- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
മരണഗ്രൂപ്പിലെ മരണപ്പോരിൽ ഒപ്പത്തിനൊപ്പം; സ്പെയിനിന്റെ പാസിങ് ഗെയിമിന് പ്രതിരോധക്കോട്ട തീർത്ത് സമനില പിടിച്ച് ജർമനി; ആൽവാരോ മൊറാട്ടയുടെ ഗോളിന് നിക്ലാസ് ഫുൾക്രഗിലൂടെ മറുപടി; പ്രീക്വാർട്ടർ പ്രതീക്ഷ സജീവമാക്കി; അവസാന മത്സരം നിർണായകം
ദോഹ: ആരാധകർ കാത്തിരുന്ന മരണഗ്രൂപ്പിലെ മരണപ്പോരിൽ സ്‌പെയിനിനെ സമനിലയിൽ പിടിച്ച് ജർമ്മനി. കിക്കോഫ് മുതൽ അവസാന വിസിൽ വരെ ചോരാത്ത ശൗര്യത്തോടെ ഇരുടീമുകളും പോരടിച്ചതോടെ ഖത്തർ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തിനാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ സ്‌പെയിനും ജർമനിയും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഖത്തർ ലോകകപ്പിലെ ഇതുവരെ കണ്ടതിൽ ഏറ്റവും വാശിയും ആവേശവും നിറഞ്ഞ പോരാണ് ഗ്രൂപ്പ് ഇയിൽ നടന്നത്. സ്‌പെയിന് വേണ്ടി അൽവാരോ മൊറാട്ടയും ജർമനിക്കായി ഫുൾക്രുഗും ഗോളുകൾ നേടി. സ്പെയിനിന്റെ പാസിങ് ഗെയിമിന് പ്രതിരോധക്കോട്ട തീർത്താണ് ജർമ്മനി സമനില ഉറപ്പിച്ചത്.
പ്രതിരോധക്കരുത്തിൽ ജർമനിയും പാസിങ് ഗെയിമിന്റെ വശ്യതയിൽ സ്പെയിനും നേർക്കുനേർ വന്നപ്പോൾ പ്രവചനങ്ങൾക്ക് പ്രസക്തിയില്ലാതായി. ഒരു ഘട്ടത്തിൽ തോൽവിയുടെ വക്കിൽ നിന്ന ജർമനി അവസാന മിനിറ്റുകളിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് സമനില പിടിച്ചെടുക്കുകയായിരുന്നു. പകരക്കാരനായി വന്ന് സ്പാനിഷ് പടയ്ക്ക് വേണ്ടി ഗോളടിച്ച ആൽവാരോ മൊറാട്ടയ്ക്ക് ജർമനി മറുപടി നൽകിയത് മറ്റൊരു പകരക്കാരനെ ഇറക്കിയായിരുന്നു. നിക്ലാസ് ഫുൾക്രഗ്. ഫുൾക്രഗിന്റെ ഉജ്ജ്വല ഗോളിലൂടെ സമനില നേടുമ്പോൾ ജർമൻ ക്യാമ്പിൽ സന്തോഷത്തേക്കാൾ മുകളിൽ നിന്നത് ആശ്വാസമാണ്. ആദ്യ മത്സരത്തിൽ ജപ്പാനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ ജർമനി ഈ സമനിലയോടെ പ്രീ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി.
സമനില വഴങ്ങിയെങ്കിലും സ്പാനിഷ് പട തന്നെയാണ് ഗ്രൂപ്പ് ഇയിൽ ഒന്നാമത്. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയന്റാണുള്ളത്. ഒരു പോയന്റുമായി ജർമനി അവസാന സ്ഥാനത്താണ്. ജർമനിയുടെ അവസാന ഗ്രൂപ്പ് മത്സരം നിർണായകമാകും.
