ദോഹ: ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ കരുത്തരായ പോർച്ചുഗലും യുറഗ്വായും തമ്മിലുള്ള മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതം. ഇരുടീമുകൾക്കും ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല. പോർച്ചുഗീസ് ആക്രമണവും യുറഗ്വയ് പ്രതിരോധവും തമ്മിലുള്ള പോരാട്ടമാണ് മൈതാനത്ത് കണ്ടത്.

ഇരു ടീമുകളുടെ വിരലിൽ എണ്ണാവുന്ന മികച്ച നീക്കങ്ങൾ കണ്ടെങ്കിലും ആക്രമണത്തിന് വേണ്ടത്ര കരുത്തില്ലായിരുന്നു. 11-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ അവസരം ഒരുങ്ങിയത്. കോർണറിൽ ഗിമിനസ് തലവെച്ചെങ്കിലും ക്രോസ് ബാറിന് തൊട്ട് മുകളിലൂടെ പുറത്തേക്ക് പോയി.



കളി അൽപ്പം പരുക്കനായിട്ട് തന്നെയാണ് തുടങ്ങിയത്. യുറഗ്വയുടെ ബെന്റാക്വറിന് ആറാം മിനിറ്റിൽ തന്നെ മഞ്ഞക്കാർഡ് ലഭിച്ചു. പോർച്ചുഗലിന്റെ റൂബൻ ഡയസിന് റഫറി മുന്നറിയിപ്പും നൽകി.12-ാം മിനിറ്റിൽ യുറഗ്വായ് പ്രതിരോധനിരക്കാരൻ ജിമിനസ്സ് ഉഗ്രൻ ഹെഡ്ഡറുതിർത്തു. പക്ഷേ ഹെഡ്ഡർ ഗോൾ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. പിന്നീട് പോർച്ചുഗൽ നിരവധി മുന്നേറ്റങ്ങൾ നടത്തി. 17-ാം മിനിറ്റിൽ നൂനോ മെൻഡസിനെ വീഴ്‌ത്തിയതിന് ബോക്‌സിന് പുറത്ത് നിന്ന് ഫ്രീകിക്ക് ലഭിച്ചപ്പോൾ ഗാലറിയിൽ റൊണാൾഡോ എന്ന് ആർപ്പുവിളി ഉയർന്നു. എന്നാൽ, സിആർ 7ന്റെ ഷോട്ട് യുറഗ്വൻ പ്രതിരോധ മതിലിൽ തട്ടി പുറത്തേക്ക് പോയി. സുന്ദരമായ പാസിംഗിലൂടെ മെച്ചപ്പെട്ട കളി പുറത്തെടുത്ത് പറങ്കിപ്പട ആയിരുന്നു.

32-ാം മിനിറ്റിൽ മുന്നിലെത്താൻ യുറഗ്വായ്ക്ക് മികച്ച അവസരം ലഭിച്ചു. എന്നാൽ യുറഗ്വായ് മിഡ്ഫീൽഡർ റോഡ്രിഗോ ബെന്റൻക്കർ തൊടുത്തുവിട്ട ഷോട്ട് പോർച്ചുഗൽ ഗോൾകീപ്പർ ഡീഗോ കോസ്റ്റ സേവ് ചെയ്തു. യുറഗ്വായ് ഗോളടിക്കാൻ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പോർച്ചുഗൽ പ്രതിരോധം ഭേദിക്കാനായില്ല. മറുവശത്ത് ക്രിസ്റ്റിയാനോയും യുറഗ്വായ് പെനാൽറ്റി ബോക്സിൽ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.

പിന്നാലെ അൽപ്പം കൂടെ മികച്ച നിലയിൽ കളിയിലേക്ക് തിരികെ വരാൻ അവർക്ക് സാധിച്ചു. 42-ാം മിനിറ്റിൽ പരിക്കേറ്റ ന്യൂനോയെ ഫെർണാണ്ടോ സാന്റോസിന് പിൻവലിക്കേണ്ടി വന്നു. നിറഞ്ഞ കണ്ണുകളോടെ പിഎസ്ജിയുടെ പോർച്ചുഗീസ് താരമായ ന്യൂനോ കളം വിടുന്നത് സങ്കടകരമായ കാഴ്ചയായി. അധികം വൈകാതെ ആദ്യ പകുതിക്കും അവസാനമായി.



ഘാനയെ തോൽപ്പിച്ച മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് പോർച്ചുഗൽ ഇറങ്ങിയത്. പരിക്കേറ്റ ഡാനിലോ പെരേരയും ഒട്ടാവിയോ എന്നിവർക്ക് പുറമെ ഗുറൈറോയ്ക്കും ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമായി. പെപെ, ന്യൂനോ മെൻഡസ്, കവാലിയോ എന്നിവരാണ് പകരം എത്തിയത്. സുവാരസും പെല്ലിസ്ട്രിയെയും അടക്കം മൂന്ന് മാറ്റങ്ങൾ യുറഗ്വയും വരുത്തി. സുവാരസിന് പകരം കവാനിയാണ് മുന്നേറ്റ നിരയിൽ എത്തിയത്.

ആദ്യ മത്സരത്തിൽ ഘാനയെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ക്രിസ്റ്റ്യാനോയും സംഘവും. വിജയിച്ചാൽ പോർച്ചുഗൽ പ്രീക്വാർട്ടറിലെത്തും. എന്നാൽ ദക്ഷിണ കൊറിയയുമായി ഗോൾ രഹിതസമനിലയിലാണ് യുറഗ്വായുടെ ആദ്യ മത്സരം കലാശിച്ചത്.