- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഭാഗ്യം കൊണ്ടുവന്ന മാത്യു ലെക്കിയുടെ സോളോ ഗോൾ; ജീവന്മരണപ്പോരിൽ ഡെന്മാർക്കിനെ കീഴടക്കി ഓസ്ട്രേലിയ; ഡാനിഷ് മുന്നേറ്റങ്ങളെ പ്രതിരോധിച്ച മാത്യു റയാന്റെ സേവുകൾ ജയത്തിൽ നിർണായകമായി; രണ്ട് ജയത്തോടെ ഫ്രാൻസിനൊപ്പം ഓസിസ് പ്രീക്വാർട്ടറിൽ
ദോഹ: ഖത്തർ ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തിൽ ഡെന്മാർക്കിനെ കീഴടക്കി ഓസ്ട്രേലിയ ഗ്രൂപ്പ് ഡിയിൽ നിന്ന് ഫ്രാൻസിനൊപ്പം പ്രീ ക്വാർട്ടറിൽ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഡെന്മാർക്കിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ഓസീസിന്റെ പ്രീ ക്വാർട്ടർ പ്രവേശനം.
60ാം മിനിറ്റിൽ മാത്യു ലക്കിയാണ് ഓസ്ട്രേലിയയ്ക്കായി വിജയഗോൾ നേടിയത്. ആദ്യ പകുതിയിൽ കളം നിറഞ്ഞ് കളിച്ച ഡെന്മാർക്കിനെ രണ്ടാം പകുതിയിൽ ഗോളടിച്ച് ഓസ്ട്രേലിയ കീഴടക്കുകയായിരുന്നു. ജയത്തോടെ രണ്ട് വിജയവും ഒരു തോൽവിയുമായി ഡി ഗ്രൂപ്പിൽ ആറു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രേലിയ പ്രീക്വാർട്ടർ ഉറപ്പിച്ചത്.
ഗോൾരഹിതമായിരുന്ന 59 മിനിറ്റുകൾക്ക് ശേഷം 60-ാം മിനിറ്റിലാണ് ഓസ്ട്രേലിയയുടെ ഗോളെത്തിയത്. മാത്യു ലെക്കിയുടെ ഒരു മികച്ച സോളോ ഗോളിൽ ഓസീസ് മുന്നിലെത്തുകയായിരുന്നു. ഗ്രൗണ്ടിന്റെ മധ്യത്തിൽനിന്നു പന്തു ലഭിച്ച ലക്കിയുടെ ഒറ്റയാൾ മുന്നേറ്റമായിരുന്നു ഗോളിനു വഴി തുറന്നത്. ലക്കിക്കു പാസ് നൽകിയത് റിലേ മഗ്രീ. മഗ്രീയിൽനിന്ന് പന്തു ലഭിച്ച ലക്കി ഡെന്മാർക്ക് പോസ്റ്റിനു മുന്നിലേക്കു കുതിച്ചെത്തി, പ്രതിരോധ താരം ജോവാകിം മേലിനെ കബളിപ്പിച്ചു ഗോൾ നേടി. ഡെന്മാർക്ക് പോസ്റ്റിന്റെ വലതു മൂലയിലേക്കുപോയ പന്ത് തടയാനുള്ള ഡാനിഷ് ഗോളി കാസ്പർ സ്മെയ്ഷലിന്റെ ശ്രമവും വിഫലമായി. ഓസ്ട്രേലിയയ്ക്കു വേണ്ടി ലക്കിയുടെ 14ാം രാജ്യാന്തര ഗോളാണിത്.
ആദ്യ പകുതി പിന്നിട്ടപ്പോൾ 66 ശതമാനം പന്തടക്കവും അഞ്ച് ഷോട്ടുകളുമായി ഡെന്മാർക്ക് മുന്നിലെത്തിയെങ്കിലും ഗോളടിക്കാൻ അവർക്കു സാധിച്ചില്ല. പ്രത്യാക്രമണത്തിൽ നാലു തവണ ഡാനിഷ് ഗോൾ മുഖത്തേക്ക് ഓസ്ട്രേലിയയും ഉന്നമിട്ടു. പത്താം മിനിറ്റിൽ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സന്റെ കോർണർ ഓസ്ട്രേലിയയുടെ മാത്യു ലക്കി ഹെഡ് ചെയ്ത് അകറ്റി.
