- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ; തോറ്റാൽ നാട്ടിലേക്ക് മടങ്ങാം; സമനില പിടിച്ചാൽ പോളണ്ട് അകത്ത്; അർജന്റീനയ്ക്ക് സൗദി-മെക്സിക്കോ മത്സരഫലം നിർണായകം; വിജയത്തിന് വേണ്ടി പോരാടുമെന്ന് സ്‌കലോണി; മികച്ച നിലവാരത്തിലേക്ക് ടീം എത്തിയിട്ടില്ലെന്ന് മാർട്ടിനെസ്
ദോഹ: ആദ്യ മത്സരത്തിൽ സൗദി അറേബ്യയ്ക്ക് മുന്നിൽ പതറിവീണ ശേഷം മെക്‌സിക്കോയ്‌ക്കെതിരെ 2 -0ന് മിന്നും ജയം സ്വന്തമാക്കിയ അർജന്റീനയ്ക്ക് ഗ്രൂപ്പ് മത്സരത്തിലെ അവസാന മത്സരം നിർണായകമാണ്. ലോകകപ്പ് ഫുട്ബോളിലെ ജീവന്മരണ പോരാട്ടത്തിൽ മെസിപ്പട ഇന്ന് പോളണ്ടിനെ നേരിടും. മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും അർജന്റീന ലക്ഷ്യമാക്കുന്നില്ല. ജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ കടക്കാം. തോറ്റാൽ നാട്ടിലേക്ക് മടങ്ങാം. സമനിലയിലായാൽ സൗദി-മെക്സിക്കോ മത്സരഫലത്തെ ആശ്രയിച്ചിരിക്കും സ്‌കലോണിയുടെ സംഘത്തിന്റെ ഭാവി. ഇന്ന് അർദ്ധരാത്രി 12: 30 നാണ് മത്സരം.
ആദ്യ മത്സരത്തിൽ പരാജയപ്പെട്ട അർജന്റീനയുടെ പ്രതിരോധനിര രണ്ടാം മത്സരത്തിൽ ഫോമിലായി. മെസ്സിയും എയ്ഞ്ചൽ ഡി മരിയയും ചേർന്നു നടത്തുന്ന മുന്നേറ്റത്തിലാണ് അർജന്റീനയുടെ പ്രതീക്ഷകൾ. മധ്യനിരയിൽ റോഡ്രിഗോ ഡി പോൾ ഫോമിലെത്തിയിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ എൻസോ ഫെർണാണ്ടസിനെ ആദ്യ ഇലവനിൽ പരിശീലകൻ ലയണൽ സ്‌കലോണി ഇറക്കിയേക്കും. മെക്സിക്കോക്കെതിരായ വിജയം ടീമിന് വലിയ ഊർജം പകർന്നതായും വിജയത്തിന് വേണ്ടി പോരാടുമെന്നും കോച്ച് ലയണൽ സ്‌കലോണി ദോഹയിൽ പറഞ്ഞു.
പോളണ്ട് മികച്ച ടീമാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് തങ്ങൾക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും പ്രതിരോധനിരക്കാരൻ ലിസാൻഡ്രോ മാർട്ടിനസ് വ്യക്തമാക്കി. മെക്സിക്കോക്കെതിരെ ഗോൾ നേടുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്ത എൻസോ ഫെർണാണ്ടസിനെ ഇന്ന് ആദ്യ ഇലവനിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്. എന്നാൽ പ്രതിരോധത്തിന് കാര്യമായ ഊന്നൽ നൽകിയുള്ള കളി ശൈലി തന്നെയാകും കോച്ച് സ്‌കലോണി ഇന്നും പിന്തുടരുക.
