- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ പനിയും; പൂർണ കായികക്ഷമത വീണ്ടെടുക്കാൻ ദിവസങ്ങളെടുക്കും; നെയ്മർ പ്രീ ക്വാർട്ടറിലും കളിച്ചേക്കില്ല; 'പരിക്കിൽ വലയുന്ന' ബ്രസീലിന് കനത്ത തിരിച്ചടി; പെലെക്ക് ഒപ്പമെത്താൻ നെയ്മറിന് വേണ്ടത് രണ്ട് ഗോൾ മാത്രം
ദോഹ: ഖത്തർ ലോകകപ്പിൽ ബ്രസീൽ ക്യാമ്പിൽ ആശങ്ക പടർത്തി പരിക്കിന്റെ കളി തുടരുന്നു. പിൻനിരയിലെ പ്രധാനികളായ ഡാനിലോ, അലക്സ് സാൻഡ്രോ എന്നിവർ പുറത്തിരിക്കുന്ന ടീം ബെഞ്ചിൽ നെയ്മറുടെ അഭാവമാണ് കനത്ത തിരിച്ചടിയാകുന്നത്. സെർബിയക്കെതിരായ ആദ്യ മത്സരത്തിൽ ഗുരുതര ടാക്ലിങ്ങിനിരയായ താരം കഴിഞ്ഞ കളിയിൽ ഇറങ്ങിയിരുന്നില്ല. ബ്രസീൽ പ്രീ ക്വാർട്ടർ ഉറപ്പിച്ചെങ്കിലും ബ്രസീൽ ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കണങ്കാലിന് പരിക്കേറ്റ നെയ്മർ പ്രീ ക്വാർട്ടറിലും കളിച്ചേക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. നെയ്മറുടെ പരിക്ക് ഭേദമാവാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത തിങ്കളാഴ്ചയാണ് ബ്രസീലിന്റെ പ്രീ ക്വാർട്ടർ മത്സരം.
കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ സ്വിറ്റ്സർലൻഡിനെതിരായ ബ്രസീലിന്റെ മത്സരത്തിന് മുമ്പ് നെയ്മർക്ക് പനിയും ബാധിച്ചിരുന്നു. തുടർന്ന് മത്സരം കാണാൻ ടീമിനൊപ്പം സ്റ്റേഡിയത്തിലെത്താൻ നെയ്മറിന് കഴിഞ്ഞിരുന്നില്ല. പരിക്ക് മാറി പൂർണ കായികക്ഷമത വീണ്ടെടുക്കാൻ നെയ്മറിന് ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നാണ് സൂചന. ഗ്രൂപ്പ് ജിയിൽ കാമറൂണുമായാണ് ബ്രസീലിന്റെ അവസാന മത്സരം. കാമറൂണിനോട് സമനില നേടുകയോ വമ്പൻ തോൽവി വഴങ്ങാതിരുന്നാൽ ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകും.
നെയ്മറിന് പകരം ഫ്രെഡിനെ പരീക്ഷിച്ച കോച്ച് ടിറ്റെ കാമറൂണിനെതിരായ കളിയിലും ഇതേ മാർഗം സ്വീകരിക്കേണ്ടിവരുമെന്നാണ് സൂചന. ഡാനിലോക്ക് പകരം മിലിറ്റാവോ ആണ് ഇറങ്ങിയിരുന്നത്. സെർബിയക്കെതിരായ കളിയിലാണ് ഡാനിലോക്കും പരിക്കേറ്റിരുന്നത്. സ്വിറ്റ്സർലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന കളിയിലാണ് അലക്സ് സാൻഡ്രോക്ക് പരിക്കേറ്റത്. പകരമെത്തിയ അലക്സ് ടെല്ലസ് തന്നെയാകും വെള്ളിയാഴ്ചയും ഇറങ്ങുകയെന്ന് കരുതുന്നു.
ദേശീയ ടീമിനായി 77 ഗോളുകളെന്ന ചരിത്രത്തിനരികെ നിൽക്കുന്ന നെയ്മർക്ക് പ്രീക്വാർട്ടർ മത്സരങ്ങളിൽ ഇറങ്ങാനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ ആശാവഹമല്ല. രണ്ടു ഗോളുകൾ കൂടി ബ്രസീലിനായി നേടാനായാൽ താരം പെലെക്കൊപ്പമെത്തും.
