ദോഹ: ഖത്തർ ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റതോടെ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ വിശ്രമത്തിലാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ശേഷിക്കുന്ന സ്വിറ്റ്‌സർലൻഡിനെതിരായ മത്സരവും പിന്നാലെ കാമറൂണിനെതിരായ അവസാന മത്സരവും നെയ്മറിന് നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. നോക്കൗട്ട് റൗണ്ടിൽ നെയ്മർ കളിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ ആരാധകർ.

പരിക്ക് ഭേദമായി വരുന്നതായി സൂചിപ്പിച്ച് നെയ്മർ പങ്കുവച്ച ചിത്രങ്ങൾ എന്നാൽ ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്നുണ്ട്. ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ സെർബിയൻ പ്രതിരോധ താരം നിക്കോള മിലങ്കോവിച്ചിന്റെ ടാക്ലിംഗിലാണ് നെയ്മറുടെ കാൽക്കുഴയ്ക്ക് പരിക്കേറ്റത്. നെയ്മറെ എംആർഐ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. ആദ്യ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാനറികൾ തോൽപിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോൽപിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയൻ മോഹങ്ങൾക്കാണ് നെയ്മറുടെ പരിക്ക് തിരിച്ചടി നൽകുന്നത്.

നെയ്മറുടെ പരിക്ക് ഗുരുതരമാണെന്നും ഭേദമാകാൻ ഏറെസമയം വേണ്ടിവരുമെന്നും പറയുന്നവരുണ്ട്. എന്നാൽ കടുത്ത ബ്രസീലിയൻ ആരാധകർ ഈ വാദങ്ങളെല്ലാം തള്ളിക്കളയുകയാണ്. ബ്രസീലിയൻ ടീമിന്റെ സുൽത്താനായ നെയ്മർ നോക്കൗട്ട് റൗണ്ടിൽ മടങ്ങിയെത്തും എന്ന് കാനറി ആരാധകർ ഉറച്ച് വിശ്വസിക്കുന്നു.

പരിക്കിന് പിന്നാലെ ആരാധകരെ ആശ്വസിക്കുന്ന കുറിപ്പുമായി നെയ്മർ സാമൂഹ്യമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. 'എന്റെ കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിത്. അതും വീണ്ടും ലോകകപ്പിൽ. എനിക്ക് പരിക്കുണ്ട്, അതെന്നെ അസ്വസ്തനാക്കുന്നു. എന്നാൽ എനിക്ക് തിരിച്ചുവരാനാകുമെന്ന വിശ്വാസമുണ്ട്. കാരണം ഞാൻ എന്റെ രാജ്യത്തെയും സഹതാരങ്ങളെയും സഹായിക്കാൻ എല്ലാ പരിശ്രമവും നടത്തും. എതിരാളികൾ എന്നെ കീഴ്‌പ്പെടുത്താൻ ഏറെക്കാലമായി ശ്രമിക്കുന്നു. പക്ഷേ ഞാൻ തളരില്ല. അസാധ്യമായ ദൈവത്തിന്റെ മകനാണ് ഞാൻ. എന്റെ വിശ്വാസം അനന്തമാണ്'- എന്നുമായിരുന്നു നെയ്മറുടെ വാക്കുകൾ.

സമകാലിക ഫുട്‌ബോളിൽ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഒപ്പം ചേർത്തുവയ്ക്കുന്ന പേരാണ് ബ്രസീലിയൻ താരം നെയ്മറിന്റേത്. ബ്രസീലിയൻ ക്ലബ് സാന്റോസിൽ നിന്ന് 2013ൽ റെക്കോർഡ് തുകയ്ക്ക് സ്‌പെയിൻ ക്ലബ് ബാർസിലോനയിൽ എത്തുമ്പോൾ നെയ്മറിനു പ്രായം 21. അവിടെനിന്ന് അതിലും വലിയ തുകയ്ക്ക് 2018ൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ.

നിലവിൽ പിഎസ്ജിയിൽ നെയ്മറിന്റെ പ്രതിവാര പ്രതിഫലം ഏകദേശം 6 കോടി രൂപയാണ്. പക്ഷേ, നേട്ടങ്ങളുടെ കണക്കിൽ മെസ്സി, ക്രിസ്റ്റ്യാനോ നിരയിലേക്ക് ഇന്നും നെയ്മർ എത്തിയിട്ടില്ലെങ്കിൽ അതിനു പ്രധാന കാരണം അടിക്കടി സംഭവിക്കുന്ന പരിക്ക് തന്നെയാണ്.

