ദോഹ: ലോകകപ്പ് ഗ്രൂപ്പ് സിയിൽ പോളണ്ടിന് എതിരെ ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുന്ന അർജന്റീനാ നിരയിൽ സുപ്രധാന മാറ്റങ്ങൾ. മെക്സിക്കോയ്ക്കെതിരെ ജയിച്ച മത്സരത്തിൽ ഇറങ്ങിയ ടീമിന്റെ പിൻനിരയിലും മധ്യനിരയിലും ആക്രമണ നിരയിലും വ്യക്തമായ മാറ്റങ്ങളാണ് കോച്ച് ലയണൽ സ്‌കലോനി വരുത്തിയിരിക്കുന്നത്.

മെക്‌സിക്കോക്കെതിരെ പകരക്കാരനായി എത്തി ഗോളടിച്ച എൻസോ ഫെർണാണ്ടസ് സ്റ്റാർട്ടിങ് ഇലവനിലെത്തി. ആദ്യ രണ്ട് കളികളിൽ നിറം മങ്ങിയ ലൗടാരോ മാർട്ടിനെസിന് പകരം മാഞ്ചസ്റ്റർ സിറ്റി താരം ജൂലിയൻ അൽവാരെസ് സ്റ്റാർട്ടിങ് ഇലവനിലെത്തി.

സൂപ്പർ താരം ലയണൾ മെസിക്കൊപ്പം വെറ്ററൻ താരം എയ്ഞ്ചൽ ഡി മരിയ ആദ്യഇലവനിൽ ഇടം നേടിയപ്പോൾ കഴിഞ്ഞ മത്സരത്തിൽ കളി തുടങ്ങി ലൗടാരോ മാർട്ടിനസ്, റോഡ്രിഗസ്, ലിസാന്ദ്രോ മാർട്ടിനസ്, മോണ്ടിയൽ എന്നിവരെ കോച്ച് ബെഞ്ചിലിരുത്തി.

മെക്‌സിക്കോക്കെതിരെ പുറത്തിരുന്ന ലിയാനാർഡോ പരെഡെസ് ഇന്നും സ്റ്റാർട്ടിങ് ലൈനപ്പിലില്ല. ക്രിസ്റ്റ്യൻ റൊമേറോ സെന്റർ ബാക്ക് സ്ഥാനത്ത് സ്ഥാനം നിലനിർത്തുമ്പോൾ ലിസാൻഡ്രോ മാർട്ടിനെസും നിക്കോളാസ് ഒട്ടമെൻഡിയുമാണ് സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടിയത്. ലെഫ്റ്റ് ബാക്കായി മാർക്കോസ് അക്യുനയും റൈറ്റ് ബാക്കായി നാഹ്യുവൽ മൊളീനയുമാണ് സ്റ്റാർട്ടിങ് ഇലവനിലുള്ളത്.

വലതു വിങ് ബാക്കിൽ മോണ്ടിയലിനു പകരം മൊളിനയെയാണ് കോച്ച് ഇന്ന് കളിപ്പിക്കുന്നത്. പ്രതിരോധത്തിൽ ഉയരം കുറഞ്ഞ ലിസാന്ദ്രോ മാർട്ടിനസിനെ മാറ്റി പകരം ക്രിസ്റ്റ്യൻ റൊമേറോയെ കൊണ്ടുവന്നു. സൗദിക്കെതിരെ രണ്ടു ഗോൾ വഴങ്ങിയതിൽ റൊമേറോയുടെ പിഴവുകളുണ്ടായിരുന്നെങ്കിലും ഇന്ന് ഉയരക്കാരായ പോളണ്ട് താരങ്ങളെ നിരായുധരാക്കാൻ റൊമേറോ വേണമെന്നാണ് കോച്ച് കരുതുന്നത്. ഫുൾബാക്ക് നിക്കൊളാസ് ഒറ്റമെൻഡിയും ലെഫ്റ്റ് വിങ് ബാക്ക് അക്യുനയുമാണ് മറ്റ് പ്രതിരോധ താരങ്ങൾ.

കഴിഞ്ഞ മത്സരത്തിൽ മെക്സിക്കോയ്ക്കെതിരെ ഗോൾ നേടിയ എൻസോ ഫെർണാണ്ടസിന്റെ സാന്നിധ്യമാണ് മധ്യനിരയിലെ പുതുമ. ഗ്വയ്ദോ റോഡ്രിഗസിനു പകരമാണ് ഫെർണാണ്ടസ് ഇറങ്ങിയതെങ്കിലും, കഴിഞ്ഞ മത്സരത്തിൽ നിന്നു വ്യത്യസ്തമായി ആക്രമണാത്മക സമീപനമാണ് സ്‌കലോനി സ്വീകരിക്കുന്നത് എന്നാണ് ലൈനപ്പ് നൽകുന്ന സൂചന. റോഡ്രിഗോ ഡി പോൾ വലതു മിഡ്ഫീൽഡറായും എൻസോ ഇടതു ഭാഗത്തും കളിക്കും.

മക്ക് അലിസ്റ്റർ - ലയണൽ മെസ്സി - ഡി മിയ എന്ന അറ്റാക്കിങ് നിരയ്ക്കു മുകളിലായാണ് അൽവാരസ് കളിക്കുക. ഇതോടെ നാലംഗ ആക്രമണനിരയാണ് അർജന്റീനയ്ക്കുണ്ടാവുക. 4-2-3-1 എന്ന ഫോർമേഷനായിരിക്കും അർജന്റീനയുടേത്.

സൗദിക്കെതിരെ ആക്രമണ നിരയിലുണ്ടായിരുന്ന ആർക്കാദിയൂസ് മിലിക്ക് സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവില്ല എന്നതു മാത്രമാണ് പോളണ്ട് നിരയിലെ ഏകമാറ്റം. ലെവൻഡോവസ്‌കിക്കൊപ്പം കരോൾ സ്വിദേസ്‌കി ആക്രമണ റോളിൽ കളിക്കും. 4-4-2 ആണ് പോളണ്ടിന്റെ ഫോർമേഷൻ