- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ആധിപത്യം ദക്ഷിണ കൊറിയയ്ക്ക്; ഗോളടിച്ചത് ഘാന; ആവേശകരമായ ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിൽ; വലചലിപ്പിച്ച് മുഹമ്മദ് സാലിസുവും മുഹമ്മദ് കുഡൂസും; പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യം
ദോഹ: ലോകകപ്പ് പോരാട്ടത്തിൽ ദക്ഷിണ കൊറിയയ്ക്കെതിരെ ആദ്യ പകുതിയിൽ ഘാനയ്ക്ക് രണ്ടു ഗോളിന് മുന്നിൽ. കളിയുടെ തുടക്കം മുതൽ ദക്ഷിണ കൊറിയ ആധിപത്യം പുലർത്തിയെങ്കിലും 10 മിനിറ്റിനിടെ രണ്ടു ഗോളടിച്ചാണ് ഘാന ലീഡ് നേടിയത്. മത്സരത്തിന്റെ 24ാം മിനിറ്റിൽ മുഹമ്മദ് സാലിസു, 34ാം മിനിറ്റിൽ മുഹമ്മദ് കുഡൂസ് എന്നിവരാണ് ഘാനയ്ക്കായി ഗോൾ നേടിയത്. ഇരു ഗോളുകൾക്കും വഴിയൊരുക്കി ജോർദാൻ ആയൂവും കരുത്തു കാട്ടി. ഗ്രൂപ്പ് എച്ചിൽ പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കാൻ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്.
എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ദക്ഷിണ കൊറിയൻ താരങ്ങൾ തുടരാക്രമണം നടത്തുന്നതിനിടെയാണ് കിട്ടിയ രണ്ട് അവസരങ്ങൾ വലയിലെത്തിച്ച് ഘാന ലീഡു പിടിച്ചത്. ഘാന താരം ജോർദാൻ ആയൂ ദക്ഷിണ കൊറിയൻ ബോക്‌സിലേക്ക് ഉയർത്തി വിട്ട ക്രോസ് ക്ലിയർ ചെയ്യുന്നതിൽ അവരുടെ പ്രതിരോധം വരുത്തിയ പിഴവാണ് ആദ്യ ഗോളിനു വഴിവച്ചത്. പന്തു പിടിച്ചെടുത്ത് മുഹമ്മദ് സാലിസു തൊടുത്ത ഇടംകാലൻ ഷോട്ട് ദക്ഷിണ കൊറിയൻ വല കുലുക്കി. സ്‌കോർ 1-0.
ആദ്യ ഗോൾ പിറന്ന് 10 മിനിറ്റ് പൂർത്തിയാകുമ്പോഴേയ്ക്കും ഘാന രണ്ടാം ഗോളും നേടി. ഇടതുവിങ് കേന്ദ്രീകരിച്ച് ഘാന നടത്തിയ മുന്നേറ്റത്തിന്റെ തുടർച്ചയായിരുന്നു രണ്ടാം ഗോൾ. ബോക്‌സിനു പുറത്ത് ഇടതുവിങ്ങിൽനിന്ന് ജോർദാൻ ആയൂ ദക്ഷിണ കൊറിയൻ ബോക്‌സിലേക്ക് പന്ത് ഉയർത്തി വിടുമ്പോൾ പ്രതിരോധിക്കാനായി കൊറിയൻ താരങ്ങൾ ഉയർന്നുചാടി. ദക്ഷിണ കൊറിയക്കാരുടെ പ്രതിരോധം കടന്ന് ബോക്‌സിലേക്ക് ചാഞ്ഞിറങ്ങിയ പന്തിന് അതേ വേഗത്തിൽ മുഹമ്മദ് കുഡൂസ് തലകൊണ്ട് വലയിലേക്ക് വഴികാട്ടി. സ്‌കോർ 2- 0.
കഴിഞ്ഞ മത്സരത്തിൽ യുറഗ്വായെ കുരുക്കിയ ടീമിൽ മൂന്നു മാറ്റങ്ങൾ വരുത്തിയാണ് ദക്ഷിണ കൊറിയൻ പരിശീലൻ പൗലോ ബെന്റോ ടീമിനെ ഇറക്കിയത്. കഴിഞ്ഞ മത്സരത്തിൽ പോർച്ചുഗലിനോടു തോറ്റ ടീമിൽ മൂന്നു മാറ്റങ്ങളുമായാണ് ഘാന പരിശീലകനും ടീമിനെ കളത്തിലിറക്കിയത്.
ആദ്യ മത്സരത്തിൽ കടുകട്ടി പ്രതിരോധവുമായി കളം നിറഞ്ഞ ദക്ഷിണ കൊറിയ, കരുത്തരായ യുറഗ്വായെ ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു. മറുവശത്ത് കരുത്തരായ പോർച്ചുഗലിനെ വിറപ്പിച്ച ശേഷം തോൽവി വഴങ്ങിയാണ് ഘാനയുടെ വരവ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഘാന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനോടു തോറ്റത്.
സ്പോർട്സ് ഡെസ്ക്