- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
64-ാം മിനിറ്റിൽ ആരാധകരുടെ മനംനിറച്ച് ഇടംകാൽ മാജിക്; മെക്സിക്കൻ തിരമാലകൾക്ക് മുകളിൽ മെസ്സി രക്ഷകനായി അവതരിച്ചപ്പോൾ ആവേശത്തിലായത് നീലപ്പടയുടെ ആരാധകർ; 25 വാര അകലെ നിന്ന് അസാധ്യമെന്നത് സാധ്യമാക്കിയ ഗോൾ; എൻസോ ഫെർണാണ്ടസിന് പാസ് നൽകി ഗോൾ അസിസ്റ്റും; ദൈവത്തിന്റെ കാലുമായി വീണ്ടും 'മിശിഹ'; അർജന്റീന തിരിച്ചുവരുമ്പോൾ
ദോഹ: ആദ്യ പകുതിയിൽ താളം കണ്ടെത്തി. രണ്ടാം പകുതിയിൽ ആഞ്ഞടിച്ചു. മെക്സികോയുടെ സന്തോഷം കളിയുടെ 63-ാം മിനിറ്റിൽ 'മിശിഹ' അവസാനിപ്പിച്ചു. അങ്ങനെ അർജന്റീനയ്ക്ക് ജീവശ്വാസം കിട്ടി. 63 മിനിറ്റുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മെക്‌സിക്കൻ പ്രതിരോധ മതിൽ തകർത്ത് അർജന്റീന. സൂപ്പർ താരം ലയണൽ മെസ്സിയിലൂടെ 64-ാം മിനിറ്റിൽ അർജന്റീന മുന്നിലെത്തി. ബോക്‌സിന്റെ വലതുഭാഗത്ത് നിന്ന് ഡി മരിയ നൽകിയ പന്തിൽ നിന്ന് അവസരം മുതലെടുത്ത മെസ്സി പന്ത് വലയിലെത്തിക്കുകയായിരുന്നു. മെസ്സിയുടെ കിടിലൻ ഷോട്ട് മെക്‌സിക്കൻ ഗോളി ഗില്ലെർമോ ഒച്ചാവോയെ മറികടന്ന് വലയിൽ. നേരത്തെ പ്രതിരോധം ശക്തമാക്കി ഇറങ്ങിയ മെക്‌സിക്കോയ്‌ക്കെതിരേ ആദ്യ പകുതിയിൽ അർജന്റീന താരങ്ങൾ മുന്നേറ്റങ്ങൾക്ക് വലുതായി മെനക്കെട്ടില്ല. പ്രതിരോധത്തിലെ പാളീച്ച കണ്ടെത്താനായിരുന്നു ശ്രമം. ആദ്യ പകുതിക്ക് ശേഷം കിട്ടിയ ഇടവേളയിൽ എതിരാളികളുടെ ദൗർബല്യം മെസിയും കൂട്ടരും മനസ്സിലാക്കി. അതിന്റെ പ്രതിഫലനമായിരുന്നു രണ്ടാം പകുതിയിലെ മുന്നേറ്റങ്ങൾ.
ആക്രമണം മാത്രമായിരുന്നു ആദ്യ മിനിറ്റുകളിൽ പന്ത് കിട്ടിയപ്പോൾ അർജന്റീന താരങ്ങളുടെ ലക്ഷ്യം. എന്നാൽ മെക്‌സിക്കോ പ്രതിരോധം ഉറച്ച് നിന്നതോടെ അപകടംവിതയ്ക്കാൻ പോന്ന മുന്നേറ്റങ്ങൾ നീലപ്പടയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. പിന്നീട് കരുതലുകളിലേക്ക് നീങ്ങി. കൂറ്റൻ പാസുകളിൽ നിന്ന് മിന്നൽ ഗോളുകൾ നേടാനാകില്ലെന്ന് അർജന്റീന തിരിച്ചറിഞ്ഞു. പിൻനിരയിൽ നിന്നുള്ള അപ്രതീക്ഷിത ഷോട്ടുകളിലേക്ക് മെസി തന്ത്രങ്ങൾ മാറ്റി പിടിച്ചു. പെനാൽട്ടി ബോക്സിന് പുറത്ത് മെസിയെ തളയ്ക്കാനുള്ള ശ്രമം വിജയിച്ചെങ്കിലും അതൊരു മിന്നൽ പിണറായി മാറി. അത്യുഗ്രൻ ഷോട്ട് മെക്സിക്കൻ പോസ്റ്റിന്റെ മൂലയിലേക്ക് പായിച്ച് മെസി വീണ്ടും അർജന്റീനിയൻ ആരാധകരുടെ ദൈവ പുത്രനായി. ഒറ്റ ഷോട്ടിൽ കളിയെ മാറ്റി മറിക്കാനുള്ള കരുത്ത് തന്റെ ബൂട്ടിനുണ്ടെന്ന് അർജന്റീനിയൻ ഇതിഹാസം തെളിയിച്ചു. ഇതോടെ അർജന്റീനയ്ക്ക് മൈതാനത്ത് പുതിയ ആവേശമായി.
