- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
അതിരുകളില്ലാത്ത ആഘോഷം!; ജീവന്മരണ പോരാട്ടത്തിൽ പോളണ്ടിനെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജന്റീന പ്രീക്വാർട്ടറിൽ; മെസി പെനാൽറ്റി പാഴാക്കിയിട്ടും വിജയമുറപ്പിച്ച് മാക് അലിസ്റ്ററും അൽവാരസും; നിർണായക ഗോളുകൾ രണ്ടാം പകുതിയിൽ; മെക്‌സിക്കോ ജയിച്ചിട്ടും പ്രീക്വാർട്ടർ ഉറപ്പിച്ച് പോളണ്ട്
ദോഹ: ലോകം കാത്തിരുന്ന നിമിഷം! ജീവൻ മരണ പോരാട്ടത്തിൽ പോളണ്ടിനെ കീഴടക്കി അർജന്റീന പ്രീക്വാർട്ടറിൽ. ആദ്യ പകുതിയിൽ അർജന്റീനയുടെ മുന്നേറ്റങ്ങളോടെ ധീരമായി ചെറുത്ത പോളണ്ടിനെ രണ്ടാം പകുതിയിൽ മെസിപ്പട വീഴ്‌ത്തി. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ പോളണ്ടിന്റെ പ്രതിരോധമതിലിനെ എണ്ണം പറഞ്ഞ രണ്ട് ഗോൾ കൊണ്ട് തരിപ്പണമാക്കിയ അർജന്റീന ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രവേശിച്ചു.
മെസ്സി പെനാൽറ്റി പാഴാക്കുന്നത് കണ്ട് ഞെട്ടിയ ആരാധകർക്ക് ആഹ്ലാദത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചത് നാൽപത്തിയാറാം മിനിറ്റിൽ അലെക്സിസ് മാക് അലിസ്റ്ററും അറുപത്തിയേഴാം മിനിറ്റിൽ ജൂലിയൻ ആൽവാരസുമാണ്. ആദ്യ മത്സരത്തിൽ സൗദിയോട് ഞെട്ടുന്ന തോൽവി ഏറ്റുവാങ്ങിയ നീലപ്പട രണ്ടാം മത്സരത്തിൽ മെക്‌സിക്കോയെയും മൂന്നാം മത്സരത്തിൽ പോളണ്ടിനെയും കീഴടക്കി ആറു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാർട്ടറിലേയ്ക്ക് തലയെടുപ്പോടെ എത്തുന്നത്. ഓസ്‌ട്രേലിയയാണ് പ്രീക്വാർട്ടറിൽ അർജന്റീനയുടെ എതിരാളി.
46 ാം മിനിറ്റിൽ അലെക്സിസ് മാക് അലിസ്റ്ററിലൂടെ പോളണ്ടിന്റെ വലചലിപ്പിച്ച അർജന്റീന 67ാം മിനിറ്റിൽ ജൂലിയൻ അൽവാരസിലൂടെ ലീഡ് ഉയർത്തി. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് നീലപ്പടയുടെ ജയം. പോളണ്ടിനെതിരായ രണ്ടാം പകുതിയിൽ 46-ാം മിനിറ്റിലാണ് അലിസ്റ്റർ ഗോളടിച്ചത്. നഹുവൽ മൊളീനയുടെ അസിസ്റ്റിൽനിന്നായിരുന്നു ഗോൾ. യുവതാരം എൻസോ ഫെർണാണ്ടസിന്റെ പാസിൽ നിന്നായിരുന്നു ജുലിയൻ അൽവാരെസിന്റെ ഗോൾ പിറന്നത്. പോളണ്ട് പ്രതിരോധ താരങ്ങൾ മുന്നിലുണ്ടായിട്ടും മികച്ചൊരു ഷോട്ടിലൂടെ അൽവാരെസിൽനിന്ന് പന്ത് പോളണ്ട് ഗോൾ കീപ്പറെ മറികടന്ന് വലയിൽ.
ആദ്യ പകുതിയിൽ ലഭിച്ച പെനൽറ്റി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി പാഴാക്കി. മെസ്സി പോസ്റ്റിന്റെ വലതു ഭാഗത്തേക്കു തട്ടിയിട്ട പന്ത് പോളണ്ട് ഗോളി വോസിയച് സ്റ്റെസ്‌നി പ്രതിരോധിക്കുകയായിരുന്നു. ആദ്യ പകുതി ഗോൾ രഹിതമായി തുടർന്ന മത്സരത്തിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അർജന്റീന ലീഡെടുക്കുകയായിരുന്നു.
