർ പ്രവേശവും ആഘോഷമാക്കി.