ദോഹ: സ്വിറ്റ്‌സർലൻഡിനെതിരെ തിങ്കളാഴ്ച രാത്രി 974 സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്രസീലിന്റെ തകർപ്പൻ ജയത്തിന് പിന്നാലെ കാണികൾ 'നെയ്മറെ' പൊതിഞ്ഞു. പിന്നെ സെൽഫിയെടുക്കാൻ തിരക്കോട് തിരക്ക്. ഈ തള്ളിച്ചക്കിടയിൽ വീർപ്പുമുട്ടുമ്പോഴും 'നെയ്മർ' കള്ളചിരിയോടെ പോസ് ചെയ്തുകൊണ്ടേയിരുന്നു. ആരാധകർക്ക് വലിയ സന്തോഷം.

സെർബിയക്കെതിരായ മത്സരത്തിനിടെ സാരമായ പരിക്കേറ്റ് ഗ്രൂപ് റൗണ്ടിലെ ബാക്കി രണ്ടു മത്സരങ്ങൾ കളിക്കാതെ നെയ്മർ പുറത്തിരിക്കുന്നതിനിടയിലാണ് സെൽഫിയെടുക്കാനായി താരത്തോടുള്ള ആരാധക സ്‌നേഹം അണപൊട്ടിയത്. തിരക്കുനിയന്ത്രിക്കാൻ വാളന്റിയർമാർക്കുവരെ ഇടപെടേണ്ടിവന്നു.

സെൽഫിയെടുക്കാനും അടുത്തുനിൽക്കാനും ഒന്നുതൊടാനുമൊക്കെ തിരക്കുകൂട്ടിക്കൊണ്ടിരുന്നത് യഥാർഥ നെയ്മറെയല്ല എന്ന് ആൾക്കൂട്ടത്തിലെ പലരും മനസ്സിലാക്കിയത് പിന്നീടാണ്. ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുന്നത് നെയ്മറുടെ അപരനാണെന്ന് തിരിച്ചറിഞ്ഞത് കുറച്ചുപേർ മാത്രമായിരുന്നു.

ബ്രസീലിന്റെ ജഴ്‌സി, വെള്ളത്തൊപ്പി, കൂളിങ് ഗ്ലാസ്..ഭാവഹാവാദികളും വേഷഭൂഷാദികളും ചേർന്നപ്പോൾ യഥാർഥ നെയ്മറല്ലെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ അമ്പരപ്പിക്കുന്ന രൂപസാദൃശ്യം. യഥാർഥ നെയ്മർ ദേഹത്തു പച്ചകുത്തിയതുപോലും അതേ രൂപത്തിൽ അപരനും പകർത്തിയിരിക്കുന്നു. ആളുകൾ തെറ്റിദ്ധരിച്ചതിൽ ഒട്ടും കുറ്റം പറയാനാവില്ല.

പരിക്കുകാരണം വിശ്രമിക്കുന്ന യഥാർഥ നെയ്മർ അന്ന് സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിനായി സ്റ്റേഡിയ പരിസരത്തെവിടെയും ഉണ്ടായിരുന്നില്ല. ഇതൊന്നുമറിയാതെയാണ് ആളുകൾ അപരനുചുറ്റും കൂട്ടംകൂടിയത്. കളിയുടെ ഇടവേളയിൽ 'നെയ്മർ' തങ്ങൾക്കൊപ്പം ഗാലറിയിലുണ്ടെന്നറിഞ്ഞതോടെ കാണികൾ തിരക്കുകൂട്ടി. മത്സരശേഷവും 'തിരക്ക്' ഉണ്ടായതോടെ സെക്യൂരിറ്റി അകമ്പടിയോടെ ഇയാളെ കണ്ടെയ്‌നർ സ്റ്റേഡിയത്തിന്റെ പുറത്തെത്തിക്കുകയായിരുന്നു.

ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ ഈ അപരനെ കൊണ്ട് വട്ടം ചുറ്റിയിരിക്കുകയാണ് ഇപ്പോൾ ഖത്തർ പൊലീസും ലോകകപ്പ് സംഘാടകരും. പാരീസുകാരനായ സോസിയ ഡാനെയാണ് ആരാധകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വട്ടം കറക്കുന്നത്. നെയ്മറുടെ അപരനാണെന്ന് തിരിച്ചറിയാതെ സ്റ്റേഡിയത്തിലെ നിരോധിത മേഖലയിൽ വരെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കൊണ്ടുപോയി.

പരിക്കിനെ തുടർന്ന് സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിന്റെ അന്ന് ബ്രസീലിയൻ സൂപ്പർ താരം എത്തിയിരുന്നില്ല. എന്നാൽ മത്സരത്തിന് തൊട്ടുമുൻപ് സ്റ്റേഡിയത്തിന് മുന്നിൽ 'നെയ്മറെത്തി'. പിന്നെ ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സ്റ്റേഡിയത്തിനുള്ളിലേക്ക് കടന്നു. കളിക്കാർക്കും ഒഫീഷ്യലുകൾക്കും അല്ലാതെ മറ്റാർക്കും അനുമതിയില്ലാതെ എത്താനാവാത്ത ഇടത്തുൾപ്പെടെ സുരക്ഷാ ഉദ്യോഗസ്ഥർ അയാളെ എത്തിച്ചു. പോരാത്തതിന് കൂടെ നിന്ന് എല്ലാവരും സെൽഫിയെടുത്തു.

 
 
 
View this post on Instagram

A post shared by sosiadoney (@sosiadoney)

പിന്നെയാണ് എല്ലാവർക്കും ആളെ പിടികിട്ടിയത്. വന്നത് സാക്ഷാൽ നെയ്മർ അല്ല, പകരം ഡ്യൂപ്പാണ്. സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും കുറ്റം പറയാനാകില്ല. അത്രക്കുണ്ട് സോസിയ ഡാനെയ്ക്ക് നെയ്മറോടുള്ള സാമ്യം. കളത്തിലിറങ്ങാതിരുന്ന നെയ്മർ ഗ്യാലറിയിലുണ്ടെന്നറിഞ്ഞ ആരാധകർ സെൽഫിയും ചിത്രങ്ങളുമെടുക്കാൻ തിരക്കുകൂട്ടി. തിരക്ക് കൂടിയതോടെ ഒടുവിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇടപെട്ട് സോസിയ ഡാനെയെ കണ്ടെയ്നർ സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

ഇടയ്ക്കിടെ ദോഹയുടെ തെരുവുകളിൽ അപരൻ നെയ്മർ നടക്കാനിറങ്ങുന്നതും ആരാധക്കൂട്ടത്തെ സൃഷ്ടിക്കുന്നുണ്ട്. എട്ടര ലക്ഷത്തോളം പേരാണ് ഈ സ്റ്റാർ അപരനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.