അർജന്റീനയുടെ കോർണറോടെയാണു കളി തുടങ്ങിയത്. രണ്ടാം മിനിറ്റിലെ മെസ്സിയുടെ നീക്കം പോളണ്ട് പ്രതിരോധനിര പരാജയപ്പെടുത്തി. ആറാം മിനിറ്റിൽ മെസ്സിയുടെ കരുത്തു കുറഞ്ഞൊരു ഷോട്ട് പോളണ്ട് ഗോളി വോസിയച് സ്റ്റെസ്‌നി പോസ്റ്റിനു പുറത്തേക്കു തട്ടിയിട്ടു. പത്താം മിനിറ്റിലെ മെസ്സിയുടെ ഗോൾ ശ്രമവും പോളിഷ് ഗോളി പ്രതിരോധിച്ചു. മിന്നലാക്രമണങ്ങളിലൂടെ ഗോളടിക്കുക എന്നതിലുപരി അർജന്റീനയെ ഗോളടിപ്പിക്കാതിരിക്കുക ലക്ഷ്യമിട്ടായിരുന്നു ആദ്യ പകുതിയിൽ പോളണ്ടിന്റെ കളി.
36ാം മിനിറ്റിൽ പോളണ്ട് ബോക്‌സിനുള്ളിൽ ഗോളി മെസ്സിയെ ഫൗൾ ചെയ്തതിൽ വാർ പരിശോധനകൾക്കു ശേഷം റഫറി അർജന്റീനയ്ക്കു പെനൽറ്റി അനുവദിച്ചു. എന്നാൽ മെസ്സിയുടെ കിക്ക് പോളണ്ട് ഗോളി തട്ടിയകറ്റി. പോളണ്ട് ഗോൾ കീപ്പർ വോസിയച് സ്റ്റെസ്‌നിയും അർജന്റീന താരങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. അർജന്റീനയുടെ നിരവധി അവസരങ്ങളാണ് സ്റ്റെസ്‌നി പ്രതിരോധിച്ചത്.
പത്ത് പേരെയും വച്ച് പ്രതിരോധം തീർത്ത പോളണ്ടിനെതിരേ മുപ്പത്തിയൊൻപതാം മിനിറ്റിലാണ് അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചത്. മെസ്സിയുടെ കിക്ക് പോളണ്ടിന്റെ സൂപ്പർമാൻ ഗോളി സ്‌റ്റെസ്‌നി അത്ഭുതരമായി രക്ഷപ്പെടുത്തുന്നത് കണ്ട് സ്‌റ്റേഡിയം ഒരു നിമിഷം നിശബ്ദമായി. ഇത് രണ്ടാം തവണയാണ് മെസ്സി ഒരു ലോകകപ്പിൽ പെനാൽറ്റി പാഴാക്കുന്നത്. ഈ ലോകകപ്പിൽ തന്നെ സ്‌റ്റെസ്‌നി തടയുന്ന രണ്ടാമത്തെ പെനാൽറ്റിയാണിത്.
സ്‌റ്റെസ്‌നി തന്നെയായിരുന്നു അർജന്റീനയ്ക്ക് മുന്നിലെ ഏറ്റവും വലിയ കടമ്പ. പത്ത് പേരെ വവച്ച് കോട്ട കെട്ടിയിട്ടും എട്ട് തവണ മെസിയും സംഘവും അത് ഭേദിച്ച് അകത്തു കടന്നു. ഇരുപത്തിരണ്ട് ഷോട്ടുകളാണ് അവർ തൊടുത്തത്. അതിൽ പതിനൊന്നെണ്ണം പോസ്റ്റിലേയ്ക്ക് തന്നെ. ഇതിൽ ഏഴെണ്ണം മെസിയുടെ വക തന്നെ. ഇതിന് പുറമെ അഞ്ച് മിന്നും പാസും മെസി നൽകി. സ്റ്റെസ്‌നിയുടെ മിടുക്കും ചില പിഴവുകളും ഇല്ലായിരുന്നെങ്കിൽ ഇതിലും വലിയ മാർജിനിലാകുമായിരുന്നു പോളണ്ടിന്റെ തോൽവി.
മത്സരത്തിന്റെ ആദ്യ മിനിറ്റുതൊട്ട് അർജന്റീന ആക്രമണ ഫുട്ബോളാണ് അഴിച്ചുവിട്ടത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ലയണൽ മെസിയുടെ ഗോൾപോസ്റ്റിലേക്കുള്ള ഷോട്ട് ഗോൾകീപ്പർ സ്റ്റെസ്‌നി കൈയിലൊതുക്കി. പത്താം മിനിറ്റിൽ മെസിയുടെ ഉഗ്രൻ ഷോട്ട് ഗോൾകീപ്പർ സ്റ്റെസ്‌നി തട്ടിയകറ്റി. സമനില നേടിയാൽപ്പോലും പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിക്കാനാവും എന്നതുകൊണ്ട് പോളണ്ട് പ്രതിരോധത്തിനാണ് കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്.
17-ാം മിനിറ്റിൽ അർജന്റീനുടെ അക്യൂനയുടെ ഷോട്ട് പോളിഷ് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 28-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് ലക്ഷ്യത്തിലേക്ക് വെടിയുതിർത്തെങ്കിലും ഗോൾകീപ്പർ സ്റ്റെസ്‌നി അത് തട്ടിയകറ്റി റീബൗണ്ട് ആയ പന്ത് സ്വീകരിച്ച അക്യൂനയുടെ ഉഗ്രൻ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി.
