ദോഹ: ലോകകപ്പിൽ മെക്‌സിക്കോയ്ക്കെതിരായ ജീവൻ മരണ പോരാട്ടത്തിൽ അർജന്റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജയിച്ചതിന്റെ ആഘോഷത്തിലാണ് ആരാധകർ. സൂപ്പർ താരം ലണയൽ മെസിയും എൻസോ ഫെർണാണ്ടയുമായിരുന്നു അർജന്റീനയ്ക്കായി വലകുലുക്കിയത്. എന്നാൽ, മെസിയുടെ ഗോളിൽ ലുസൈൽ സ്റ്റേഡിയം ഇരമ്പിയാർത്തപ്പോൽ ഡഗൗട്ടിൽ ഒരാൾ പൊട്ടിക്കരയുകയായിരുന്നു, പാബ്ലോ എയ്മർ...

അർജന്റീന - മെക്സിക്കോ മത്സരത്തിന്റെ 64ാം മിനിറ്റിലായിരുന്നു മെസിയുടെ നിലംപറ്റിയുള്ള ഷോട്ട് ഗില്ലർമോ ഒച്ചാവോയെന്ന വന്മതിലിനെ മറികടന്ന് പന്ത് വലതൊട്ടത്. അർജന്റീനയുടെ ലോകകപ്പ് യാത്രയ്ക്ക് ആയുസ്സ് നീട്ടിക്കിട്ടുന്ന ആ നിമിഷം ലോകം ഒന്നടങ്കം ആർത്തുവിളിച്ചു. ഗോളടിച്ച മെസിയോട് കോടാനുകോടി അർജന്റീന ആരാധകർ നന്ദി പറഞ്ഞത് ആർത്ത് വിളിച്ചും തുള്ളിച്ചാടിയും നീലയും വെള്ളയും കലർന്ന കുപ്പായവും കൊടിയും ചുഴറ്റി ആനന്ദനൃത്തമാടിയും ആഘോഷമാക്കി.

ആ നിമിഷം എത്രയോ പേരുടെ കണ്ണുകളെ മെസി ഈറനണിയിപ്പിച്ചിരിക്കും. അക്കൂട്ടത്തിൽ അർജന്റീനയുടെ സഹപരിശീലകനുമുണ്ട്. ഗോൾ നേട്ടം ലോകം മുഴുവൻ ആഘോഷിക്കുകയും ആശ്വസിക്കുകയും ചെയ്യുമ്പോൾ പാബ്ലോ എയ്മർ മുഖം പൊത്തി കുട്ടികളെപ്പോലെ പൊട്ടിക്കരയുകയായിരുന്നു പാബ്ലോ എയ്മർ.

അർജന്റീനയുടെ അസിസ്റ്റന്റ് കോച്ചായാണ് ദേശീയ ടീമിലെ മുൻ അറ്റാക്കിങ് മിഡ് ഫീൽഡറായ പാബ്ലോ എയ്മർ ഖത്തറിലേക്ക് എത്തിയത്. മെസിയുടെ ആരാധനാപാത്രവും മെന്ററുമാണ് എയ്മർ. ഇരുവരും അർജന്റീനയ്ക്കായി ഒരുമിച്ച് പന്ത് തട്ടാനും ഇറങ്ങിയിട്ടുണ്ട്. 52 മത്സരങ്ങളാണ് എയ്മർ അർജന്റീനയ്ക്ക് വേണ്ടി കളിച്ചത്. 1999 മുതൽ 2009 വരെ ഇദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. നേടിയത് 8 ഗോളുകളും.

മെക്‌സിക്കോയ്ക്ക് എതിരെ മെസി ഗോൾവല കുലുക്കിയതിന് പിന്നാലെ സന്തോഷം കൊണ്ട് മുഖം പൊത്തി കരയുകയും വൈകാരികമായിരിക്കുകയും ചെയ്യുന്ന എയ്മറിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. കരയുന്ന എയ്മറിന്റെ അടുത്ത് ചെന്ന് പരിശീലകൻ സ്‌കലോനി സംസാരിക്കുന്നുണ്ട്. എന്നാൽ എന്താണ് എയ്മറിനോട് സ്‌കലോനി പറയുന്നതെന്ന് വ്യക്തമല്ല.

കിരീടം ചൂടാനെത്തി സൗദിക്ക് മുന്നിൽ വീണ് പോകുകയും മെക്സിക്കോയുടെ പ്രതിരോധപ്പൂട്ടിൽ സമനിലക്കുരുക്കോ തോൽവിയോ സംഭവിച്ചേക്കാമെന്ന് തോന്നിപ്പിച്ച നിമിഷമാണ് മെസ്സിയുടെ വിഖ്യാതമായ ഇടങ്കാൽ ഒരിക്കൽകൂടി മാന്ത്രികവിദ്യ പുറത്തെടുത്തത്.

ആ നിമിഷത്തെ വികാരം കണ്ണീരായി പുറത്തേക്കൊഴുകിയ എയ്മറും ആശ്വസിപ്പിക്കുന്ന ലയണൽ സ്‌കലോണിയുടെ ദൃശ്യവും വൈറലാണ് സമൂഹമാധ്യമങ്ങളിൽ. അർജന്റീന ദേശീയ ടീമിലെ മുൻ അറ്റാക്കിങ് മിഡ്ഫീൽഡറാണ് പാബ്ലോ എയ്മർ. അദ്ദേഹത്തിന്റെ കടുത്ത ആരാധകൻകൂടിയാണ് മെസ്സി.