- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
അന്ന് കെംപസും മറഡോണയും പെനൽറ്റി പാഴാക്കി; പിന്നാലെ അർജന്റീനയുടെ വജ്രായുധമായി; പടയോട്ടം അവസാനിച്ചത് കിരീടനേട്ടത്തിൽ; ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ മെസിയുടേതും തനിയാവർത്തനം; ചരിത്രം ആവർത്തിക്കുമോ?; ആരാധകർ ആകാംക്ഷയിൽ
ദോഹ: ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തിൽ പോളണ്ടിനെ കീഴടക്കി അർജന്റീന പ്രീക്വാർട്ടർ ഉറപ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ. എന്നാൽ സൂപ്പർതാരം ലയണൽ മെസി ആദ്യ പകുതിയിൽ ലഭിച്ച പെനൽറ്റി പാഴാക്കിയത് അർജന്റീന ആരാധകരെ ആദ്യം വേദനിപ്പിച്ചിരുന്നു. എന്നാൽ ചരിത്രം ആവർത്തിക്കുമോ എന്നാണ് കടുത്ത ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.
പോളണ്ടിനെതിരായ മത്സരം ജയിച്ച് അർജന്റീന പ്രീക്വാർട്ടറിൽ കടന്നതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ചോദ്യമാണിത്. ഫിഫ ലോകകപ്പിന്റെ ചരിത്രവഴികളിലൂടെ സഞ്ചരിച്ചാൽ ഈ ചോദ്യം ഗൗരവമുള്ളതാണെന്ന് മനസിലാകും.
മെസി പാഴാക്കിയ ആ പെനാൽറ്റിക്ക് ചരിത്രവുമായി ചില ബന്ധമുണ്ട്. 1978-ലും 1986 ലുമാണ് അർജന്റീന ലോകകപ്പ് കിരീടം നേടിയത്. 1978-ൽ ഡാനിയേൽ പാസ്സാറെല്ലയും 1986-ൽ ഡീഗോ മാറഡോണയും അർജന്റീനയ്ക്ക് വേണ്ടി കിരീടമുയർത്തി. ഇത്തവണ കിരീടം ഉയർത്താൻ മെസ്സിക്ക് സാധിക്കുമോ? ചരിത്രത്തിലെ രസകരമായ കണക്കുകൾ നോക്കുമ്പോൾ അത് ചിലപ്പോൾ നടന്നേക്കും. അർജന്റീനയുടെ കിരീടനേട്ടത്തിന്റെ ചരിത്രം, ഏറെക്കുറെ സമാനമായ രീതിയിലുള്ള രണ്ട് പെനൽറ്റി നഷ്ടങ്ങളുടെ കൂടി ചരിത്രവുമായി ഇഴചേർന്നു കിടക്കുന്നതാണ്.
1978ലെ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാമത്തെ മത്സരത്തിൽ സൂപ്പർതാരം മരിയോ കെംപസും പെനൽറ്റി നഷ്ടപ്പെടുത്തിയിരുന്നു. അന്ന് ഇറ്റലിക്കെതിരായ മത്സരത്തിൽ കെംപസ് പെനൽറ്റി നഷ്ടമാക്കിയതോടെ, മത്സരം അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റു. തോറ്റെങ്കിലും അർജന്റീന പ്രീക്വാർട്ടറിൽ കടന്നതോടെ ചിത്രം മാറി. ഇറ്റലിക്കെതിരെ പെനൽറ്റി പാഴാക്കിയ കെംപസ് പിന്നീട് അർജന്റീനയുടെ വജ്രായുധമായി. കലാശപ്പോരാട്ടത്തിൽ കെംപസിന്റെ ഇരട്ട ഗോൾ മികവിൽ നെതർലൻഡ്‌സിനെ 21ന് തോൽപ്പിച്ചാണ് അർജന്റീന ആദ്യ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്.