കോസ്റ്ററിക്കയെ വീഴ്‌ത്തിയ സ്പാനിഷ് പോരാളികൾ ആദ്യ പകുതിയി ജർമ്മൻ ഗോൾമുഖം പലതവണ വിറപ്പിച്ചു. ജർമനിയുടെ ആത്മവിശ്വാസക്കുറവ് ആദ്യം തന്നെ മുതലാക്കുന്നതിനായി കടുത്ത പ്രെസിങ് തന്നെ സ്‌പെയിൻ താരങ്ങൾ നടത്തി. ഇതിൽ ജർമനി ഒന്ന് വിറച്ചപ്പോൾ നാലാം മിനിറ്റിൽ തന്നെ സ്പാനിഷ് സംഘം ആദ്യ അവസരം തുറന്നെടുത്തു. പെഡ്രി, ഗവി, അസൻസിയോ എന്നിവർ ചേർന്ന ഒരു നീക്കത്തിൽ ഡാനി ഓൾമോയുടെ ഷോട്ട് മാന്വൽ ന്യൂയർ പണിപ്പെട്ട് ഗോളാകാതെ രക്ഷിച്ചു. സ്‌പെയിന്റെ പാസിങ് ശൈലയെ കുറിച്ച് നല്ല ഗൃഹപാഠം നടത്തിയെന്ന് ജർമനിയുടെ ആദ്യ നിമിഷങ്ങളിലെ നീക്കങ്ങൾ തെളിയിച്ചു. പൊസഷന് വേണ്ടി മത്സരിക്കാതെ കൗണ്ടർ അറ്റാക്കിംഗിലൂടെ അതിവേഗം സ്പാനിഷ് ബോക്‌സിലെത്താനാണ് 2014ലെ ലോക ചാമ്പ്യന്മാർ ശ്രമിച്ചത്.
ഏഴാം മിനിറ്റിൽ ഡാനി ഓൽമോയുടെ തകർപ്പൻ ഷോട്ട് ജർമൻ ഗോൾകീപ്പർ മാനുവൽ ന്യൂയർ തട്ടിയെങ്കിലും പന്ത് ക്രോസ്ബാറിലും പോസ്റ്റിലുമിടിച്ച് തെറിച്ചു. പിന്നാലെ ജർമനിയുടെ വക മികച്ചൊരു മുന്നേറ്റം നടന്നു. പക്ഷേ ജർമൻ താരം നാബ്രിയുടെ അപകടകരമായ നീക്കം സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോൺ രക്ഷപ്പെടുത്തി. 22-ാം മിനിറ്റിൽ സ്പെയിനിന്റെ ജോർഡി ആൽബയുടെ ലോങ്റേഞ്ചർ ഗോൾപോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി.
ആദ്യ നിമിഷങ്ങളിലെ അങ്കലാപ്പും സ്‌പെയിന്റെ ഹൈ പ്രസിംഗും നേരിട്ട് ജർമനി മത്സരത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് മെച്ചപ്പെട്ട നിലയിലുള്ള കളി പുറത്തെടുത്തു. അവസാനം ഓഫ്‌സൈഡ് വിസിൽ മുഴങ്ങിയെങ്കിലും 33-ാം മിനിറ്റിൽ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ഫെറാൻ ടോറസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. അവസരങ്ങൾ കൂടുതൽ മെനഞ്ഞ് എടുത്തത് സ്‌പെയിൻ ആയിരുന്നു. എന്നാൽ, അത് ഗോളാക്കിയെടുക്കാനാണ് എന്റിക്വയുടെ കുട്ടികൾ വിഷമിച്ചത്. 