ദോഹ: മുപ്പത്തിയാറ് വർഷങ്ങൾക്കു ശേഷം ലോകകപ്പിൽ പന്തു തട്ടാനെത്തിയ കാനഡയുടെ സ്വപ്‌നങ്ങൾക്ക് ചരിത്ര ഗോളിലൂടെ ചിറകുനൽകി അൽഫോൻസോ ഡേവിസ്. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ക്രൊയേഷ്യയ്‌ക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ അൽഫോൻസോയിലൂടെ പിറന്നത് കാനഡയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോളാണ്. ഡേവിസിന്റെ ഹെഡർ ക്രൊയേഷ്യ ഗോൾ കീപ്പർ ലിവാകോവിച്ചിനെ മറികടന്ന് വലയിലെത്തിക്കുകയായിരുന്നു. ഈ ചരിത്ര ഗോൾ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോൾ കൂടിയായി മാറി.

കഴിഞ്ഞ മത്സരത്തിൽ ബൽജിയത്തോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ കാനഡയ്ക്ക് മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ പിറന്ന ഗോൾ നൽകിയത് വലിയ ആത്മവിശ്വാസമാണ്. എന്നാൽ പിന്നാലെ നാല് ഗോളുകൾ തിരിച്ചടിച്ച് ക്രൊയേഷ്യ വിജയം ഉറപ്പിച്ചു. എങ്കിലും 1986ൽ അവസാനമായി കളിച്ചപ്പോൾ ഒരു ഗോൾ പോലും നേടാതെ മടങ്ങേണ്ടി വന്ന നാണക്കേടാണ് അൽഫോൻസോ ഡേവിഡിലൂടെ മറികടന്നത്. ഇത്തവണ മെക്‌സിക്കോയും യുഎസ്എയും ഉൾപ്പെടുന്ന കോൺകകാഫ് മേഖലാ യോഗ്യതാ റൗണ്ടിൽ കളിച്ചാണ് കാനഡ ഖത്തർ ലോകകപ്പിനു യോഗ്യത നേടിയെത്തിയത്.

മുന്നേറ്റത്തിനൊടുവിൽ ക്രൊയേഷ്യയ്ക്ക് യാതൊരു അവസരവും നൽകാതെ മികച്ച ഹെഡ്ഡറിലൂടെയാണ് ഗോളടിച്ചത്. ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോൾ കൂടിയാണ് ഡേവിസ് നേടിയത്. കാനഡ പങ്കെടുക്കുന്ന രണ്ടാം ലോകകപ്പാണിത്. ചരിത്രത്തിലേക്ക് പന്തു തട്ടിയ അൽഫോൻസോ ഡേവിസിന് കാൽപന്തുകളിയിൽ മേൽവിലാസം നൽകിയതും തനിക്ക് പൗരത്വം നൽകിയ കാനഡ തന്നെയായിരുന്നു.

ലൈബീരിയൻ സ്വദേശികളായ മാതാപിതാക്കൾ ഘാനയിലെ ബുഡുബുറാം അഭയാർഥി ക്യാമ്പിലെത്തുകയും പിന്നീട് കാനഡയിലേക്ക് കുടിയേറുകയുമായിരുന്നു. ലൈബീരിയയിൽ കലാപവും കൊള്ളയും കൂട്ടക്കൊലയും തുടർക്കഥയായതോടെ അച്ഛൻ ദേബയ്യ തന്റെ ഗർഭിണിയായ ഭാര്യ വിക്ടോറിയയെയും കൂട്ടി മോൺറോവിയയിലെ വീട് ഉപേക്ഷിച്ച് ഉള്ളതെല്ലാം പെറുക്കിയെടുത്ത് ഘാനയിലെ ബുഡുബുറാം അഭയാർഥി ക്യാമ്പിലേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

കഷ്ടിച്ച് ഒരു കോഴിക്കൂടിന്റെ വലിപ്പമുള്ള തകരഷീറ്റിട്ട കുടിലിലായിരുന്നു താമസം. ആ കൊച്ചുവീട് ഇന്നുമുണ്ട് ബുഡുബുറാമിൽ. അവിടെ വച്ചാണ് ഡേവിസ് പിറന്നത്. ദുരിതമയമായിരുന്നു ക്യാമ്പിലെ ജീവിതം. നല്ല വെള്ളമില്ല. ഭക്ഷണമില്ല. ശരിക്കും പറഞ്ഞാൽ ജീവച്ഛവങ്ങളായി കുറേ മനുഷ്യർ. അങ്ങനെയാണ് കാനഡയിലേയ്ക്ക് കുടിയേറാനുള്ള അവസരം ലഭിക്കുന്നത്.

എഡ്മണ്ടനിൽ താമസമാക്കുമ്പോൾ അഞ്ച് വയസേ ഉണ്ടായിരുന്നുള്ളൂ അൽഫോൻസോയ്ക്ക്. കഷ്ടപ്പെട്ടാണ് മാതാപിതാക്കൾ മക്കളെ വളർത്തി വലുതാക്കിയത്. ഫുട്‌ബോളായിരുന്നു അൽഫോൻസോയുടെ ജീവവായു. വേഗതയും ടെക്‌നിക്കുമുള്ള ബാലനെ പരിശീകർ ചെറുപ്പത്തിൽ തന്നെ നോട്ടമിട്ടു. പിന്നെ കുതിപ്പിന്റെ കാലമായിരുന്നു.

യുണൈറ്റഡ് സോക്കർ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി. പതിനഞ്ചാം വയസിൽ തന്നെ മേജർ സോക്കർ ലീഗിൽ കളിച്ച് റെക്കോഡിട്ടു. 2017-ൽ ദേശീയ ടീമിലുമെത്തി. രാജ്യത്തിനുവേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കി. ക്ഷണത്തിൽ കാനേഡിയൻ ഫുട്‌ബോളിലെ ഏറ്റവും വിലപിടിപ്പുള്ള സൂപ്പർസ്റ്റാറായി മാറുകയും ചെയ്തു.

ഇന്ന് ബയേണിന്റെ മേൽവിലാസത്തിൽ നാല് ബുണ്ടസ്ലീഗ കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഫിഫയുടെ ക്ലബ് വേൾഡ് കപ്പും സ്വന്തമാണ് അൽഫോൻസോയ്ക്ക്. മുപ്പത്തിയാറ് കൊല്ലത്തിനുശേഷം ലോകകപ്പ് ഫൈനൽ റൗണ്ടിന് യോഗ്യത നേടുന്ന കാനഡയുടെ ഏറ്റവും വലിയ തുറുപ്പുചീട്ടും പരിക്കിൽനിന്ന് കരകയറി വന്ന ഈ ബയേൺ മ്യൂണിക്ക് വിങറാണ്. ഇന്ന് ലോകപ്പ് ചരിത്രത്തിലെ കാനഡയുടെ ആദ്യ ഗോൾ നേടിക്കൊണ്ട് ഈ 22-കാരൻ ജ്വലിച്ചുനിൽക്കുകയാണ്.