മുമ്പ് ബ്രസീലിൽ കോപ അമേരിക്ക നടക്കുമ്പോഴും നെയ്മർ പരിക്കേറ്റ് മടങ്ങിയിരുന്നു. കഴിഞ്ഞ ലോകകപ്പിൽ കൊളംബിയക്കെതിരായ ക്വാർട്ടറിലും പരിക്ക് വില്ലനായി.അതിവേഗവും ഫിനിഷിങ് മികവുമായി മുന്നേറ്റത്തിൽ അപകടം വിതക്കുന്ന താരത്തിനു നേരെ എതിരാളികൾ കൂടുതൽ കഠിനമായി പെരുമാറുന്നതാണ് പ്രശ്നമാകുന്നത്. പന്ത് കാലിലെത്തുമ്പോഴേക്ക് താരത്തെ നിലത്തുവീഴ്ത്താൻ തിരക്കുകൂട്ടുന്ന സെർബിയൻ താരങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഓരോ പോയന്റ് വീതമുള്ള സെർബിയക്കും കാമറൂണിനും സാങ്കേതികമായി ഇപ്പോഴും സാധ്യതകളുണ്ടെങ്കിലും മൂന്ന് പോയന്റുള്ള സ്വിറ്റ്സർലൻഡാകും ബ്രസീലിനൊപ്പം ഗ്രൂപ്പിൽ നിന്ന് പ്രീ ക്വാർട്ടറിലേക്ക് കയറുക എന്നാണ് പ്രതീക്ഷിക്കുന്നത്. സെർബിയ ആണ് അവസാന മത്സരത്തിൽ സ്വിസിന്റെ എതിരാളികൾ.
പ്രീ ക്വാർട്ടറിൽ ഘാനയോ പോർച്ചുഗലോ ആകും ബ്രസീലിന്റെ എതിരാളികൾ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവസാന മത്സരത്തിൽ പോർച്ചുഗൽ ദക്ഷിണ കൊറിയയോട് വമ്പൻ തോൽവി വഴങ്ങാതിരിക്കുകയോ സമനില നേടുകയോ ചെയ്താൽ ഗ്രൂപ്പ് എച്ചിൽ പോർച്ചുഗൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകും. ഒരു പോയന്റ് വീതമുള്ള യുറുഗ്വേ അവസാന മത്സരത്തിൽ ഘാനയെ തോൽപിക്കുകയും പോർച്ചുഗൽ ദക്ഷിണ കൊറിയയെ വീഴ്ത്തുകയും ചെയ്താൽ യുറുഗ്വേ ആവും പ്രീ ക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ. അവസാന മത്സരത്തിൽ യുറുഗ്വേക്കെതിരെ സമനില നേടിയാലും ഘാനക്ക് പ്രീ ക്വാർട്ടറിലെത്താം. മറുവശത്ത് പോർച്ചുഗലിനെ മൂന്ന് ഗോൾ വ്യത്യാസത്തിൽ തോൽപ്പിച്ചാലെ ദക്ഷിണ കൊറിയക്ക് എന്തെങ്കിലും സാധ്യതയുള്ളു.
നെയ്മർ ഇതുവരെയുള്ള ലോകകപ്പുകളിൽ
2010ലാണ് നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചത്. അമേരിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ തന്നെ ഗോളടിക്കുകയും ചെയ്തു. എന്നാൽ പ്രതീക്ഷകളുടെ അമിതഭാരം നെയ്മറെന്ന താരത്തെ വേട്ടയാടുകയായിരുന്നു.
2010 ലോകകപ്പ് ടീമിൽ താരത്തിന് ഇടം ലഭിച്ചില്ല. ദക്ഷിണാഫ്രിക്കയിൽ നടന്ന ടൂർണമെന്റിൽ ബ്രസീലിന്റെ പരിശീലകനായിരുന്നത് ദുംഗയായിരുന്നു. 18-കാരനായ നെയ്മറിൽ ദുംഗയ്ക്ക് ആത്മവിശ്വാസം കുറവായിരുന്നതാണ് തിരിച്ചടിയായത്.