മെക്സിക്കൻ തിരമാലകൾക്ക് മുകളിൽ മെസ്സി രക്ഷകനായി അവതരിച്ചു. ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീന ഉയിർത്തെഴുന്നേറ്റു. ഉറച്ചുനിന്ന മെക്സിക്കൻ പ്രതിരോധക്കോട്ടയെ രണ്ടു തവണ ഭേദിച്ച് മെസ്സിയും സംഘവും നോക്കൗട്ട് സാധ്യതകൾ സജീവമാക്കി. സൗദിക്കെതിരായ തോൽവിയുടെ പാപക്കറ നീലക്കുപ്പായക്കാർ മാറ്റി. 64-ാം മിനിറ്റിൽ ലോകമെമ്പാടുമുള്ള ആരാധകരുടെ മനംനിറച്ച് മെസ്സിയുടെ ഇടംകാൽ ഒരിക്കൽ കൂടി പതിവ് മാജിക് പുറത്തെടുത്തു. ആദ്യ ഗോൾ വീണതോടെ അർജന്റീനിയൻ ആക്രമണങ്ങൾക്ക് മൂർച്ച കൂടി. 87-ാം മിനിറ്റിൽ മെസ്സി നീട്ടിയ പന്തിൽ നിന്ന് പകരക്കാരൻ യുവതാരം എൻസോ ഫെർണാണ്ടസ് കൂടി സ്‌കോർ ചെയ്തതോടെ ഗാലറിയിലും ലോകമെമ്പാടുമുള്ള ടിവി സ്‌ക്രീനുകൾക്ക് മുമ്പിലും അർജന്റീനിയൻ ആരാധകരുടെ ആരവം. അങ്ങനെ ഗോളും ഗോൾ അസിസ്റ്റുമായി മെസി വീണ്ടും താരമായി.
രണ്ടാം പകുതിയിൽ മത്സരത്തിന്റെ നിയന്ത്രണം അർജന്റീന ഏറ്റെടുക്കുന്നതാണ് കണ്ടത്. വലതുവിങ്ങിൽനിന്ന് ഏഞ്ചൽ ഡി മരിയ നൽകിയ ക്രോസാണ് ഗോളിലേക്ക് വഴിയൊരുക്കിയത്. ബോക്സിനു പുറത്തുണ്ടായിരുന്ന മെസ്സിയുടെ കാലിലേക്കാണ് പന്തെത്തിയത്. 25 വാര അകലെനിന്നുള്ള താരത്തിന്റെ നിലംപറ്റെയുള്ള ഷോട്ട് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഗോളിയെയും മറികടന്ന് വലയിലേക്ക്. മെസ്സിക്കൊപ്പം ലോകം ഉറ്റുനോക്കുന്ന അർജന്റീനയെന്ന കളിസംഘത്തിനും ഇത് ആവേശമായി. ആദ്യമത്സരത്തിൽ ദുർബലരായ സൗദി അറേബ്യയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെ പ്രീ ക്വാർട്ടറിലേക്കുള്ള അർജന്റീനാ മോഹങ്ങൾ തുലാസിലാടുകയായിരുന്നു. തോൽവിയറിയാതുള്ള 36 മത്സരങ്ങൾക്കുശേഷമാണ് അർജന്റീന സൗദിയോട് അവിശ്വസനീയമായി തോറ്റത്. ആദ്യ കളിയിൽ പോളണ്ടുമായി ഗോൾരഹിത സമനില പാലിച്ച മെക്സികോയ്ക്ക് തോൽവി തിരിച്ചടിയാകും. അടുത്ത കളി തോൽക്കാതിരുന്നാൽ മെസ്സിപ്പട അടുത്ത റൗണ്ടിലേക്ക് കുതിക്കുകയും ചെയ്യും.
കളിയുടെ ആദ്യ പകുതിയിൽ മെസ്സിയേയും ഏയ്ഞ്ചൽ ഡി മരിയയേയും മെക്‌സിക്കോ താരങ്ങൾ കൃത്യമായി പൂട്ടിയതോടെ കളി മധ്യനിരയിൽ മാത്രമായി ഒതുങ്ങി. അഞ്ചുപേരെ പ്രതിരോധത്തിൽ അണിനിരത്തിയ മെക്‌സിക്കോയുടെ ഗെയിംപ്ലാൻ പൊളിക്കാൻ മെസ്സിക്കും സംഘത്തിനും ആദ്യ പകുതിയിൽ സാധിച്ചില്ല. മെസ്സിയെ വളഞ്ഞിട്ട് പ്രതിരോധിക്കുന്നതിനാൽ രണ്ടാം പകുതിയിൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഡി മരിയ ഏറ്റെടുത്തു. പ്രതിരോധത്തിന്റെ ശ്രദ്ധ അൽപ്പമൊന്ന് പാളിയപ്പോൾ മെസ്സിയിലെ മികവ് മെക്സിക്കൻ പ്രതിരോധത്തെ മറികടന്നു. 11-ാം മിനിറ്റിൽ മെക്‌സിക്കോ, അർജന്റീന ഗോൾമുഖം ഒന്ന് വിറപ്പിച്ചു. ലൂയിസ് ഷാവെസെടുത്ത ഫ്രീ കിക്കാണ് അർജന്റീന ബോക്‌സിൽ അപകടം സൃഷ്ടിച്ചത്. പക്ഷേ ഹെക്ടർ ഹെരേരയ്ക്ക് കൃത്യമായി പന്തിനടുത്തെത്താൻ സാധിക്കാത്തത് അർജന്റീനയ്ക്ക് രക്ഷയാകുകയായിരുന്നു. അതല്ലാതെ അർജന്റീനിയൻ പ്രതിരോധം പാളിയതുമില്ല. ലയണൽ മെസ്സിയുടെ 21-ാം ലോകകപ്പ് മത്സരമായിരുന്നു ഇത്്. ഇതോടെ മെസ്സി അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന ഡീഗോ മാറഡോണയുടെ റെക്കോഡിനൊപ്പമെത്തി. എല്ലാ ലോകകപ്പിലുമായി എട്ടു ഗോൾ നേട്ടവും. ഈ ടൂർണ്ണമെന്റിൽ രണ്ടാം ഗോളും.
