ദോഹ: ആദ്യ മത്സരത്തിൽ ദേശീയ ഗാനം ആലപിച്ച സമയത്ത് മൗനം അവലംബിച്ച് പ്രതിഷേധിക്കുകയും അമേരിക്കയോട് നിർണായക മത്സരത്തിൽ തോൽവി വഴങ്ങി ലോകകപ്പിൽ നിന്നും പുറത്താകുകയും ചെയ്ത ഇറാന്റെ താരങ്ങളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയെന്ന് റിപ്പോർട്ട്.

കനത്ത വെല്ലുവിളി മറികടന്ന് ഒരു ഗോൾ ജയത്തോടെ അമേരിക്ക രണ്ടാം സ്ഥാനക്കാരായി ബി ഗ്രൂപ്പിൽ നിന്ന് പ്രീ ക്വാർട്ടർ ഉറപ്പിച്ചപ്പോൾ ഇറാൻ തോറ്റുമടങ്ങുകയായിരുന്ന. എന്നാൽ തിരികെ സ്വന്തം രാജ്യത്തേക്ക് എത്തുന്ന ഇറാൻ ഫുട്‌ബോൾ ടീം അംഗങ്ങളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷകളെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇറാൻ താരങ്ങൾക്ക് പിഴയും ജയിൽ ശിക്ഷയും അടക്കം കാത്തിരിക്കുന്നുവെന്നാണ് വിവരങ്ങൾ. എന്നാൽ അത് അമേരിക്കയോട് തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തായതിന് മാത്രമല്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മറിച്ച് ഇംഗ്ലണ്ടുമായുള്ള ആദ്യ മത്സരത്തിൽ ദേശീയ ഗാനം ആലപിച്ച സമയത്ത് മൗനം അവലംബിച്ച് പ്രതിഷേധിച്ചതിനുകൂടിയാണെന്ന് വ്യക്തം.

ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിക്കാതിരുന്നതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിൽ മരിച്ച 22 കാരി മഹ്‌സ അമിനിയോടുള്ള അനുഭാവ സൂചകമായും രാജ്യത്ത് നടക്കുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായാണ് ഇറാൻ താരങ്ങൾ ദേശീയ ഗാനത്തിനിടെ മൗനം അവലംബിച്ചത്. സെപ്റ്റംബറിൽ മഹ്‌സ അമിനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്റെ തെരുവുകളിൽ പ്രതിഷേധം പുകയുകയാണ്. ഇറാൻ ലോകകപ്പിൽ നിന്നും പുറത്തായതോടെ പടക്കം പൊട്ടിച്ചും, തെരുവുകളിൽ നൃത്തം ചവിട്ടിയും വാഹനങ്ങളുടെ ഹോൺ മുഴക്കിയുമാണ് സർക്കാർ വിരുദ്ധ വിഭാഗം ആഘോഷിച്ചത്.

നിരവധിപ്പേരാണ് ഇറാൻ നടന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച നടന്ന അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ താരങ്ങൾ ദേശീയ ഗാനം ആലപിച്ചിരുന്നു എങ്കിലും ആദ്യ മത്സരത്തിലെ മൗനത്തിന് താരങ്ങൾ സ്വരാജ്യത്ത് എത്തുമ്പോൾ കനത്ത വില നൽകേണ്ടി വരുമെന്നാണ് വിഗദ്ധരുടെ വിലയിരുത്തൽ.

ഇറാന്റെ പ്രഖ്യാപിത ശത്രുരാജ്യമായ അമേരിക്കയ്‌ക്കെതിരെ വിജയിച്ചിരുന്നെങ്കിൽ അത് താരങ്ങൾക്കെതിരായ നടപടിയിൽ അയവ് വരുത്തിയേനെയെന്നുമാണ് അന്ത്ര് ദേശീയ മാധ്യമങ്ങൾ നൽകുന്ന സൂചനകൾ. അമേരിക്കയെ ഏറ്റവും വലിയ ചെകുത്താനെന്നാണ് ഇറാന്റെ പരമാധികാരി നേരത്തെ വിശേഷിപ്പിച്ചിരുന്നത്. സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച് ഇറാൻ ഫുട്‌ബോൾ താരങ്ങളുടെ കുടുംബത്തിന് ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിന് മുൻപ് സർക്കാരിൽ നിന്ന് ഭീഷണി നേരിട്ടിരുന്നു.

രാജ്യത്തെ അപമാനിക്കുന്ന രീതിയിലെ പെരുമാറ്റത്തിന് ശക്തമായ നടപടി കുടുംബാംഗങ്ങൾ അടക്കം നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. അതേസമയം അമേരിക്കയ്‌ക്കെതിരായ ഇറാന്റെ പരാജയം ഹിജാബ് വിരുദ്ധ പ്രതിഷേധക്കാർ വലിയ രീതിയിലാണ് ആഘോഷിച്ചത്. പടക്കം പൊട്ടിച്ചും തെരുവുകളിൽ നൃത്തം ചവിട്ടിയും വാഹനങ്ങളുടെ ഹോണുകൾ മുഴക്കിയുമാണ് ഇറാനികൾ സ്വന്തം രാജ്യത്തിന്റെ തോൽവിയെ വരവേറ്റത്.

നേരത്തെ ഇറാനിലെ വനിതാ റോക്ക് ക്ലൈംബറായ എൽന റെക്കാവി മത്സരത്തിനിടെ ശിരോവസ്ത്രം ധരിക്കാത്തതിന് വീട്ടുതടങ്കലിലാണെന്നാണ് ന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 33 കാരിയായ താരത്തെ ശിരോവസ്ത്രം ധരിക്കാത്തതിന് നിർബന്ധ പൂർവ്വം ക്ഷമാപണവും നടത്തിച്ചിരുന്നു.