- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
അന്ന് കൈയെത്തും ദൂരത്ത് ലെവൻഡോവ്സ്കിക്ക് ബാലൻ ദി ഓർ നഷ്ടമായപ്പോൾ മിന്നി തിളങ്ങിയത് സാക്ഷാൽ മെസി; ഇന്ന് മെസി ഇല്ലാത്ത ബാഴ്സയുടെ ഗോളടി യന്ത്രം; ഇത് മധുര പ്രതികാരത്തിനുള്ള അവസരം; അർജന്റീനയുടെ കണ്ണീർ വീഴ്ത്തുമോ?
ദോഹ: ഇന്ന് തോറ്റാൽ നാട്ടിലേക്ക് മടക്ക ടിക്കറ്റെടുക്കാം. ലോകകപ്പ് ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ പോളണ്ടിനെ നേരിടുമ്പോൾ അർജന്റീനയ്ക്കു മുമ്പിൽ കടുത്ത സമ്മർദ്ദം ഈ തോൽവി ഭയം തന്നെയാണ്. ഒരു സമനില പോലും മുമ്പോട്ടുള്ള യാത്ര അപകടത്തിലാക്കും. ഗ്രൂപ്പിലെ മറ്റു ടീമുകളുടെ കാരുണ്യത്തെ ആശ്രയിക്കേണ്ടി വരും.
സി ഗ്രൂപ്പിൽ അർജന്റീന ഏറ്റുമുട്ടുന്ന ഏറ്റവും കരുത്തരായ എതിരാളികളാണ് റോബർട്ട് ലെവൻഡോവ്സ്കിയുടെ പോളണ്ട്. രണ്ട് കളിയിൽനിന്ന് ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റാണ് അവർക്കുള്ളത്. ഗ്രൂപ്പിൽ ഒന്നാമത്. ഒരു സമനില പോലും അവർക്ക് പ്രീ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്യാനുള്ള വഴിയൊരുക്കും.
വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലേക്ക് പ്രവേശിക്കാനാകും അർജന്റീന ആഗ്രഹിക്കുക. രണ്ടാം സ്ഥാനക്കാരാണെങ്കിൽ അടുത്ത ഘട്ടത്തിൽ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായ ഫ്രാൻസിനെയാകും മെസ്സിക്കും സംഘത്തിനും നേരിടാനുണ്ടാകുക. ചാമ്പ്യന്മാരായാൽ ഡെന്മാർക്ക്, ആസ്ട്രേലിയ ടീമുകളിൽ ഏതെങ്കിലുമൊന്ന് എതിരാളികളായി വരും. കണക്കിലെ കളിയിൽ തുനീഷ്യക്കും സാധ്യതയുണ്ടെങ്കിലും മിന്നും ഫോമിൽ നിൽക്കുന്ന ഫ്രാൻസിനെതിരെ അവർ വിജയിക്കാനിടയില്ല.
ആദ്യം ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിക്കുക എന്നതാണ് മെസിയുടേയും സംഘത്തിന്റെയും പ്രധാന ലക്ഷ്യം.നിർണായക മത്സരത്തിൽ അർജന്റീനയും പോളണ്ടും ഏറ്റുമുട്ടുമ്പോൾ അത് ലയണൽ മെസിയും റോബർട്ട് ലെവൻഡോവ്സ്കിയും തമ്മിലുള്ള പോരാട്ടം കൂടിയായി മാറുകയാണ്. പോളണ്ട് നായകന്റെ ഏറ്റവും വലിയ സ്വപ്നം മെസി തകർത്ത കഥയാണ് ലോകകപ്പ് പോരാട്ടത്തിന് മുൻപ് ചർച്ചയാകുന്നത്. ബയേൺ മ്യൂണിക്കിനായി ഗോളടിച്ചുകൂട്ടി റോബർട്ട് ലെവൻഡോവ്സ്കി യൂറോപ്പിൽ മെസിക്കും റൊണാൾഡോയ്ക്കും ഭീഷണിയുയർത്തിയ കാലത്ത് കൈയെത്തും ദൂരത്താണ് അന്ന് ബാലൻ ദി ഓർ നഷ്ടമായത്.