34-ാം മിനിറ്റിൽ മെക്‌സിക്കോ പോസ്റ്റിന്റെ വലതുഭാഗത്ത് ലഭിച്ച ഫ്രീകിക്കിൽ നിന്നുള്ള മെസ്സിയുടെ ഷോട്ട് നേരേ പോസ്റ്റിലേക്ക് പോയിരുന്നു. എന്നാൽ പന്ത് ഗോൾകീപ്പർ ഗില്ലെർമോ ഒച്ചാവോ പന്ത് തട്ടിയകറ്റി. പിന്നാലെ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് അലക്‌സിസ് വെഗയെടുത്ത ഫ്രീകിക്ക് രക്ഷപ്പെടുത്തി എമിലിയാനോ മാർട്ടിനെസ് അർജന്റീനയുടെ രക്ഷയ്‌ക്കെത്തി. ആദ്യ പകുതിയിൽ മെക്‌സിക്കോയുടെ ഭാഗത്തു നിന്ന് മൂന്ന് ഷോട്ടുകൾ പിറന്നപ്പോൾ അർജന്റീനയുടെ ഭാഗത്തു നിന്നും വെറും ഒരേയൊരു ഷോട്ടാണ് ഉണ്ടായത്. 52-ാം മിനിറ്റിൽ നല്ലൊരു പെസിഷനിൽ ലഭിച്ച ഫ്രീ കിക്ക് മെസ്സി ബാറിന് മുകളിലൂടെ പറത്തി. ഇത് ആരാധകരെ നിരാശരാക്കി. മെസിക്ക് ഗോളടിക്കാൻ സുവർണ്ണാവസരമായിരുന്നു ഇത്. 56-ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയ ബോക്‌സിന്റെ വലതുഭാഗത്തു നിന്നുള്ള ഒരു അറ്റാക്കിങ് റണ്ണിലൂടെ ഒരുക്കിക്കൊടുത്ത അവസരം മുതലാക്കാൻ അക്യൂനയ്ക്ക് സാധിക്കുംമുമ്പ് മെക്‌സിക്കൻ താരത്തിന്റെ ഇടപെടൽ നിർണായകമായി. അങ്ങനെ രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ചു. ഇതിന്റെ ഫലമായിരുന്നു അർജന്റീനയുടെ രണ്ടു ഗോൾ ജയം.
മെസ്സിയെയും സംഘത്തെയും പിടിച്ചുകെട്ടുന്നതിൽ മെക്സിക്കൻ താരങ്ങൾ ആദ്യഘട്ടത്തിൽ വിജയിച്ചു. പന്തടക്കത്തിലും പാസ്സിങ്ങിലും അർജന്റീന മുന്നിട്ടുനിന്നെങ്കിലും എതിർ ഗോൾമുഖം വിറപ്പിക്കുന്ന മുന്നേറ്റങ്ങളൊന്നും നടത്താനായില്ല. അർജന്റീന 4-4-2 ഫോർമാറ്റിലും മെക്സികോ 5-3-2 ഫോർമാറ്റിലുമാണ് കളിച്ചത്. മത്സരത്തിൽ അഞ്ച് മാറ്റങ്ങളോടെയാണ് അർജന്റീന ടീമിനെ കോച്ച് ലയണൽ സ്‌കലോണി കളത്തിലിറക്കിയത്. ക്രിസ്റ്റിയൻ റൊമേറോക്ക് പകരം ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ടാഗ്ലിഫിക്കോക്ക് പകരം മാർക്കോസ് അക്യുന, നഹ്വെൽ മൊളിനക്ക് പകരം ഗോൺസാലോ മൊണ്ടിയെൽ, ലിയാൻഡ്രോ പരെഡെസിന് പകരം ഗൈഡോ റോഡ്രിഗസ്, പപ്പു ഗോമസിന് പകരം അലെക്‌സിസ് മാക് അല്ലിസ്റ്റർ എന്നിവർ ആദ്യ ഇലവനിലെത്തി.
സ്പോർട്സ് ഡെസ്ക്