ദോഹ: ലോകകപ്പ് പ്രീക്വാർട്ടർ ഉറപ്പിക്കാൻ വമ്പന്മാർക്ക് ഇന്ന് ജീവന്മരണ പോരാട്ടം. ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ബെൽജിയവും ക്രൊയേഷ്യയും തമ്മിൽ നേർക്കുനേർ വരുമ്പോൾ തീപാറും പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.  ആരു തോറ്റാലും അവർക്ക് പുറത്തേക്കുള്ള വഴിതുറക്കും. പ്രീക്വാർട്ടറിലെത്താൻ ബെൽജിയത്തിന് ജയം അനിവാര്യമാണെങ്കിൽ ക്രൊയേഷ്യക്ക് ഒരു സമനില എങ്കിലും വേണം. എന്നാൽ ജയിക്കാനായി കളിക്കുന്ന ബെൽജിയത്തിന് മുന്നിൽ സമനിലക്ക് വേണ്ടി മോഡ്രിച്ചും സംഘവും കാത്തുനിൽക്കില്ല.

മൊറോക്കോയുടെ അപ്രതീക്ഷിത കുതിപ്പാണ് ഗ്രൂപ്പ് എഫിലെ സമവാക്യങ്ങൾ മാറ്റി മറിച്ചത്. ബെൽജിയത്തെ അട്ടിമറിച്ച മൊറോക്കൊ ക്രൊയേഷ്യയെ സമനിലയിൽ തളച്ച് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാണിപ്പോൾ. നാല് പോയിന്റുള്ള ക്രൊയേഷ്യയാണ് ഒന്നാം സ്ഥാനത്ത്. ഇതോടെ ലോകകപ്പിൽ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ലോക റാങ്കിങിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം- രണ്ടിലൊരാൾ ഖത്തറിൽ രണ്ടാം റൗണ്ടിലുണ്ടാകാൻ സാധ്യത നന്നേ കുറവാണ്. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം.

ജയിച്ചാലൊ സമനിലയായാലൊ ക്രൊയേഷ്യക്ക് മുന്നേറാം. ഇനി തോറ്റാലും സാധ്യതയുണ്ട്, കാനഡയോട് മൊറോക്കൊ തോൽക്കണമെന്ന് മാത്രം. അപ്പോഴും ഗോൾ വ്യത്യാസം നിർണായകമാണ്. ബെൽജിയത്തിന് മുന്നേറാൻ ജയിക്കണം. സമനിലയെങ്കിൽ മൊറോക്കൊ കാനഡയോട് വലിയ വ്യത്യാസത്തിൽ തോൽക്കണം. മൊറോക്കോയുടെ നിലവിലെ ഫോമിൽ വലിയ മാർജിനിൽ തോൽക്കുക അസാധ്യമാണ്. മാത്രമല്ല, കാനഡയെ അനായാസം മൊറോക്കോ വീഴ്‌ത്തുമെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. അതിനാൽ ബെൽജിയവും ക്രൊയേഷ്യയും ജയത്തിനായി കൈമെയ് മറന്ന് പൊരുതേണ്ടി വരും.

രണ്ട് മത്സരങ്ങളും തോറ്റ കാനഡ ഇതിനോടകം പുറത്തായിക്കഴിഞ്ഞു. എന്നാൽ കാനഡയെ തോൽപ്പിച്ചാലോ സമനിലയിൽ പിടിച്ചാലോ മൊറോക്കോയ്ക്ക് മുന്നേറാം. കാനഡയോട് തോറ്റാലും മൊറോക്കോയ്ക്ക് പ്രതീക്ഷയുണ്ട്. അപ്പോൾ ബെൽജിയം തോൽക്കണമെന്നു മാത്രം. ഇനി ബെൽജിയവും മോറോക്കോയും ജയിച്ചാൽ പുറത്താകുക ക്രൊയേഷ്യയും.

ഗ്രൂപ്പ് ഇയിൽ മുൻ ചാമ്പ്യന്മാരായ ജർമ്മനിയുടെ കാര്യം കുറച്ചുകൂടി സങ്കീർണ്ണമാണ്. സ്പെയിൻ ജപ്പാനെയും ജർമനി കോസ്റ്റാറിക്കയെയുമാണ് നേരിടുന്നത്. ജപ്പാനെ സമനിലയിൽ പിടിച്ചാൽ സ്പെയിന് പ്രീക്വാർട്ടറിലെത്താം. കോസ്റ്റാറിക്കയ്ക്കെതിരായ മത്സരം ജയിച്ചില്ലെങ്കിൽ ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. നിലവിലെ ഗ്രൂപ്പ് ചാമ്പ്യന്മാരാണ് സ്പെയിൻ. ജപ്പാനെതിരായ അവസാന പോര് ജയിച്ചാൽ ആ പട്ടം നിലനിർത്തി പ്രീക്വാർട്ടറിലേക്ക് ഒരുങ്ങാം. സമനില ആയാലും രണ്ടാം സ്ഥാനം ഉറപ്പ്. തോൽക്കുകയും കോസ്റ്റാറിക്ക, ജർമനിയെ വീഴ്‌ത്തുകയും ചെയ്താൽ സ്പെയിനും നാട്ടിലേക്ക് മടങ്ങേണ്ടി വരും.

സ്പെയിനിന്റെ എതിരാളികളായ ജപ്പാനും ജയിച്ചാൽ പ്രീക്വാർട്ടറിലെത്താം. തോറ്റാൽ പ്രീക്വാർട്ടർ വാതിലുകൾ അവർക്ക് മുന്നിൽ അടയ്ക്കപ്പെടും. സമനിലയാണെങ്കിൽ കോസ്റ്റാറിക്ക ജർമനി മത്സരം സമനിലയാകണം. ജയത്തിൽ കുറഞ്ഞതൊന്നും ജർമനിയെ ഖത്തറിൽ തുടരാൻ അനുവദിക്കില്ല. കോസ്റ്റാറിക്കയ്ക്കും ജയിച്ചാൽ പ്രീക്വാർട്ടർ ഉറപ്പിക്കാം. കഴിഞ്ഞ മത്സരത്തിൽ സ്പയിനെ സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ജർമ്മനി. ആദ്യ മത്സരത്തിൽ ജപ്പാനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതാണ് മുൻചാമ്പ്യന്മാർക്ക് തിരിച്ചടിയായത്.

സമനിലയാണെങ്കിൽ സ്പെയിൻ വിജയം നേടിയാലെ കോസ്റ്റാറിക്കയ്ക്ക് സാധ്യതയുള്ളൂ. ഗ്രൂപ്പിലെ അവസാന പോരുകളുടെ ഫലം പ്രീക്വാർട്ടർ സാധ്യതകൾ നിർണയിക്കുന്നതിനാൽ രണ്ട് മത്സരങ്ങളിലും തീപാറും.