ദോഹ: ലുസെയ്ൽ സ്റ്റേഡിയത്തിൽ ആർത്തലച്ചെത്തിയ മെക്‌സിക്കൻ തിരമാലകൾക്ക് മുകളിൽ അർജന്റീനയുടെ രക്ഷകനായി ലയണൽ മെസി. ലോകകപ്പ് ഗ്രൂപ്പ് സിയിൽ ആദ്യ മത്സരത്തിലെ സൗദി അറേബ്യയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ അർജന്റീനയ്ക്ക് പ്രീക്വാർട്ടർ പ്രതീക്ഷ നൽകി മിന്നും ജയം. മെക്സിക്കോയ്ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അർജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റൻ ലിയോണൽ മെസിയാണ് അർജന്റീനയുടെ ഹീറോ. എൻസോ ഫെർണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോൾ. ആദ്യ മത്സരത്തിൽ തോറ്റ അർജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. പോയിന്റ് നിലയിൽ പോളണ്ടിന് പിന്നിൽ രണ്ടാമതുമെത്തി. സൗദിയാണ് മൂന്നാം സ്ഥാനത്ത്.

ആദ്യ പകുതിയിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനു ശേഷമായിരുന്നു രണ്ടാം പകുതിയിൽ അർജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. നവംബർ 30ന് സ്റ്റേഡിയം 974ൽ പോളണ്ടിനെതിരെയാണ് സി ഗ്രൂപ്പിൽ അർജന്റീനയുടെ അവസാന പോരാട്ടം. നാലു പോയിന്റുള്ള പോളണ്ടിനെ തോൽപിച്ചാൽ അർജന്റീനയ്ക്കു പ്രീക്വാർട്ടർ ഉറപ്പിക്കാം.ജയത്തോടെ മെക്‌സിക്കോയോട് ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോഴെല്ലാം വിജയിച്ചവരെന്ന റെക്കോർഡ് ഖത്തറിലും അർജന്റീന തുടർന്നു. മുൻപ് 1930, 2006, 2010 ലോകകപ്പുകളിൽ നേർക്കുനേർ വന്നപ്പോഴും അർജന്റീനയ്ക്കായിരുന്നു വിജയം.

32-ാം മിനിറ്റിലാണ് അർജന്റീനയക്ക് ആദ്യ കോർണർ ലഭിക്കുന്നത് പോലും. മാത്രമല്ല, മെക്സിക്കൻ താരങ്ങളുടെ പരുക്കൻ അടവുകളും അർജന്റീനയ്ക്ക് വെല്ലുവിളിയായി. 35-ാം മിനിറ്റിലാണ് മെക്സിക്കൻ പോസ്റ്റിലേക്ക് പന്തെത്തിക്കാൻ അർജന്റീനയ്ക്കാവുന്നത്. ബുദ്ധിമുട്ടേറിയ കോണിൽ നിന്ന് മെസിയെടുത്ത ഫ്രീകിക്ക് മെക്സിക്കൻ ഗോൾകീപ്പർ ഗില്ലർമോ ഒച്ചോവ തട്ടിയകറ്റി. ഡി മരിയയെ മെക്സിക്കൻ പ്രതിരോധതാരം വീഴ്‌ത്തിയതിനായിരുന്നു ഫ്രീകിക്ക്. 41 മിനിറ്റിൽ ഡി മരിയ മെക്സിക്കൻ ബോക്സിലേക്ക് നീട്ടിനൽകിയ ക്രോസിൽ ലാതുറോ മാർട്ടിനെസ് തലവച്ചെങ്കിലും പന്ത് പുറത്തേക്ക്.

ആദ്യ 30 മിനിറ്റിലും ഇരു ടീമുകൾക്കും ഗോൾ കീപ്പറെ പരീക്ഷിക്കാൻ പോലും സാധിച്ചില്ല. മുന്നേറ്റത്തിലേക്ക് പന്തെത്തിക്കാൻ പോലും അർജന്റൈൻ മധ്യനിരയ്ക്ക് സാധിച്ചില്ല. ഡി മരിയ ചില ഒറ്റപ്പെട്ട നീക്കങ്ങൾ നടത്തിയെങ്കിലും ഫലത്തിൽ ഒരു സ്വാധീനവും ചെലുത്തിയില്ല. മെക്സിക്കൻ പ്രതിരോധത്താൽ മെസി ചുറ്റപ്പെട്ടത്തോടെ നീക്കങ്ങൾക്കെല്ലാം ചെറുതായെങ്കിലും ചുക്കാൻ പിടിച്ചത് ഡി മരിയയായിരുന്നു. ഡി പോൾ കാഴച്ചക്കാരൻ മാത്രമായി. അർജന്റൈൻ പ്രതിരോധത്തിൽ മാർട്ടിനെസിന്റെ പ്രകടനം മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്.



