ദോഹ: ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തിൽ മെക്‌സിക്കോയ്‌ക്കെതിരെ രണ്ടാം പകുതിയിൽ നിർണായക ലീഡ് പിടിച്ച് അർജന്റീന. 64ാം മിനിറ്റിൽ ലയണൽ മെസ്സിയാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. ഏഞ്ചൽ ഡി മരിയ നൽകിയ പാസിൽ 25 വാര അകലെനിന്ന് മെക്‌സിക്കോയുടെ പ്രതിരോധ താരങ്ങൾക്കിടയിലൂടെ മെസ്സിയെടുത്ത ഷോട്ട് നേരെ വലയിലെത്തി.

ബോക്സിന്റെ വലതുഭാഗത്ത് നിന്ന് ഡി മരിയ നൽകിയ പന്തിൽ നിന്ന് അവസരം മുതലെടുത്ത മെസ്സി പന്ത് വലയിലെത്തിക്കുകയായിരുന്നു. മെസ്സിയുടെ കിടിലൻ ഷോട്ട് മെക്സിക്കൻ ഗോളി ഗില്ലെർമോ ഒച്ചാവോയെ മറികടന്ന് വലയിൽ.

വിരസമായ ആദ്യ പകുതിക്കു ശേഷമാണ് രണ്ടാം പകുതിയിൽ മെസ്സിയുടെ ഗോൾ നേട്ടം. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഇരു ടീമുകളും തുല്യശക്തികളുടേതെന്ന പോലെ മത്സരമാണു പുറത്തെടുത്തത്. 16ാം മിനിറ്റിൽ അർജന്റീന താരം മാർകോസ് അക്യൂനയെ ഫൗൾ ചെയ്തതിന് മെക്‌സിക്കോയുടെ നെസ്റ്റർ അറൗജോയ്ക്കു നേരെ റഫറി യെല്ലോ കാർഡ് ഉയർത്തി.

ആദ്യ 26 മിനിറ്റിൽ അർജന്റീന പൊസഷൻ പിടിച്ചു കളിച്ചെങ്കിലും മെക്‌സിക്കോ ഗോൾ പോസ്റ്റിലേക്കു ഷോട്ടുകളൊന്നും ഉതിർക്കാൻ സാധിച്ചില്ല. 34ാം മിനിറ്റിൽ അർജന്റീന താരം ഡി പോളിനെ അലെക്‌സിസ് വേഗ ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത മെസ്സിയുടെ ഷോട്ട് മെക്‌സിക്കോ പോസ്റ്റ് ലക്ഷ്യമാക്കിയെങ്കിലും ഗോളി ഗില്ലർമോ ഓച്ചോവ തട്ടിമാറ്റി. അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനസുമായി കൂട്ടിയിടിച്ച് ഒച്ചോവ ഗ്രൗണ്ടിൽവീണു.

മെക്‌സിക്കോ ആക്രമണങ്ങൾക്കു മൂർച്ച കുറഞ്ഞതോടെ 42ാം മിനിറ്റിൽ അവർ ആദ്യ സബ്സ്റ്റിറ്റിയൂഷൻ കൊണ്ടുവന്നു. മിഡ്ഫീൽഡർ ആന്ദ്രെ ഗ്വാർഡാഡോയ്ക്കു പകരം എറിക് ഗ്വെട്ടറസ് ഗ്രൗണ്ടിലെത്തി. പരുക്കുകാരണം ഗ്വാർഡാഡോയ്ക്ക് മെക്‌സിക്കോയുടെ ആദ്യ മത്സരം നഷ്ടമായിരുന്നു. 44ാം മിനിറ്റിൽ മെക്‌സിക്കോയുടെ അലെക്‌സിസ് വേഗ എടുത്ത ഫ്രീകിക്ക് തകർപ്പൻ സേവിലൂടെ അർജന്റീന ഗോളി എമിലിയാനോ മാർട്ടിനെസ് പിടിച്ചെടുത്തു. ആദ്യ പകുതിയിൽ അനുവദിച്ച അഞ്ച് മിനിറ്റ് അധിക സമയത്തിലും ഗോൾ വന്നില്ല.

രണ്ടാം പകുതി തുടങ്ങി 49ാം മിനിറ്റിൽ ലയണൽ മെസ്സിയെ വീഴ്‌ത്തിയതിന് അർജന്റീനയ്ക്ക് റഫറി ഫ്രീകിക്ക് നൽകി. മെസ്സിയുടെ കിക്കിൽ പന്ത് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. 55ാം മിനിറ്റിൽ മെക്‌സിക്കോ പ്രതിരോധ താരങ്ങളെ മറികടന്ന് അർജന്റീനയുടെ ഏഞ്ചൽ ഡി മരിയ ബോക്‌സിനുള്ളിലേക്കു കടന്നെങ്കിലും പോസ്റ്റിലേക്ക് ഉന്നമിടാൻ സാധിച്ചില്ല. എന്നാൽ 64ാം മിനിറ്റിൽ മെസ്സിയിലൂടെ അർജന്റീന ആദ്യ ഗോൾ നേടി.