39-ാം മിനിറ്റിലാണ് ജർമനിയുടെ സ്വപ്ന നിമിഷം പിറന്നത്. കിമ്മിച്ച് എടുത്ത ഫ്രീകിക്കിൽ റൂഡിഗറിന്റെ ഹെഡ്ഡർ വല തുളച്ചു. വാർ തീരുമാനത്തിൽ ഗോൾ നിഷേധിക്കപ്പെട്ടതോടെ ആ ഗോൾ മറ്റൊരു സ്വപ്നമായി മാറി. അവസാന നിമിഷങ്ങളിൽ മറ്റൊരു ഫ്രീകിക്കിൽ റൂഡിഗറിന്റെ ഷോട്ട് സിമോൺ തടഞ്ഞിടുകയും ചെയ്തു. വൈകാതെ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കാര്യമായ മുന്നേറ്റം നടത്താൻ ഇരുടീമുകൾക്കും സാധിച്ചില്ല. 56-ാം മിനിറ്റിൽ ജർമനിയുടെ ജോഷ്വ കിമ്മിച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് ഗോൾകീപ്പർ ഉനായ് സിമോൺ തട്ടിയകറ്റി. എന്നാൽ ജർമൻ മതിലിൽ വിള്ളൽ വീഴ്‌ത്തിക്കൊണ്ട് പകരക്കാരനായി വന്ന ആൽവാരോ മൊറാട്ട സ്പെയിനിനായി വലകുലുക്കി. ജോർഡി ആൽബയുടെ മനോഹരമായ ക്രോസ് മികച്ച ഫ്ലിക്കിലൂടെ മൊറാട്ട വലയിലെത്തിച്ചപ്പോൾ ജർമൻപട ഞെട്ടലിലായിരുന്നു. മത്സരത്തിന്റെ 62-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോളിക്കാൻ മൊറാട്ടയ്ക്ക് സാധിച്ചു. ഇടതു വിംഗിൽ നിന്നുള്ള ആൽബയുടെ അളന്നു മുറിച്ച ലോ ക്രോസ് കെഹററിന്റെ ദുർബലമായ പ്രതിരോധ ശ്രമത്തെ തോൽപ്പിച്ച മൊറോട്ട വലയിലാക്കി.
തൊട്ടുപിന്നാലെ സ്പെയിൻ മികച്ച മുന്നേറ്റവുമായി ജർമൻ പ്രതിരോധത്തിന് തലവേദന തീർത്തെങ്കിലും മാർക്കോ അസെൻസിയോയുടെ ലക്ഷ്യം തെറ്റിയ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 73-ാം മിനിറ്റിൽ ജർമനിയുടെ നിക്ലാസ് ഫുൾക്രഗിന് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ മികച്ച അവസരം ലഭിച്ചിട്ടും താരത്തിന് അത് മുതലാക്കാനായില്ല. യുവതാരം മുസിയാലയുടെ കൃത്യമായ ക്രോസിന് കാലുവെച്ചിരുന്നെങ്കിൽ ജർമനിക്ക് സമനില ഗോൾ നേടാമായിരുന്നു. തൊട്ടടുത്ത മിനിറ്റിൽ ഗോളടിക്കാനുള്ള അവസരം മുസിയാലയും പാഴാക്കി.
എന്നാൽ നേരത്തേ ലഭിച്ച സുവർണാവസരം പാഴാക്കിയ ഫുൾക്രഗ് ജർമനിക്ക് വേണ്ടി പ്രായശ്ചിത്വം ചെയ്തു. അതിമനോഹരമായ ഗോളിലൂടെ ഫുൾക്രഗ് ജർമൻ പടയ്ക്ക് സമനില ഗോൾ നേടിക്കൊടുത്തു. സനെയും മുസിയാലയും ചേർന്നുതുടങ്ങിവെച്ച മുന്നേറ്റം ഫുൾക്രഗ് മികച്ച ഫിനിഷിലൂടെ വലയിലെത്തിക്കുമ്പോൾ ഗോൾകീപ്പർ ഉനായ് സിമോൺ നിസ്സഹായനായി. പിന്നീട് ഗ്രൗണ്ടിൽ കണ്ടത് ആവേശോജ്ജ്വല പോരാട്ടമാണ്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. പിന്നാലെ മത്സരം സമനിലയിൽ അവസാനിച്ചു. ഇഞ്ചുറി സമയത്ത് വിജയ ഗോളിനായി ജർമനി ആവും വിധം ശ്രമിച്ച് നോക്കിയെങ്കിലും കാൽപ്പന്ത് കളിയുടെ സൗന്ദര്യം ഒട്ടും ചോരാത്ത ഒരു സമനിലയിൽ കളിയുടെ അവസാന വിസിൽ മുഴങ്ങി
സ്പോർട്സ് ഡെസ്ക്