മെക്‌സിക്കോ ആക്രമണങ്ങൾക്കു മൂർച്ച കുറഞ്ഞതോടെ 42ാം മിനിറ്റിൽ അവർ ആദ്യ സബ്സ്റ്റിറ്റിയൂഷൻ കൊണ്ടുവന്നു. മിഡ്ഫീൽഡർ ആന്ദ്രെ ഗ്വാർഡാഡോയ്ക്കു പകരം എറിക് ഗ്വെട്ടറസ് ഗ്രൗണ്ടിലെത്തി. പരുക്കുകാരണം ഗ്വാർഡാഡോയ്ക്ക് മെക്‌സിക്കോയുടെ ആദ്യ മത്സരം നഷ്ടമായിരുന്നു. 44ാം മിനിറ്റിൽ മെക്‌സിക്കോയുടെ അലെക്‌സിസ് വേഗ എടുത്ത ഫ്രീകിക്ക് തകർപ്പൻ സേവിലൂടെ അർജന്റീന ഗോളി എമിലിയാനോ മാർട്ടിനെസ് പിടിച്ചെടുത്തു. ആദ്യ പകുതിയിൽ അനുവദിച്ച അഞ്ച് മിനിറ്റ് അധിക സമയത്തിലും ഗോൾ വന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിലും വിരസമായിരുന്നു അർജന്റീനയുടേയും മെക്‌സിക്കോയുടേയും കളി. രണ്ടാം പകുതി തുടങ്ങി 49ാം മിനിറ്റിൽ ലയണൽ മെസ്സിയെ വീഴ്‌ത്തിയതിന് അർജന്റീനയ്ക്ക് റഫറി ഫ്രീകിക്ക് നൽകി. മെസ്സിയുടെ കിക്കിൽ പന്ത് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. 55ാം മിനിറ്റിൽ മെക്‌സിക്കോ പ്രതിരോധ താരങ്ങളെ മറികടന്ന് അർജന്റീനയുടെ ഏഞ്ചൽ ഡി മരിയ ബോക്‌സിനുള്ളിലേക്കു കടന്നെങ്കിലും പോസ്റ്റിലേക്ക് ഉന്നമിടാൻ സാധിച്ചില്ല.

എന്നാൽ 64ാം മിനിറ്റിൽ മെസ്സിയിലൂടെ അർജന്റീന ആദ്യ ഗോൾ നേടി. ഏഞ്ചൽ ഡി മരിയയുടെ അസിസ്റ്റിൽനിന്നാണ് ഖത്തർ ലോകകപ്പിൽ മെസ്സിയുടെ രണ്ടാം ഗോൾ പിറന്നത്. ഡി മരിയ നൽകിയ പാസിൽ 25 വാര അകലെനിന്ന് മെക്‌സിക്കോയുടെ പ്രതിരോധ താരങ്ങൾക്കിടയിലൂടെ മെസ്സിയെടുത്ത ഷോട്ട് നേരെ വലയിലെത്തുകയായിരുന്നു. ബോക്സിന് പുറത്തുനിന്നുള്ള മെസിയുടെ നിലംപറ്റെയുള്ള ഷോട്ടിന് ഒച്ചോവ മുഴുനീളെ ഡൈവിങ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. അതുവരെ ലുസെയ്ൽ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിരാശരായിരുന്ന അർജന്റീന ആരാധകർ പൊട്ടിത്തെറിച്ച നിമിഷം.



70-ാം മിനിറ്റിൽ മൊളീനയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക്. ഗോളിന് പിന്നാലെ ക്രിസ്റ്റ്യൻ റൊമേറോയെ ഇറക്കി അർജന്റൈൻ കോച്ച് പ്രതിരോധം ശക്തമാക്കി. ഡി മരിയക്ക് പകരമാണ് റൊമേറോയെത്തിയത്.തുടർന്ന് മെക്സിക്കോ നടത്തിയ ശ്രമങ്ങളെല്ലാം ചെറുക്കുന്ന ജോലി പ്രതിരോധം ഭംഗിയായി ചെയ്തു. അർജന്റൈൻ മധ്യനിരയിൽ എൻസോ ഫെർണാണ്ടസും എസെക്വിയൽ പലാസിയോസും എത്തിയതോടെ കൂടുതൽ മികച്ച നീക്കങ്ങളുമുണ്ടായി. മുന്നേറ്റത്തിൽ ജൂലിയൻ അൽവാരസിന്റെ വേഗമേറിയ നീക്കങ്ങളും അർജന്റീനയ്ക്ക് ഉണർവ് നൽകി. പിന്നാലെയായിരുന്നു എൻസോയുടെ ഗോൾ.



ആദ്യ ഗോൾ വീണതോടെ രണ്ടാം പകുതിയിൽ കൂടുതൽ മുന്നേറ്റങ്ങൾ അർജന്റീനയിൽനിന്നുണ്ടായി. നിശ്ചിത സമയം അവസാനിപ്പിക്കാൻ മൂന്നു മിനിറ്റ് ബാക്കി നിൽക്കെ 21 വയസ്സുകാരൻ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന ലീഡുയർത്തി. 87ാം മിനിറ്റിലായിരുന്നു മെക്‌സിക്കോയെ ഞെട്ടിച്ച് അർജന്റീനയുടെ രണ്ടാം ഗോളെത്തിയത്. മെസ്സിയിൽ നിന്ന് പാസ് ലഭിച്ച ഫെർണാണ്ടസ് മെക്‌സിക്കോ ബോക്‌സിനു വെളിയിൽനിന്ന് ഏതാനും ചുവടുകൾക്കു ശേഷം മനോഹരമായി ഷോട്ട് എടുക്കുന്നു. ഗോളി ഒച്ചോവയെ മറികടന്ന് ഗോൾ വലയുടെ ടോപ് കോർണറിൽ പന്തെത്തി.