കണ്ണീരിൽ കുതിർന്ന റിയൊ
സ്പാനിഷ് ലീഗിൽ ബാഴ്സലോണയിലേക്ക് ചേക്കേറിയതോടെ നെയ്മർ ലോക ഫുട്ബോളിലെ തന്നെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായി. സ്വന്തം മണ്ണിൽ നടന്ന 2014 ലോകകപ്പിൽ കിരീടത്തിന് പകരം നെയ്മറിന്റെ കൈകളിലേക്ക് എത്തിയത് കണ്ണീരായിരുന്നു.
അഞ്ച് കളികളിൽ നിന്ന് നാല് ഗോളുകളുമായി മികച്ച ഫോമിൽ തുടർന്ന നെയ്മറിന് കൊളംബിയക്കെതിരായ മത്സരത്തിൽ ഗുരുതരമായ പരിക്കേറ്റു. നെയ്മറില്ലാതെ സെമി ഫൈനലിനിറങ്ങിയ ബ്രസീൽ ഒന്നിനെതിരെ ഏഴ് ഗോളുകളുടെ തോൽവിയാണ് വഴങ്ങിയത്.
റഷ്യയിലും പരിക്ക് വില്ലനായി
2018 റഷ്യ ലോകകപ്പിലും പരിക്ക് തന്നെയാണ് നെയ്മറിന്റെ വില്ലനായെത്തിയത്. കണങ്കാലിനായിരുന്നു നെയ്മറിന് പരിക്കേറ്റത്. ക്വാർട്ടർ ഫൈനലിൽ ബൽജിയത്തിനോട് പരാജയപ്പെട്ടായിരുന്നു കാനറികളുടെ മടക്കം. തലമുടിയുടെ സ്റ്റൈൽ, ഡൈവിങ്, ടൂർണമെന്റിൽ സ്ഥിരം കണ്ണീരണിയുന്നു എന്നെല്ലാം പറഞ്ഞ് ഫുട്ബോൾ ലോകം നെയ്മറിനെ കളിയാക്കലുകൾക്കൊണ്ട് മൂടി.
2022 ലോകകപ്പിലെ ആദ്യ മത്സരത്തിൽ തിരിച്ചടി
കളിക്കളത്തിന് അകത്തും പുറത്തും സമാനതകളില്ലാതെ വിമർശനം നേരിട്ട കളിക്കാരാണ് നെയ്മർ. എന്നാൽ ഖത്തൽ ലോകകപ്പിന് മുന്നോടിയായുള്ള നെയ്മറിന്റെ തയ്യാറെടുപ്പുകൾ ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.
നിലവിൽ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമനിൽ കളിക്കുന്ന നെയ്മർ തന്റെ അവധിക്കാലം ഒരാഴ്ച മുൻപ് അവസാനിപ്പിച്ചാണ് പരിശീലനത്തിനെത്തിയത്. പി എസ് ജിക്കായി സീസണിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഏറ്റവും കൂടുതൽ ഗോളും അസിസ്റ്റും നേടിയ താരങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുണ്ട് നെയ്മർ. ബ്രസീലിനായി മൂന്ന് ഗോളുകൾക്കൂടി നേടിയാൽ ഇതിഹാസ താരം പെലെയുടെ റെക്കോർഡും ( അന്താരാഷ്ട്ര ഫുട്ബോളിൽ 75 ഗോൾ) മറികടക്കാം.
ട്രോഫികൾക്കൊണ്ട് സമ്പന്നമാണ് നെയ്മറിന്റെ ക്ലബ്ബ് കരിയർ. എന്നാൽ രണ്ട് പതിറ്റാണ്ടിന് ശേഷം ബ്രസീലിന് ലോകകപ്പ് നേടിക്കൊടുക്കാനായാൽ ഇതിഹാസങ്ങളുടെ പട്ടികയിൽ നെയ്മറിനും ഇടമുണ്ടാകും. എന്നാൽ നോക്കൗട്ട് ഘട്ടത്തിൽ നെയ്മറിന് കളത്തിലിറങ്ങാനാകുമോ എന്നത് ചോദ്യമായി അവശേഷിക്കുന്നു.
സ്പോർട്സ് ഡെസ്ക്