ദോഹ: ലോകം കാത്തിരുന്ന നിമിഷം! ആദ്യ പകുതിയിലെ ഗോൾരഹിത സമനിലയുടെ വിരസത അകറ്റി രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അർജന്റീന പ്രതീക്ഷ കാത്തു. 46 ാം മിനിറ്റിൽ അലെക്സിസ് മാക് അലിസ്റ്ററിലൂടെ പോളണ്ടിന്റെ വലചലിപ്പിച്ച അർജന്റീന 67ാം മിനിറ്റിൽ ജൂലിയൻ അൽവാരസിലൂടെ ലീഡ് ഉയർത്തി. മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്.

പോളണ്ടിനെതിരായ രണ്ടാം പകുതിയിൽ 46-ാം മിനിറ്റിലാണ് അലിസ്റ്റർ ഗോളടിച്ചത്. നഹുവൽ മൊളീനയുടെ അസിസ്റ്റിൽനിന്നായിരുന്നു ഗോൾ. ആദ്യ പകുതിയിൽ ലഭിച്ച പെനൽറ്റി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി പാഴാക്കി. മെസ്സി പോസ്റ്റിന്റെ വലതു ഭാഗത്തേക്കു തട്ടിയിട്ട പന്ത് പോളണ്ട് ഗോളി വോസിയച് സ്റ്റെസ്‌നി പ്രതിരോധിക്കുകയായിരുന്നു. ആദ്യ പകുതി ഗോൾ രഹിതമായി തുടർന്ന മത്സരത്തിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അർജന്റീന ലീഡെടുക്കുകയായിരുന്നു.

അർജന്റീനയുടെ കോർണറോടെയാണു കളി തുടങ്ങിയത്. രണ്ടാം മിനിറ്റിലെ മെസ്സിയുടെ നീക്കം പോളണ്ട് പ്രതിരോധനിര പരാജയപ്പെടുത്തി. ആറാം മിനിറ്റിൽ മെസ്സിയുടെ കരുത്തു കുറഞ്ഞൊരു ഷോട്ട് പോളണ്ട് ഗോളി വോസിയച് ഷെസ്‌നി പോസ്റ്റിനു പുറത്തേക്കു തട്ടിയിട്ടു. പത്താം മിനിറ്റിലെ മെസ്സിയുടെ ഗോൾ ശ്രമവും പോളിഷ് ഗോളി പ്രതിരോധിച്ചു. മിന്നലാക്രമണങ്ങളിലൂടെ ഗോളടിക്കുക എന്നതിലുപരി അർജന്റീനയെ ഗോളടിപ്പിക്കാതിരിക്കുക ലക്ഷ്യമിട്ടായിരുന്നു ആദ്യ പകുതിയിൽ പോളണ്ടിന്റെ കളി.

36ാം മിനിറ്റിൽ പോളണ്ട് ബോക്‌സിനുള്ളിൽ ഗോളി മെസ്സിയെ ഫൗൾ ചെയ്തതിൽ വാർ പരിശോധനകൾക്കു ശേഷം റഫറി അർജന്റീനയ്ക്കു പെനൽറ്റി അനുവദിച്ചു. എന്നാൽ മെസ്സിയുടെ കിക്ക് പോളണ്ട് ഗോളി തട്ടിയകറ്റി. പോളണ്ട് ഗോൾ കീപ്പർ വോസിയച് ഷെസ്‌നിയും അർജന്റീന താരങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. അർജന്റീനയുടെ നിരവധി അവസരങ്ങളാണ് ഷെസ്‌നി പ്രതിരോധിച്ചത്.

പോളണ്ടിനെതിരെ അർജന്റീന ഇന്നു ജയിച്ചാൽ അടുത്ത റൗണ്ടിലേക്കെത്താം. തോറ്റാൽ പുറത്ത്. സമനില നേടിയാൽ സൗദി അറേബ്യമെക്‌സിക്കോ മത്സരഫലം ആശ്രയിക്കേണ്ടി വരും. ഗ്രൂപ്പ് സിയിൽ ഒന്നാമതുള്ള പോളണ്ടിന് സമനില നേടിയാലും അടുത്ത റൗണ്ടിലെത്താം. സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി ആദ്യ മത്സരത്തിൽ പെനൽറ്റി നഷ്ടമാക്കിയിരുന്നെങ്കിലും രണ്ടാം മത്സരത്തിൽ ഗോൾ നേടി ഫോമിലേക്കു തിരിച്ചെത്തി. ലെവൻഡോവ്‌സ്‌കിയിലാണ് പോളണ്ടിന്റെ പ്രതീക്ഷ.