ദോഹ: ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിനൊടുവിൽ ഘാനയ്‌ക്കെതിരെ ദക്ഷിണ കൊറിയ പരാജയപ്പെട്ടെങ്കിലും മിനിറ്റുകളുടെ വ്യത്യാസത്തിൽ ഇരട്ട ഗോൾ നേടിയ ചോ ഗ്യൂ സങ്ങിന്റെ പ്രകടനം ആരാധകരുടെ മനംകവർന്നു. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് മുന്നിട്ട് നിന്ന ഘാനയെ വിറപ്പിച്ചാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ മൂന്ന് മിനിറ്റുകൾക്കം കൊറിയ രണ്ട് ഗോളുകൾ തിരിച്ചടിച്ചത്.

മത്സരത്തിൽ ഘാനയുടെ മുഹമ്മദ് കുഡൂസും ദക്ഷിണ കൊറിയയുടെ ചോ ഗ്യൂ സങ്ങും ഇരട്ടഗോളുകൾ നേടിയിരുന്നു. ഇരട്ട ഗോളുകൾ നേടിയതോടെ ഇരുവരും ചരിത്രത്തിൽ ഇടം നേടി. ദക്ഷിണ കൊറിയക്കായി ഇരട്ട ഗോളുകൾ നേടിയതോടെ ലോകകപ്പിൽ രാജ്യത്തിനായി ഇരട്ട ഗോളുകൾ നേടുന്ന ആദ്യ താരമായി ചോ ഗ്യൂ സങ്ങ് മാറി. ഘാനക്കായി ഇരട്ട ഗോളുകൾ നേടിയതോടെ ലോകകപ്പിൽ രാജ്യത്തിനായി ഇരട്ട ഗോളുകൾ നേടുന്ന ആദ്യ താരമെന്ന നേട്ടം മുഹമ്മദ് കുഡൂസും സ്വന്തമാക്കി.



ആദ്യ പകുതിയിൽ പിന്നിട്ടുനിന്ന ദക്ഷിണ കൊറിയയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ചോ ഗ്യൂ സങ്ങ് നേടിയ ഇരട്ടഗോളുകളാണ്. ഒരു ഘട്ടത്തിൽ കരിയറിലെ മോശം ഫോമിലൂടെ കടന്നുപോയ ചോ സൈനിക ടീമിൽ ചേർന്നതിന് ശേഷമാണ് ഫോമിലേക്കുയരുന്നത്. അങ്ങനെയാണ് കൊറിയൻ ടീമിലെ നിർണായകസാന്നിധ്യമായി അയാൾ മാറുന്നത്.

ഡിഫെൻസീവ് മിഡ്ഫീൽഡറുടെ റോളിലാണ് ചോയുടെ യൂത്ത് കരിയർ തുടങ്ങുന്നത്. എന്നാൽ മധ്യനിരയിൽ വേണ്ടത്ര ശോഭിക്കാനാവാതെ വന്നതോടെ പരിശീലകന്റെ നിർദേശപ്രകാരമാണ് ചോ സ്ട്രൈക്കറായി കളിക്കാനാരംഭിച്ചത്. 2019-ൽ സീനിയർ തലത്തിലും അരങ്ങേറ്റം കുറിച്ചു. കെ ലീഗ് 2 ക്ലബ്ലായ എഫ് സി അന്യാങ്കിലാണ് ആദ്യം കളിക്കുന്നതിന്. ശേഷം 2020-ൽ കെ ലീഗ് 1 ക്ലബ്ലായ ജ്യോൻബുക് ഹ്യുണ്ടായി മോട്ടേർസിലേക്ക് കൂടുമാറി.



ക്ലബ്ലിലെ ആദ്യ സീസണിൽ മോശം പ്രകടനമായിരുന്നു ചോ ഗ്യൂ സങ്ങിന്റേത്. പിന്നീട് ചോ സൈനിക ടീമിനായി ബൂട്ടുകെട്ടി. അവിടെ വച്ചാണ് ഒരു മികച്ച ഫുട്ബോളറായി ചോ ഗ്യൂ സങ്ങ് പരിവർത്തനം ചെയ്യപ്പെടുന്നത്. മിലിട്ടറിയിലെ പരിശീലനമാണ് താരത്തെ ശാരീരികമായും സാങ്കേതികമായും മികവുറ്റതാക്കുന്നത്. അങ്ങനെയാണ് ചോ മൈതാനത്ത് അപകടകാരിയായ സ്ട്രൈക്കറായി മാറുന്നത്. 2022-ൽ കെ ലീഗ് 1 ലെ മികച്ച ഗോൾവേട്ടക്കാരനായും ചോ മാറി. ജ്യോൻബുക് ടീമിന് കൊറിയൻ എഫ്എ കപ്പ് കിരീടം നേടിക്കൊടുക്കാനും ചോ ഗ്യൂ സങ്ങിനായി.

അഞ്ച് ഗോളുകൾ പിറന്ന മത്സരത്തിൽ മികച്ച പോരാട്ടത്തിന് ശേഷമാണ് ദക്ഷിണ കൊറിയ ഘാനയോട് പരാജയം ഏറ്റുവാങ്ങിയത്. രണ്ട് ഗോളുകൾക്ക് പിന്നിലായതിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയതിന് ശേഷമാണ് കൊറിയ കീഴടങ്ങിയത്.വിജയത്തോടെ ഘാന നോക്കൗട്ട് സാധ്യതകൾ സജീവമാക്കി. രണ്ട് മത്സരങ്ങളിൽ നിന്നായി മൂന്ന് പോയന്റുള്ള ഘാന പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ്.