ദോഹ: ലോകകപ്പ് ഗ്രൂപ്പ് സിയിലെ ജീവന്മരണ പോരാട്ടത്തിൽ അർജന്റീനയുടെ തുടർ മിന്നാലാക്രമണങ്ങളെ വീറോടെ ചെറുത്ത് പോളണ്ട്. ഇരു ടീമുകൾക്കും ആദ്യ പകുതി ഗോൾ നേടിയില്ല. ലയണൽ മെസിയുടെ പെനാൽറ്റി കിക്ക് തടുത്ത് ആദ്യപകുതിയിൽ പോളിഷ് ഗോളി സ്റ്റെൻസിയാണ് ആദ്യ പകുതിയിൽ പോളണ്ടിന്റെ രക്ഷകനായത്.

36ാം മിനിറ്റിലെ ഫൗളിന് ലഭിച്ച പെനൽറ്റിയാണ് പോളണ്ട് ഗോൾ കീപ്പർ വോസിയച് സ്റ്റെൻസി തട്ടിയകറ്റിയത്. അർജന്റീനയുടെ കോർണറോടെയാണു കളി തുടങ്ങിയത്. രണ്ടാം മിനിറ്റിലെ മെസ്സിയുടെ നീക്കം പോളണ്ട് പ്രതിരോധനിര പരാജയപ്പെടുത്തി. ആറാം മിനിറ്റിൽ മെസ്സിയുടെ കരുത്തു കുറഞ്ഞൊരു ഷോട്ട് പോളണ്ട് ഗോളി വോസിയച് സ്റ്റെൻസി പോസ്റ്റിനു പുറത്തേക്കു തട്ടിയിട്ടു.



പത്താം മിനിറ്റിലെ മെസ്സിയുടെ ഗോൾ ശ്രമവും പോളിഷ് ഗോളി പ്രതിരോധിച്ചു. മിന്നലാക്രമണങ്ങളിലൂടെ ഗോളടിക്കുക എന്നതിലുപരി അർജന്റീനയെ ഗോളടിപ്പിക്കാതിരിക്കുക ലക്ഷ്യമിട്ടായിരുന്നു ആദ്യ പകുതിയിൽ പോളണ്ടിന്റെ കളി. 36ാം മിനിറ്റിൽ പോളണ്ട് ബോക്‌സിനുള്ളിൽ ഗോളി മെസ്സിയെ ഫൗൾ ചെയ്തതിൽ വാർ പരിശോധനകൾക്കു ശേഷം റഫറി അർജന്റീനയ്ക്കു പെനൽറ്റി അനുവദിച്ചു. എന്നാൽ മെസ്സിയുടെ കിക്ക് പോളണ്ട് ഗോളി തട്ടിയകറ്റി. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

സ്റ്റെൻസി, മെസിയെ ഫൗൾ ചെയ്‌തെന്ന് കണ്ടെത്തി വാർ പെനാൽറ്റി അനുവദിക്കുകയായിരുന്നു. സാക്ഷാൽ മിശിഹാ എടുത്ത പെനാൽറ്റി സ്റ്റെൻസിയുടെ മികവിന് മുന്നിൽ ഒന്നുമല്ലാണ്ടായി. പിന്നാലെയും അർജന്റീനൻ താരങ്ങൾ ആക്രമണങ്ങൾ നടത്തിയെങ്കിലും പോളിഷ് ഗോളിയെ മറികടക്കാൻ കഴിയാതെപോയി.

സ്റ്റാർട്ടിങ് ഇലവനിൽ നാലു മാറ്റങ്ങളുമായാണ് അർജന്റീന കളത്തിറങ്ങിയത്. മെക്സിക്കോയ്ക്കെതിരെ പകരക്കാരനായി എത്തി ഗോളടിച്ച എൻസോ ഫെർണാണ്ടസ് സ്റ്റാർട്ടിങ് ഇലവനിലെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. ആദ്യ രണ്ട് കളികളിൽ നിറം മങ്ങിയ ലൗറ്റാരോ മാർട്ടിനെസിന് പകരം മാഞ്ചസ്റ്റർ സിറ്റി താരം ജൂലിയൻ അൽവാരെസ് സ്റ്റാർട്ടിങ് ഇലവനിലെത്തി. ക്രിസ്റ്റ്യൻ റൊമേറോ സെന്റർ ബാക്ക് സ്ഥാനത്ത് സ്ഥാനം നിലനിർത്തിയപ്പോൾ ലിസാൻഡ്രോ മാർട്ടിനെസും നിക്കോളാസ് ഒട്ടമെൻഡിയുമാണ് ടീമിൽ ഇടം നേടിയത്. ലെഫ്റ്റ് ബാക്കായി മാർക്കോസ് അക്യുനയും റൈറ്റ് ബാക്കായി നാഹ്യുവൽ മൊളീനയുമെത്തി.

4-3-3-ശൈലിയിലാണ് അർജന്റീന ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്. അർജന്റീനയുടെ ആക്രമണവും പോളണ്ടിന്റെ പ്രതിരോധവുമാകും ഇന്നത്തെ മത്സരത്തിന്റെ ഗതി നിർണയിക്കുക. പ്രതിരോധത്തിന് ഊന്നൽ നൽകുന്ന 4-4-1-1 ശൈലിയിലാണ് പോളണ്ട് ടീം. കഴിഞ്ഞ പതിനൊന്ന് മത്സരങ്ങളിൽ പോളണ്ട് ഒരേയൊരു ഗോൾ മാത്രമാണ് വഴങ്ങിയതെന്നത് അവരുടെ പ്രതിരോധത്തിന്റെ കരുത്ത് വ്യക്തമാക്കുന്നു. ഇത് തന്നെയായിരുന്നു മത്സരത്തിന്റെ ആദ്യപകുതിയിലും കണ്ടത്.

പോളണ്ടിനെതിരെ അർജന്റീന ഇന്നു ജയിച്ചാൽ അടുത്ത റൗണ്ടിലേക്കെത്താം. തോറ്റാൽ പുറത്ത്. സമനില നേടിയാൽ സൗദി അറേബ്യമെക്‌സിക്കോ മത്സരഫലം ആശ്രയിക്കേണ്ടി വരും. ഗ്രൂപ്പ് സിയിൽ ഒന്നാമതുള്ള പോളണ്ടിന് സമനില നേടിയാലും അടുത്ത റൗണ്ടിലെത്താം.