ലെവെയ്ക്ക് ബാലൻ ദി ഓർ നഷ്ടമായപ്പോൾ മിന്നി തിളങ്ങിയത് സാക്ഷാൽ മെസി തന്നെയാണ്. അന്ന് ബാഴ്സലോണ താരമായിരുന്ന മെസിക്ക് പോലും ലെവൻഡോവ്സ്കിയുടെ അർഹതയിൽ സംശയമുണ്ടായിരുന്നില്ല. എന്നാൽ, ലെവൻഡോവ്സ്കി ഉജ്വലമായി കളിച്ച സീസണിലും മെസിയുടെ വോട്ട് തന്റെത് സുഹൃത്തുക്കൾക്കാണ് പോയത്. ലെവൻഡോവ്സ്കിയുമായുള്ള മെസിയുടെ ബന്ധം പാപ്പരാസികൾ പലതരത്തിൽ ചർച്ചയാക്കിയെങ്കിലും ഇരുവരും മറുപടി നൽകാതെ ഒഴിഞ്ഞുമാറി.
മെസിയുടെ കളിത്തൊട്ടിലായ ബാഴ്സയിലാണ് ഇന്ന് ലെവൻഡോവ്സ്കി കളിക്കുന്നത്. മെസി ഇല്ലാതെ ബുദ്ധിമുട്ടി ബാഴ്സയുടെ ഗോളടി യന്ത്രമായി ഇതിനകം ലെവെ മാറിക്കഴിഞ്ഞു. ഇന്ന് ജീവന്മരണ പോരാട്ടത്തിനെത്തുമ്പോൾ ഒത്ത എതിരാളിയെ തന്നെ അർജന്റൈൻ നായകന് മുന്നിലുള്ളതെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. ഗ്രൂപ്പ് സിയിൽ നാല് പോയിന്റുമായി പോളണ്ടാണ് നിലവിൽ ഒന്നാമത് നിൽക്കുന്നത്.
ആദ്യ കളിയിൽ ലാറ്റിനമേരിക്കൻ ശക്തികളായ മെക്സിക്കോ ആയിരുന്നു പോളണ്ടിന്റെ എതിരാളികൾ. എതിരാളികൾക്കെതിരെ വ്യക്തമായ ആധിപത്യം നേടിയിട്ടും ആ മത്സരത്തിൽ പോളിഷ് സംഘത്തിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഗോളിലേക്ക് പതിനൊന്നു ഷോട്ടുകളാണ് ടീം ഉതിർത്തത്. മത്സരത്തിൽ ലഭിച്ച പെനാൽറ്റി ലെവൻഡോവ്സ്കി നഷ്ടപ്പെടുത്തുകയും ചെയ്തു. മെക്സിക്കൻ ഗോൾകീപ്പർ ഗിലെർമോ ഒച്ചാവയാണ് പോളിഷ് സ്ട്രൈക്കറുടെ ഷോട്ട് തടുത്തത്.
എന്നാൽ രണ്ടാം മത്സരത്തിൽ അർജന്റീനയെ അട്ടിമറിച്ചെത്തിയ സൗദി അറേബ്യയെ രണ്ടു ഗോളിന് പോളണ്ട് തോൽപ്പിച്ചു. സെലൻസ്കി, ലെവൻഡോവ്സ്കി എന്നിവരായിരുന്നു സ്കോറർമാർ. യൂറോപ്യൻ കളിത്തട്ടിലെ പരിചയസമ്പത്തു കൊണ്ടാണ് ആ കളി പോളിഷ് സംഘം ജയിച്ചു കയറിയത്. നന്നായി കളിച്ച സൗദി ടാർഗറ്റിലേക്ക് അഞ്ചു തവണയാണ് ഷോട്ടടിച്ചത്. പോളണ്ട് മൂന്നും.