ലോകകപ്പിലെ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ കടുത്ത വിമർശനങ്ങളാണ് അർജന്റീനയ്ക്ക് എതിരെ ഉയർന്നുവരുന്നത്. ടീം യഥാർത്ഥ നിലവാരത്തിലേക്ക് എത്തിയിട്ടില്ലെന്നാണ് ലിസാന്ദ്രോ മാർട്ടിനെസ് തുറന്നു പറഞ്ഞിരിക്കുന്നത്.'ടീമിന്റെ കഴിവ് എന്തെന്ന് ഞങ്ങൾക്കറിയാം. നന്നായി കളിക്കാൻ ടീമിനാകും. എന്നാൽ മികച്ച നിലവാരത്തിലേക്ക് ടീമിന് ഇതുവരെ ഉയരാനായി സാധിച്ചിട്ടില്ല. ഞങ്ങൾ അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
മെസ്സിയുടെ ഗോൾ വീഴുന്നത് വരെ മെക്സിക്കോയുമായുള്ള മത്സരം കഠിനമായിരുന്നു. പോളണ്ടുമായുള്ള മത്സരത്തിൽ അവർ ആക്രമണങ്ങൾ നടത്താതിരിക്കാൻ പ്രതിരോധം സംഘടിതരായിരിക്കണം', ലിസാന്ദ്രോ മാർട്ടിനെസ് പറഞ്ഞു.ഒരു പോയിന്റ് നേടുക എന്ന ലക്ഷ്യത്തിൽ സമനിലയ്ക്ക് വേണ്ടിയാകും പോളണ്ട് ഇന്ന് കളത്തിലിറങ്ങുന്നത്. ഗ്രൂപ്പിലെ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ നാല് പോയിന്റുമായി പോളണ്ട് ഒന്നാം സ്ഥാനത്താണ്. ഇന്നത്തെ മത്സരം സമനിലയിൽ കലാശിക്കുകയാണെങ്കിൽ പോളണ്ടിന് അഞ്ച് പോയിന്റാകും. അതിനാൽ തന്നെ മെസ്സിയും കൂട്ടരും വല കുലുക്കാതെ പ്രതിരോധം ശക്തമാക്കുക എന്നതിനായിരിക്കും പോളണ്ട് മുൻഗണന നൽകുന്നത്. മെക്സിക്കോയെ തോൽപ്പിച്ചാൽ ഒന്നാം സ്ഥാനക്കാരായി സൗദി പ്രീക്വാർട്ടറിൽ എത്തും.
സൗദി-മെക്‌സിക്കോ മത്സരത്തിൽ സൗദി ജയിച്ചാൽ രണ്ടാം സ്ഥാനക്കാരായിട്ടാവും പോളണ്ടിന്റെ (അർജന്റീനക്കെതിരെ സമനിലയായാൽ) പ്രീ ക്വാർട്ടർ പ്രവേശം. മെക്സിക്കോ ജയിച്ചാലും പോളണ്ടിന്റെ പ്രീക്വാർട്ടർ പ്രവേശനത്തെ ബാധിക്കില്ല. അതിനാൽ തന്നെ പ്രതിരോധത്തിലൂന്നിയുള്ള ശൈലിയാകും പോളണ്ടും പിന്തുടരുക. സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി ആദ്യ മത്സരത്തിൽ പെനൽറ്റി നഷ്ടമാക്കിയിരുന്നെങ്കിലും രണ്ടാം മത്സരത്തിൽ ഗോൾ നേടി ഫോമിലേക്കു തിരിച്ചെത്തി. ലെവൻഡോവ്‌സ്‌കിയിലാണ് പോളണ്ടിന്റെ പ്രതീക്ഷകൾ.
ആദ്യ മത്സരത്തിൽ മെക്‌സിക്കോയോടു സമനില. രണ്ടാം മത്സരത്തിൽ സൗദിയെ തോൽപിച്ചു. തോൽവി അറിയാതെയാണ് പോളണ്ടിന്റെ വരവ്. റോബർട്ട് ലെവൻഡോവ്‌സ്‌കി എന്ന താരത്തിലാണ് ടീമിന്റെ പ്രതീക്ഷ മുഴുവൻ. എന്നാൽ ലെവൻഡോവ്‌സ്‌കിക്കു പിന്തുണ നൽകാൻ ടീമിൽ മികച്ച ഫോർവേഡുകളില്ല. 2 മത്സരങ്ങളിലായി ഗോൾ വഴങ്ങിയിട്ടില്ലാത്ത പ്രതിരോധം ഇന്നു സമനിലയ്ക്കു ശ്രമിച്ചേക്കും. കഴിഞ്ഞ മത്സരത്തിൽ പെനൽറ്റി സേവ് ഉൾപ്പെടെ 5 സേവുകൾ നടത്തിയ ഗോൾകീപ്പർ വോയ്‌ചെക് ഷെസ്‌നി മികച്ച ഫോമിലാണ്.
സ്പോർട്സ് ഡെസ്ക്