- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല'; കണ്ണീരിൽ കുതിർന്ന ആ വാക്കുകൾ യാഥാർത്ഥ്യമായി; മെസിയുടെ കളി കാണാൻ നിബ്രാസ് ഖത്തറിലേക്ക്; അർജന്റീന പ്രീ ക്വാർട്ടർ ഉറപ്പിക്കുമെന്ന പ്രതീക്ഷയിൽ തൃക്കരിപ്പൂരിലെ കുട്ടി ആരാധകൻ
കണ്ണൂർ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന സൗദി അറേബ്യയോടേറ്റ തോൽവിയിൽ കണ്ണീരണിഞ്ഞ നിബ്രാസിന്റെ ആ വാക്കുകൾ ഓർമയില്ലേ. 'ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല' എന്ന നിബ്രാസിന്റെ വാക്കുകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. മെക്‌സോക്കോയ്ക്ക് എതിരായ ജയത്തോടെ അർജന്റീന പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തിയതിന്റെ ആഹ്ലാദത്തിലാണ് അന്ന് നിയന്ത്രണംവിട്ട് കരഞ്ഞ കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ എട്ടാം ക്ലാസുകാരൻ നിബ്രാസ്.
ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ മെക്സിക്കോയെ 2-0ന് തകർത്ത് അർജന്റീന പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തിയപ്പോൾ മറ്റൊരു സന്തോഷം കൂടി നിബ്രാസിനെ തേടിയെത്തി. പ്രീക്വാർട്ടറിൽ അർജന്റീനയുടെ കളികാണാൻ ഈ കുട്ടി ആരാധകൻ നിബ്രാസ് ഇനി ഖത്തറിലേക്ക് പറക്കും. പയ്യന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിയാണ് നിബ്രാസിനെ ഖത്തറിലെത്തിക്കുന്നത്. അർജന്റീന ജയിച്ചതിനൊപ്പം മെസിയെ നേരിട്ട് കാണാൻ അവസരം ഒരുങ്ങിയതിലെ സന്തോഷത്തിലാണ് നിബ്രാസിപ്പോൾ. നാട്ടിലും സ്‌കൂളിലും താരമായി മാറിയിരിക്കുകയാണ് ഈ പതിമൂന്നുകാരൻ.
ഖത്തർ ലോകക്കപ്പ് മൽസരത്തിൽ അർജന്റീനയുടെ അപ്രതീക്ഷിത തോൽവിയിൽ സങ്കടപ്പെട്ട നിബ്രാസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.. കാസർകോട്ടെ തൃക്കരിപ്പൂർ സ്വദേശിയായ ഈ എട്ടാം ക്ലാസുകാരന് ആശ്വാസം പകർന്ന് വിദ്യാഭ്യാസ മന്ത്രിയും സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചിരുന്നു. വിഡിയോ വൈറൽ ആയതിന് പിന്നാലെ നിരവധി ഫുട്‌ബോൾ ആരാധകരാണ് നിബ്രാസിനെ കാണാനായി എത്തുന്നത്. തൃക്കരിപ്പൂർ മണിയനോടി കദീജയുടെയും നൗഫലിന്റെയും മകനാണ് ഉദിനൂർ ഗവ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായ നിബ്രാസ്.
ഡിസംബർ ഒന്നിന് പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ അർജന്റീന പ്രീ ക്വാർട്ടർ ഉറപ്പിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. കുടുംബക്കാരെല്ലാം അർജന്റീന് ഫാൻസാണെന്ന് നിബ്രാസ് പറയുന്നു. ഉപ്പയും ഉപ്പയുടെ അനിയന്മാരുമാണ് കുഞ്ഞു നിബ്രാസിന് ഫുട്‌ബോളിന്റെ ബാലപാഠങ്ങൾ പകർന്ന് നൽകിയത്. പ്രിയപ്പെട്ട ടീം അർജന്റീന ആണെങ്കിൽ പ്രിയതാരം മെസി ആയിരിക്കുമല്ലോ. നിബാസും കുടുംബവും മെസി ഫാൻസ് ആണ്.
'ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ എനിക്ക് ഫുട്‌ബോളിനോട് ഇഷ്ടമുണ്ടായിരുന്നു. ആ വീഡിയോ കണ്ട് സൗദിയിൽ നിന്നും ഖത്തറിൽ നിന്നും ഒരുപാട് പേർ വിളിച്ചിരുന്നു. ഏറ്റവും വലിയ ആഗ്രഹമാണ് മെസിയെ നേരിട്ട് കാണുക എന്നത്. അത് സാധിക്കാൻ പോകുന്നതിൽ വളരെ സന്തോഷമുണ്ട്.' നിബ്രാസ് പറഞ്ഞു. പയ്യന്നൂരിലെ ഒരു ട്രാവൽ ഏജൻസിയാണ് നിബ്രാസിന് ഖത്തറിലേക്ക് പോകാനുള്ള സംവിധാനങ്ങൾ ഒരുക്കി നൽകുന്നത്.
'ഇതിൽപ്പരം സന്തോഷം എന്താണുള്ളത്. വളരെ സന്തോഷം. മെസിയെ നേരിട്ടുകാണുമ്പോൾ എന്തായിരിക്കും എന്ന് പോലും അറിയില്ല. കൺട്രോൾ പോകും. തെറ്റുകളിൽ നിന്ന് പാഠം പഠിച്ചാണ് അർജന്റീന കളിച്ചത്. ഇനിയുള്ള കളികളെല്ലാം സൂപ്പറായിരിക്കും'. നിബ്രാസ് പറയുന്നു.
ആദ്യ മത്സരത്തിൽ അർജന്റീനയുടെ തോൽവിയാണ് നിബ്രാസിനെ താരമാക്കിയതെന്ന് വേണമെങ്കിൽ പറയാം. കാരണം അർജന്റീനയുടെ പരാജയം മെസിയെയും അർജന്റീനയെയും സ്നേഹിക്കുന്ന നിബ്രാസിന് കണ്ടുനിൽക്കാൻ കഴിയുമായിരുന്നില്ല. 'ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല' എന്ന് ചെറുപുഞ്ചിരി കലർന്ന വിഷമത്തോടെ നിബ്രാസ് പറഞ്ഞപ്പോൾ കൂട്ടുകാരെല്ലാം തമാശയാക്കി. തൊട്ടടുത്ത നിമിഷം ഉള്ളിൽ അടക്കിപ്പിടിച്ച വിഷമം പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു നിബ്രാസ് പ്രകടിപ്പിച്ചത്. ഇതോടെ നിബ്രാസിന്റെ വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.
സ്പോർട്സ് ഡെസ്ക്