ദോഹ: ലോകകപ്പിൽ കാനഡയ്‌ക്കെതിരായ നിർണായക മത്സരത്തിന്റെ ആദ്യ പകുതിയിൽ ക്രൊയേഷ്യ മുന്നിൽ. രണ്ടാം മിനിറ്റിൽ അൽഫോൻസോ ഡേവിസിലൂടെ മുന്നിലെത്തിയ കാനഡയ്ക്കെതിരേ ക്രൊയേഷ്യ ആന്ദ്രേ ക്രാമറിച്ച്, മാർകോ ലിവാജ എന്നിവരിലൂടെ ക്രൊയേഷ്യ തിരിച്ചടിക്കുകയായിരുന്നു.

ക്രൊയേഷ്യ മത്സരത്തിൽ നിലയുറപ്പിക്കും മുമ്പു തന്നെ കാനഡ പന്ത് വലയിൽ എത്തിച്ചു. ടയോൺ ബുക്കാനന്റെ ക്രോസ് കിടിലനൊരു ഹെഡറിലൂടെ അൽഫോൻസോ ഡേവിസ് വലയിലെത്തിക്കുമ്പോൾ മത്സരം രണ്ടാം മിനിറ്റിലേക്ക് കടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. കാനഡയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.

തേജോൺ ബുചാനൻ പെനൽറ്റി ഏരിയയിലേക്ക് ക്രൊയേഷ്യ താരങ്ങളായ ലോവ്‌റൻ, ജുറാനോവിച്ച് എന്നിവർക്കിടയിലൂടെ നൽകിയ ക്രോസിലായിരുന്നു കാനഡയുടെ ഗോൾ പിറന്നത്. ഡേവിസിന്റെ ഹെഡർ ക്രൊയേഷ്യ ഗോൾ കീപ്പർ ലിവാകോവിച്ചിനെ മറികടന്ന് വലയിലെത്തുകയായിരുന്നു.

ഗോൾ വീണതോടെ റഷ്യൻ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ ഒന്നു വിറച്ചെങ്കിലും വൈകാതെ ആക്രമണങ്ങളുമായി മുന്നേറി. അതിനുള്ള ഫലം ലഭിച്ചത് 36ാം മിനിറ്റിൽ. കാനഡ പെനൽറ്റി ഏരിയയുടെ ഇടതു മൂലയിലൂടെ ഇവാൻ പെരിസിച്ചിന്റെ മുന്നേറ്റത്തിൽ ആന്ദ്രേജ് ക്രമാരിചിന് പാസ് നൽകി. ആത്മവിശ്വാസത്തോടെ ക്രമാരിച് പന്ത് വലയിലെത്തിച്ചു.

നേരത്തെ 26-ാം മിനിറ്റിൽ റിക്കി ലാറിയയേയും കമാൽ മില്ലറെയും മറികടന്ന് ക്രാമറിച്ച് പന്ത് വലയിലെത്തിച്ചെങ്കിലും അത് ഓഫ്സൈഡായിരുന്നു. ഈ ഗോളിനായുള്ള ബിൽഡ് അപ്പിന്റെ സമയത്ത് മാർക്കോ ലിവായ ഓഫ്സൈഡ് പൊസിഷനിലായിരുന്നതാണ് കാരണം.

സമനില ഗോൾ നേടി എട്ടു മിനിറ്റുകൾക്കപ്പുറമാണ് ക്രൊയേഷ്യ മത്സരത്തിൽ ആദ്യമായി ലീഡെടുത്തത്. കാനഡയുടെ പെനൽറ്റി ഏരിയയിൽ പന്തു ലഭിച്ച ജുറാനോവിചിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു കാനഡയുടെ കമാൽ മില്ലർ. പന്ത് ഒരിക്കൽ കൂടി കിട്ടിയതോടെ ജുറാനോവിച് പ്രതിരോധ താരങ്ങളെ കടന്ന് ലിവാജയ്ക്കു പാസ് നൽകി. ലിവാജയിലൂടെ ക്രൊയേഷ്യ മുന്നിൽ. ആദ്യ മത്സരത്തിൽ ബൽജിയത്തോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ കാനഡയ്ക്ക് പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തണമെങ്കിൽ ഇന്നത്തെ മത്സരം ജയിച്ചേ തീരു.