- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
തുടക്കം മുതൽ സൗദി ബോക്സിലേക്ക് മെക്‌സിക്കൻ ആക്രമണം; ആദ്യ പകുതിയിൽ സൃഷ്ടിച്ചത് അരഡസനോളം അവസരങ്ങൾ; സൗദിയുടെ രക്ഷകനായി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസ്; ആദ്യ പകുതി ഗോൾരഹിതം
ദോഹ: ഗ്രൂപ്പ് സിയിലെ സൗദി അറേബ്യ - മെക്സിക്കോ നിർണായക മത്സരം ആദ്യ പകുതി ഗോൾരഹിതം. പ്രീക്വാർട്ടറിലേക്കു മുന്നേറാൻ വിജയം അനിവാര്യമായ മെക്‌സിക്കോ തുടക്കം മുതൽ ആക്രമിച്ചു കളിച്ചെങ്കിലും സൗദി പ്രതിരോധക്കോട്ട കെട്ടി ചെറുക്കുകയായിരുന്നു.
പന്തടക്കത്തിലും പാസിങ്ങിലുമുൾപ്പെടെ മികച്ചുനിന്നത് മെക്‌സിക്കോ തന്നെ, എന്നാൽ ഫിനിഷിങ്ങിലെ പോരായ്മകളും, പോസ്റ്റിനു മുന്നിൽ സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസ് പുറത്തെടുത്ത മിന്നുന്ന പ്രകടനവുമാണ് മെക്‌സിക്കോയ്ക്ക് തിരിച്ചടിയായത്.
മെക്‌സിക്കോ നിരയിൽ അലക്‌സിസ് വേഗ, ഹെന്റി മാർട്ടിൻ, ഒർബേലിൻ പിനേഡ തുടങ്ങിയവർക്കെല്ലാം മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. മത്സരത്തിന്റെ തുടക്കം മുതൽ സൗദി ബോക്സിലേക്ക് ആക്രമിച്ച കയറിയ മെക്സിക്കോ ആദ്യ പകുതിയിൽ അരഡസനോളം അവസരങ്ങളൊരുക്കി. കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ മെ്സിക്കോയുടെ ആദ്യ ആക്രമണമെത്തി. ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ ഷാവേസ് ഡിയിലേക്ക് നൽകിയ ത്രൂബോളിൽ നിന്നുള്ള അലക്സിസ് വെഗയുടെ ഗോളെന്നുറച്ച ഷോട്ട് സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസ് രക്ഷപ്പെടുത്തി.
പിന്നാലെ ഏഴാം മിനിറ്റിലും മെക്സിക്കോ ഗോളിനടുത്തെത്തി. വെഗയുടെ ക്രോസിൽ നിന്നുള്ള ഹെന്റി മാർട്ടിന്റെ ശ്രമം ഇത്തവണയും അൽ ഒവൈസ് രക്ഷപ്പെടുത്തുകയായിരുന്നു. 26-ാം മിനിറ്റിലായിരുന്നു അടുത്ത ശ്രമം ഹിർവിങ് ലൊസാനോ നൽകിയ പന്തിൽ നിന്നുള്ള പിനെഡയുടെ ഷോട്ട് അൽ ഒവൈസ് കൈപ്പിടിയിലാക്കി. പിന്നാലെ തൊട്ടടുത്ത മിനിറ്റിൽ തന്നെ വീണ്ടും മെക്സിക്കൻ ആക്രമണമെത്തി. ഇത്തവണ ലൊസാനോയുടെ ക്രോസിൽ നിന്നുള്ള പിനെഡയുടെ ഒരു ഡൈവിങ് ഹെഡർ സൗദി താരം അൽ അംരി തടയുകയായിരുന്നു.
മെക്സിക്കോയുടെ തുടർ ആക്രമണങ്ങൾ തടയുന്നതിൽ പലപ്പോഴും സൗദി താരങ്ങൾ പരാജയപ്പെട്ടു. ഇതോടെ അലി അൽഹസൻ, സലെഹ് അൽ ഷെഹ്രി എന്നിവർ മഞ്ഞക്കാർഡ് കണ്ടു.
ഒറ്റ പോയിന്റുമായി നിലവിൽ ഗ്രൂപ്പ് സിയിൽ അവസാന സ്ഥാനത്താണ് മെക്‌സിക്കോ. ഇതുവരെ ഒറ്റ ഗോളു പോലും നേടാനായിട്ടുമില്ല. ആദ്യ മത്സരത്തിൽ പോളണ്ടിനെ ഗോൾരഹിത സമനിലയിൽ കുരുക്കിയ മെക്‌സിക്കോ, രണ്ടാം മത്സരത്തിൽ അർജന്റീനയോടു തോറ്റിരുന്നു. ഇന്ന് സൗദിയെ തോൽപ്പിച്ചാൽ മാത്രമേ മെക്‌സിക്കോയ്ക്ക് സാധ്യതയുള്ളൂ. ജയിച്ചാലും ഗ്രൂപ്പ് സിയിൽ ഇതേ സമയത്തു നടക്കുന്ന അർജന്റീന പോളണ്ട് മത്സരഫലവും നിർണായകമാകും. പോളണ്ട് ജയിച്ചാൽ മെക്‌സിക്കോയ്ക്ക് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടർ കളിക്കാം. അർജന്റീന ജയിച്ചാൽ ഗോൾശരാശരി നിർണായകമാകും. ഈ മത്സരം സമനിലയിൽ അവസാനിച്ചാലും ഗോൾശരാശരി നോക്കേണ്ടി വരും.
സ്പോർട്സ് ഡെസ്ക്