പരിക്കുമൂലം നെയ്മർ മൈതാനത്ത് നിന്നും ഇതുവരെ വിട്ടു നിന്നത് 750 ദിവസമാണ്. പരിക്കേറ്റത് 38 തവണ. ആകെ നഷ്ടമായത് 133 മത്സരങ്ങൾ. ബാർസിലോനയിൽ കളിക്കുമ്പോൾ പരിക്കേറ്റത് 9 തവണ. നഷ്ടമായത് 29 മത്സരങ്ങൾ. പിഎസ്ജിയിൽ 27 തവണ പരിക്കേറ്റു; 104 മത്സരങ്ങൾ കളിച്ചില്ല. ബ്രസീൽ ജഴ്‌സിയിലെ കളിക്കിടെ 2 തവണ പരിക്കേറ്റു പുറത്തായി. 2014 ലോകകപ്പിൽ ക്വാർട്ടർ മത്സരത്തിനിടെ നടുവിനു പരിക്കേറ്റ് പുറത്തായത് ടീമിന്റെ കിരീട മോഹങ്ങൾക്ക് തന്നെ തിരിച്ചടിയായി. സെമിയിൽ ജർമ്മനിക്ക് മുന്നിൽ പിടിച്ചുനിൽക്കാതെ ബ്രസീൽ കീഴടങ്ങുമ്പോൾ കണ്ണീരോടെ താരം നിസഹായനായി നോക്കി നിൽക്കേണ്ടി വന്നിരുന്നു.

പരിക്കേറ്റ് തുടർച്ചയായി 10 ദിവസത്തിന് മുകളിൽ നെയ്മറിനു വിട്ടു നിൽക്കേണ്ടി വന്നത് 19 തവണയാണ്. 2014 ജനുവരിയിൽ ബാർസിലോനയിൽ എത്തിയ ശേഷം കണങ്കാലിനു പരിക്കേറ്റ് വിട്ടുനിന്നത് 32 ദിവസമാണ്. ഈ പരിക്കിനാണ് ആദ്യമായി ശസ്ത്രക്രിയ വേണ്ടിവന്നത്. 2014 ജൂലൈയിൽ വീണ്ടും പരിക്കേറ്റു. ലോകകപ്പിൽ കൊളംബിയയ്ക്ക് എതിരായ മത്സരത്തിനിടെ നടുവിനു പരിക്കേറ്റു. 30 ദിവസം പുറത്തിരിക്കേണ്ടി വന്നു. 2018 ഫെബ്രുവരിയിൽ പിഎസ്ജിയിൽ എത്തിയ ശേഷം വീണ്ടും സാരമായ പരിക്കേറ്റു. തുടയ്ക്കു പരിക്കേറ്റ് പുറത്തിരുന്നത് 90 ദിവസമാണ് 16 കളികൾ നഷ്ടമായി.

2019 ജനുവരിയിൽ വീണ്ടും പരിക്ക് വില്ലനായെത്തി. 85 ദിവസം വിശ്രമിക്കേണ്ടി വന്നു. 18 മത്സരങ്ങളിൽ ഇറങ്ങിയില്ല. 2019 ജൂണിൽ കണങ്കാലിനു പരിക്കേറ്റ് 63 ദിവസം വിശ്രമിച്ചു. 2021 നവംബറിൽ കണങ്കാലിനു പരിക്കേറ്റ് പുറത്തായത് 73 ദിവസമാണ്. 12 മത്സരങ്ങൾ കളിച്ചില്ല.

ബാർസിലോനയിൽ വച്ച് 2013 - 14 സീസണിൽ കണങ്കാലിനു പരിക്കേറ്റെങ്കിലും വേദന വകവയ്ക്കാതെ നെയ്മർ കളിച്ചു. പിന്നീട് പരിക്ക് ഗുരുതരമായപ്പോൾ ശസ്ത്രക്രിയ നടത്തി. എന്നാൽ ശസ്ത്രക്രിയ വിജയകരമായില്ല. മാസങ്ങൾക്കു ശേഷം വീണ്ടും കണങ്കാലിനു പരിക്കേറ്റു. 2018ൽ പിഎസ്ജിക്കായി കളിക്കുമ്പോൾ കണങ്കാലിനു പരിക്കേറ്റു സ്‌പെയിൽ നടത്തിയ ശസ്ത്രക്രിയയും വിജയകരമായില്ല. മാസങ്ങൾക്കു ശേഷം വീണ്ടും അതേ പരിക്ക് വില്ലനായി.

നെയ്മറിന്റെ കളിശൈലി തന്നെയാണ് പരിക്കിന്റെ പ്രധാന കാരണമായി പറയപ്പെടുന്നത്. പന്ത് കാലിൽ നിയന്ത്രിച്ച ശേഷം എതിരാളിയെ തന്റെ സ്‌കില്ലിലൂടെ പരാജയപ്പെടുത്തുന്ന രീതിയാണു പരിക്ക് ക്ഷണിച്ചു വരുത്തുന്നത്. ഈ കളിക്കിടെ നെയ്മർ ഫൗൾ ചെയ്യപ്പെടുന്നതു പതിവാണ്.

പ്രതിരോധ നിരയെ മറികടന്ന് ബോക്‌സിലേക്കു കുതിക്കാൻ നെയ്മർ നടത്തുന്ന ഈ പ്രയത്‌നം 'റിസ്‌ക്' ആണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.തുടർച്ചയായി ശസ്ത്രക്രിയകൾ വേണ്ടി വന്നതും പരിക്ക് ആവർത്തിക്കപ്പെടാൻ കാരണം. കണങ്കാലിലെ പരിക്കിനു പിന്നിൽ പാരമ്പര്യവും ഘടകമാണെന്നു വിശദീകരണമുണ്ട്. ഫുട്‌ബോൾ താരമായിരുന്ന നെയ്മറിന്റെ പിതാവിനും തുടർച്ചയായി കണങ്കാലിനു പരിക്കേറ്റിരുന്നു.