- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ആറു ടീമുകളിലായി പന്തു തട്ടുന്ന സഹോദരങ്ങൾ; ലൈബീരിയൻ പ്രസിഡന്റ് ജോർജ് വേയുടെ മകൻ തിമോതി വേ ബൂട്ടുകെട്ടുന്നത് യു.എസ്.എ ടീമിനായി; അപൂർവതകളുടെ സംഗമവേദിയായി ഖത്തർ ലോകകപ്പ്
ദോഹ: അപൂർവതകളുടെ സംഗമവേദിയാണ് ഇത്തവണത്തെ ലോകകപ്പ്. വിവിധ ടീമുകളിലായി പന്തു തട്ടുന്ന സഹോദരങ്ങളടക്കം ഒട്ടേറെ അപൂർവതകൾ. ലൈബീരിയൻ പ്രസിഡന്റും മുൻ ബാലൻ ഡിയോർ ജേതാവുമായ ജോർജ് വേയുടെ മകൻ തിമോതി വേ യു.എസ്.എ ടീമിനു വേണ്ടി ബൂട്ട് കെട്ടുകയും തന്റെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ കണ്ടെത്തുകയും ചെയ്തത് നേരത്തേ വലിയ വാർത്തയായിരുന്നു.
ബന്ധുക്കളുടെ സംഗമവേദിയായി ഖത്തർ ലോകകപ്പ് മാറുകയാണ്. ഈ ലോകകപ്പിലെ ഏറ്റവും വലിയ അപൂർവതകളിൽ ഒന്നാണ് പല രാജ്യങ്ങൾക്കു വേണ്ടിയും സഹതാരങ്ങളായും അല്ലാതെയുമൊക്കെ കളിക്കുന്ന സഹോദരങ്ങൾ. ആറ് ടീമുകളിലാണ് ഇക്കുറി ജ്യേഷ്ടാനുജന്മാർ പന്ത് തട്ടുന്നത്.
ഇനാകി വില്യംസും നികോ വില്യംസും( ഘാന,സ്‌പെയിൻ)
സ്പാനിഷ് ക്ലബായ അത്ലറ്റിക് ബിൽബാവോയ്ക്കായി പന്തു തട്ടുന്ന സഹോദരങ്ങളാണ് ഇനാകി വില്യംസും നിക്കോ വില്യംസും. ക്ലബ്ബിൽ ഒരുമിച്ചാണെങ്കിലും ദേശീയ തലത്തിൽ ഇരുവരും വിവിധ ടീമുകൾക്കായാണ് കളിക്കുന്നത്. ഇനാകി തന്റെ ജന്മനാടായ ഘാനക്ക് വേണ്ടിയാണ് പന്തു തട്ടുന്നതെങ്കിൽ നിക്കോ ലോകകപ്പിനുള്ള സ്‌പെയിൻ ടീമിന്റെ ഭാഗമാണ്.
ഈഡൻ ഹസാർഡും തൊർഗൻ ഹസാർഡും( ബെൽജിയം)
ഈഡൻ ഹസാർഡും തോർഗൻ ഹസാർഡും കുറച്ചു കാലമായി ബെൽജിയം ടീമിന്റെ പ്രധാന താരങ്ങളാണ്. ഇത് രണ്ടാം തവണയാണ് ലോകകപ്പിൽ ഇരുവരും ഒരുമിച്ച് പന്ത് തട്ടുന്നത്. ഈഡൻ ഹസാർഡ് റയൽ മാഡ്രിഡിന്റെ താരമാണ്. തോർഗൻ ഹസാർഡ് ബൊറൂസിയ ഡോർട്ട്മുണ്ടിന് വേണ്ടിയാണ് പന്തു തട്ടുന്നത്.
ആന്ദ്രേ അയേവും ജോർദാൻ അയേവും(ഘാന)
1992-93 സീസണിൽ മാർസെയ്ലെയ്ക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ അബേദി അയേവിന്റെ മക്കളാണ് ഘാന താരങ്ങളായ ആന്ദ്രേ അയേവും ജോർദാൻ അയേവും. ഘാന ദേശീയ ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയാണ് അബേദി അയേവ്.
2010ലും 2014 ലോകകപ്പുകളിലും ആന്ദ്രെ അയേവ് ഘാനക്കായി പന്തു തട്ടിയിട്ടുണ്ട്. 2014 ലോകകപ്പിലാണ് ഈ സഹോദരങ്ങൾ ആദ്യമായി ഒരുമിച്ച് പന്ത് തട്ടിയത്. ആന്ദ്രെ അയേവ് നിലവിൽ ഖത്തറിലെ അൽസാദ് ക്ലബ്ബിന് വേണ്ടിയാണ് പന്ത് തട്ടുന്നത്. ജോർദാൻ ക്രിസ്റ്റൽ പാലസിന്റെ ഫോർവേഡാണ്.
വാഞ്ചയും സെർഗെജും(സെർബിയ)
ലോകകപ്പിൽ ബ്രസീലടങ്ങുന്ന ഗ്രൂപ്പിൽ പന്തു തട്ടുന്ന സെർബിയൻ ടീമിൽ ഇടംപിടിച്ച സഹോദരങ്ങളാണ് മിഡ്ഫീൽഡറായ സെർഗെജ് മിലിൻകോവിച്ചും ഗോൾകീപ്പറായ വാഞ്ചാ മിലിൻകോവിച്ചും. ലാസിയോയുടെ താരമാണ് സെർഗെജ്. വാഞ്ചയാവട്ടെ ഇറ്റലിയിലെ ടോറിനോ ക്ലബ്ബിന്റെ ഗോൾകീപ്പറാണ്.
ലൂക്കാസ് ഹെർണാണ്ടസും തിയോ ഹെർണാണ്ടസും (ഫ്രാൻസ്)
നിലവിലെ ചാമ്പ്യന്മാരായ ഫ്രഞ്ച് ടീമിന്റെ ഭാഗമാണ് ലൂക്കാസ് ഹെർണാണ്ടസും സഹോദരൻ തിയോ ഹെർണാണ്ടസും. നിർഭാഗ്യവശാൽ ഓസ്ട്രേലിയയ്ക്കെതിരായ ഫ്രാൻസിന്റെ ആദ്യ മത്സരത്തിൽ കാൽമുട്ടിന് പരിക്കേറ്റ ലൂക്കാസ് ഹെർണാണ്ടസിന് ഇനി ടൂർണമെന്റിലെ ശേഷിച്ച മത്സരങ്ങൾ കളിക്കാനാവില്ല. അദ്ദേഹത്തിന്റെ പകരക്കാരനായാണ് സഹോദരൻ തിയോ ഹെർണാണ്ടസ് ടീമിൽ ഇടംപിടിച്ചത്. ലൂക്കാസ് ഹെർണാണ്ടസ് ബുണ്ടസ് ലീഗയിലെ വമ്പന്മാരായ ബയേൺ മ്യൂണിക്കിന്റെ താരമാണ്. തിയോ ഹെർണാണ്ടസ് നിലവിലെ സീരി എ ചാമ്പ്യന്മാരായ എസി മിലാന് വേണ്ടിയാണ് പന്തു തട്ടുന്നത്.
സ്പോർട്സ് ഡെസ്ക്