19ാം മിനിറ്റിൽ ഡെന്മാർക്ക് താരം ജോവാകിം മേലിന്റെ ഗോൾ ശ്രമം ഓസ്ട്രേലിയ താരം ഹാരി സൗത്താറിന്റെ പിഴവിൽ സെൽഫ് ഗോൾ ആകാൻ വഴിയൊരുങ്ങിയെങ്കിലും ഓസ്ട്രേലിയ ഗോളി മാത്യു റിയാൻ പന്ത് നിയന്ത്രണത്തിലാക്കി. വിങ്ങുകളിലൂടെ പാസ് നൽകി, മിച്ചൽ ഡ്യൂക്കിനു പന്തെത്തിക്കാനാണു കളിയുടെ ആദ്യ പകുതിയിൽ ഓസ്ട്രേലിയ ശ്രമിച്ചുകൊണ്ടിരുന്നത്.
29ാം മിനിറ്റിൽ ഡെന്മാർക്കിന്റെ ലിൻഡ്സ്ട്രോമിന്റെ മുന്നേറ്റം ഓസ്ട്രേലിയ തടഞ്ഞപ്പോൾ തൊട്ടുപിന്നാലെ എറിക്സൻ എടുത്ത ഷോട്ട് പോസ്റ്റിന്റെ ഇടതു ഭാഗത്തുകൂടെ പുറത്തേക്കുപോയി. ഡെന്മാർക്ക് ഫോർവേർഡ് മാർട്ടിൻ ബ്രാത്ത്വെയ്ത്ത് മൂന്നോളം അവസരങ്ങളാണ് ആദ്യ പകുതിയിൽ സൃഷ്ടിച്ചത്. പക്ഷേ ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ ഗോൾ നേടുക ലക്ഷ്യമിട്ട് ഓസ്ട്രേലിയയും ഡെന്മാർക്കും ടീമിൽ ഓരോ മാറ്റങ്ങൾ വരുത്തി. 48ാം മിനിറ്റിൽ ഡെന്മാർക്ക് ബോക്സിനകത്ത് ഗോൾ നേടാൻ ജാക്സൻ ഇർവിന് മികച്ചൊരു അവസരം ലഭിച്ചു. മഗ്രീയുടെ പാസിൽ ഇർവിൻ എടുത്ത ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. രണ്ടാം പകുതിയിൽ ഡെന്മാർക്കിനെതിരെ വലിയ സമ്മർദം തന്നെ ചെലുത്തിയ ഓസ്ട്രേലിയൻ താരങ്ങൾ നിരന്തരം ഡെന്മാർക്ക് ഗോൾമുഖത്തേക്ക് ഇരച്ചെത്തി. 60ാം മിനിറ്റിൽ മാത്യു ലക്കിയിലൂടെ ഓസ്ട്രേലിയ മുന്നിലെത്തി.
പിന്നിലായതോടെ ഡെന്മാർക്ക് താരങ്ങൾ കൂടുതൽ പ്രതിരോധത്തിലായി. ഓസ്ട്രേലിയൻ ബോക്സിലേക്കു തുടർച്ചയായി പന്തെത്തിയെങ്കിലും ഗോൾ നേടാൻ ഡെന്മാർക്കിനു സാധിച്ചില്ല. 71ാം മിനിറ്റിൽ ഡെന്മാർക്കിന് അനുകൂലമായി ലഭിച്ചെങ്കിലും പകരക്കാരൻ താരം കാസ്പർ ഡോൾബെർഗ് ഓഫ് സൈഡ് ആയതോടെ അതു നഷ്ടമായി. അധിക സമയമായി അനുവദിച്ച ആറുമിനിറ്റും അവസാനിച്ചതോടെ ഡി ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയ പ്രീക്വാർട്ടറിലെത്തി. രണ്ടു തോൽവിയും ഒരു സമനിലയുമായി ഡെന്മാർക്ക് ഡി ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായി.
സ്പോർട്സ് ഡെസ്ക്