33-ാം മിനിറ്റിൽ ഏയ്ഞ്ജൽ ഡി മരിയയുടെ തകർപ്പൻ കോർണർ കിക്ക് മഴവില്ല് പോലെ വളഞ്ഞ് വലയിലേക്ക് വീഴാനൊരുങ്ങിയെങ്കിലും സെസ്നിയുടെ കൃത്യമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കി. 36-ാം മിനിറ്റിൽ അൽവാരസിന്റെ ഗോളെന്നുറച്ച അപകടകരമായ ഷോട്ട് സെസ്നി അത്ഭുതകരമായി രക്ഷപ്പെടുത്തിയെടുത്തു.
36-ാം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് സൂപ്പർ താരം ലയണൽ മെസ്സിയെ ഗോൾകീപ്പർ സ്റ്റെസ്‌നി ഫൗൾ ചെയ്തതിനെത്തുടർന്ന് വാറിന്റെ സഹായത്തോടെ റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ കിക്കെടുത്ത സൂപ്പർ താരത്തിന് പിഴച്ചു. മെസിയുടെ ഗോൾ പോസ്റ്റിന്റെ വലതുഭാഗത്തേക്കുള്ള അതിശക്തമായ ഷോട്ട് അത്ഭുതകരമായി സ്റ്റെസ്‌നി തട്ടിയകറ്റി. 2022 ലോകകപ്പിലെ ഏറ്റവും മികച്ച സേവുകളിലൊന്നാണിത്.ഈ ലോകകപ്പിൽ സ്റ്റെസ്‌നി തടയുന്ന രണ്ടാം പെനാൽറ്റി കിക്കാണിത്. പിന്നാലെ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അർജന്റീനയ്ക്ക് ആദ്യ പകുതിയിൽ ഗോൾ മാത്രം നേടാനായില്ല.
എന്നാൽ രണ്ടാം പകുതിയിൽ മറ്റൊരു അർജന്റീനയെയാണ് ഖത്തറിൽ കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പോളിഷ് പൂട്ടുപൊളിച്ചുകൊണ്ട് ആൽബിസെലസ്റ്റസ് ലീഡെടുത്തു. അലെക്സിസ് മാക് അലിസ്റ്ററാണ് അർജന്റീനയ്ക്കായി വലകുലുക്കിയത്. മൊളീന്യയുടെ പാസ് സ്വീകരിച്ച് ബോക്സിനുള്ളിൽ വെച്ച് അലിസ്റ്റർ ഉതിർത്ത മനോഹരമായ ഷോട്ട് പ്രതിരോധതാരങ്ങളെയും സ്റ്റെസ്‌നിയെയും മറികടന്ന് ഗോൾവലയിൽ മുത്തമിട്ടു. ഈ ഗോളോടുകൂടി അർജന്റീനയുടെ ആക്രമണങ്ങളുടെ വീര്യം പതിന്മടങ്ങായി വർധിച്ചു.
61-ാം മിനിറ്റിൽ മാക് അലിസ്റ്ററിന് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാനായില്ല. എന്നാൽ പോളണ്ടിന്റെ ഹൃദയം തകർത്തുകൊണ്ട് അർജന്റീന വീണ്ടും വലകുലുക്കി. യുവതാരം ജൂലിയൻ അൽവാരസാണ് ടീമിനായി രണ്ടാം ഗോളടിച്ചത്. എൻസോ ഫെർണാണ്ടസിന്റെ പാസ് സ്വീകരിച്ച് തകർപ്പൻ ഷോട്ടിലൂടെ വലയിലെത്തിച്ചുകൊണ്ട് അൽവാരസ് അർജന്റീനയ്ക്ക് പ്രീ ക്വാർട്ടർ സീറ്റുറപ്പിച്ചു.
72-ാം മിനിറ്റിൽ അൽവാരസ് വീണ്ടും വലകുലുക്കിയെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി. രണ്ട് ഗോളടിച്ചിട്ടും അർജന്റീനുടെ ആക്രമണത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. തുടർച്ചയായി പോളിഷ് ഗോൾമുഖത്ത് ഇരച്ചുകയറി മെസിയും കൂട്ടരും തകർപ്പൻ ഫുട്ബോൾ കാഴ്ചവെച്ചു.ഇൻജുറി ടൈമിൽ അർജന്റീനയുടെ ടാഗ്ലിയാഫിക്കോയുടെ ഷോട്ട് ഗോൾ ലൈനിൽ വെച്ച് പ്രതിരോധതാരം കിവിയോർ ഹെഡ്ഡ് ചെയ്ത് രക്ഷപ്പെടുത്തിയെടുത്തു.
സ്പോർട്സ് ഡെസ്ക്