മെക്സിക്കോയ്ക്കെതിരെ ലവൻഡോവ്സ്കിയെ മുന്നിൽ നിർത്തി 4-1-4-1 ഫോർമേഷനിലാണ് കോച്ച് ജെറാഡോ മാർട്ടിനോ ടീമിനെ വിന്യസിച്ചത്. വിജയം അനിവാര്യമായ ഘട്ടത്തിൽ സൗദിക്കെതിരെ 4-4-2 ആയിരുന്നു ഫോർമേഷൻ. ലെവൻഡോവ്സ്കിക്ക് ഒപ്പം സീരി എയിൽ യുവന്റസിനായി കളിക്കുന്ന മിലികാണ് ആക്രമണത്തിലുണ്ടായിരുന്നത്.
സമനില ലക്ഷ്യമിട്ടുള്ള പ്രതിരോധ ഫുട്ബോളല്ല കളിക്കുന്നത് എങ്കിൽ, കായികമായി തങ്ങൾക്കുള്ള മേൽക്കൈ കളത്തിൽ ഉപയോഗിക്കാൻ പോളണ്ട് ശ്രമിക്കും. പോളണ്ടിന്റെ രണ്ട് സ്ട്രൈക്കർമാരും നല്ല ഉയരമുള്ളവരാണ്. അർജന്റീനയുടെ ഇരുവശങ്ങളിലൂടെയും ആക്രമിച്ച് ബോക്സിലേക്ക് ക്രോസ് ചെയ്ത് സ്ട്രൈക്കർമാരെ കണ്ടെത്തുന്ന രീതിയാകും പോളണ്ട് സ്വീകരിക്കുക.
ഇതിനെ നേരിടാൻ ഉയരക്കുറവുള്ള ലിസാൻഡ്രോ മാർട്ടിനസിന് പകരം ക്രിസ്റ്റ്യൻ റൊമേറോ ആദ്യ ഇലവനിൽ ഇടംപിടിച്ചേക്കും. എന്നാൽ ആദ്യ മത്സരത്തിൽ റൊമേറൊയുടെ സ്പേസ് വഴിയാണ് സൗദി രണ്ടു ഗോളും നേടിയിരുന്നത്. മെക്സിക്കോയ്ക്കെതിരെ ലിസാൻഡ്രോയുടെ പ്രകടനം മികച്ചതുമായിരുന്നു. പിൻനിരയിൽ മോണ്ടിയലിന് പകരം മൊളീന വന്നേക്കും. ഓട്ടമെൻഡിയും അക്കുനയും സ്ഥാനം നിലനിർത്തിയേക്കും.
മധ്യനിരയിൽ ഗൈഡോ റോഡിഗ്രസിന് പകരം കഴിഞ്ഞ കളിയിൽ ഗോൾ കണ്ടെത്തിയ എൻസോ ഫെർണാണ്ടസ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മധ്യനിരയിൽ ക്ഷമാപൂർവ്വം കളി മെനഞ്ഞ് താളം കണ്ടെത്തി, കൃത്യമായ അവസരത്തിൽ ബോക്സിലേക്ക് തുളച്ചു കയറുന്ന കളിരീതിയാണ് സ്കലോണിയുടേത്. ഡിഫൻസീവായി കളിക്കുന്ന ഗൈഡോക്ക് പകരം അറ്റാക്കങ് മനസ്ഥിതിയുള്ള എൻസോ വന്നാൽ കുറച്ചു കൂടി ഫ്രീ ഫ്ളോ ഗെയിമിലേക്ക് അർജന്റീന മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മെസ്സി, ഡി മരിയ, മാക് അലിസ്റ്റർ എന്നിവരടങ്ങിയ മധ്യനിരയ്ക്ക് മേഞ്ഞു നടക്കാനുള്ള ഇടം കുറയ്ക്കുക എന്ന തന്ത്രവും പോളണ്ട് സ്വീകരിക്കും. സ്ട്രൈക്കിങ്ങിൽ ലൗതാരോ മാർട്ടിനസിന് പകരം സിറ്റിയുടെ മുന്നേറ്റ താരം ജൂലിയൻ അൽവാരസിനെ പരീക്ഷിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല.
സ്പോർട്സ് ഡെസ്ക്