1986 ലോകകപ്പിൽ ചരിത്രം ആവർത്തിച്ചു. അന്ന് ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ പെനൽറ്റി നഷ്ടമാക്കി വില്ലനായത് സൂപ്പർ താരം ഡീഗോ മറഡോണയാണ്. ബൾഗേറിയയ്ക്കെതിരായ മത്സരത്തിൽ മറഡോണ പെനൽറ്റി പാഴാക്കി വില്ലനായെങ്കിലും, മത്സരം അർജന്റീന ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കു ജയിച്ചു. ആ ലോകകപ്പിൽ പ്രീക്വാർട്ടറിൽ കടന്ന അർജന്റീനയുടെ തുടർന്നുള്ള മുന്നേറ്റം ചരിത്രമാണ്. മറഡോണയുടെ ഐതിഹാസിക പ്രകടനത്തിന്റെ മികവിൽ അർജന്റീനയുടെ പടയോട്ടം അവസാനിച്ചത് അർജന്റീനയുടെ കിരീടനേട്ടത്തിൽ. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും സെമിയിൽ ബെൽജിയത്തിനെതിരെയും മറഡോണ ഇരട്ടഗോൾ നേടി. ഫൈനലിൽ പശ്ചിമ ജർമനിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കു തോൽപ്പിച്ച് കിരീടവും ചൂടി.
The Argentina dream lives on ????????#FIFAWorldCup #Qatar2022 pic.twitter.com/j1bcuTv70H
- FIFA World Cup (@FIFAWorldCup) November 30, 2022
ഈ രണ്ടു ലോകകപ്പ് നേട്ടങ്ങളിലും മൂന്നാം മത്സരത്തിൽ സൂപ്പർതാരങ്ങൾ പെനൽറ്റി നഷ്ടമാക്കിയതിനു സമാനമായ കാഴ്ചയാണ് പോളണ്ടിനെതിരെ സ്റ്റേഡിയം 974ലും കണ്ടത്. പോളണ്ട് ബോക്‌സിനകത്തേക്ക് ഉയർന്നുവന്ന ക്രോസ് തട്ടിയകറ്റാൻ ശ്രമിക്കുന്നതിനിടെ പോളണ്ട് ഗോൾകീപ്പർ വോയ്‌ചെക് ഷെസ്‌നി, മെസിയെ ഫൗൾ ചെയ്യുന്നു. വാർ പരിശോധനകൾക്കു ശേഷം ഷെസ്‌നിയുടെ കൈകൾ മെസിയുടെ മുഖത്തുകൊണ്ടതായി സ്ഥിരീകരണം. 39ാം മിനിറ്റിൽ റഫറി അർജന്റീനയ്ക്കു പെനൽറ്റി അനുവദിക്കുന്നു. ആരാധകരുടെ ആവേശം വാനോളം ഉയർന്ന നിമിഷം. ഗോൾവലയുടെ വലതു മൂലയിലേക്ക് മെസി തൊടുത്ത ഷോട്ട് അതേ ദിശയിലേക്കു തന്നെ ചാടി ഷെസ്‌നി തട്ടിയകറ്റിയതോടെ ആരാധകരുടെ മുഖത്ത് നിരാശയുടെ കാർമേഘം.
Wojciech Szczęsny. That's it. That's the tweet. pic.twitter.com/8W2b5s76D3
- FIFA World Cup (@FIFAWorldCup) November 30, 2022
മെസി പെനൽറ്റി പാഴാക്കിയെങ്കിലും, രണ്ടാം പകുതിയിൽ നേടിയ ഇരട്ടഗോളുകളുടെ മികവിൽ പോളണ്ടിനെ മറികടന്ന് പ്രീക്വാർട്ടറിലേക്കു മുന്നേറാൻ അർജന്റീനയ്ക്കായി; അതും ഗ്രൂപ്പ് ചാംപ്യന്മാരുടെ തലയെടുപ്പോടെ. ഫിഫ ലോകകപ്പിൽ ഒരിക്കൽക്കൂടി ചരിത്രം ആവർത്തിക്കുകയാണെന്നാണ് അർജന്റീന ആരാധകരുടെ പക്ഷം. ഇത്തവണ അതുപോലെ മെസ്സി മൂന്നാം മത്സരത്തിൽ പെനാൽറ്റി പാഴാക്കിയിരിക്കുന്നു. ചരിത്രം ആവർത്തിക്കുമോ? അർജന്റീനയ്ക്ക് വേണ്ടി മെസ്സി കിരീടമുയർത്തുമോ? ആരാധകർ പ്രതീക്ഷയിലാണ്.
സ്പോർട്സ് ഡെസ്ക്