ദോഹ: ലോകകപ്പ് ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിന്റെ ആദ്യ പകുതിയിൽ കാനഡക്കെതിരെ മൊറോക്കോ ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിൽ. അൽതുമാമ സ്റ്റേഡിയത്തിൽ പ്രീക്വാർട്ടറിൽ പ്രവേശിക്കാൻ ജയം ലക്ഷ്യമിട്ടിറങ്ങി മൊറോക്കോയെ നാലാം മിനിറ്റിൽ ഹക്കീം സിയെച്ച് മുന്നിലെത്തിച്ചു. കാനഡയുടെ പ്രതിരോധ പിഴവിൽ നിന്നായിരുന്നു മൊറോക്കോയുടെ ആദ്യ ഗോൾ.

കാനഡ ഗോൾകീപ്പർ ബോർഹാനെ ലക്ഷ്യമാക്കിയുള്ള സ്വന്തം ടീം അംഗത്തിന്റെ ബാക്ക് പാസ് പിഴയ്ക്കുകയായിരുന്നു. ഈ പന്ത് പിടിച്ചെടുക്കാൻ കാനഡ താരം എത്തിയതോടെ ഓടിയെത്തിയ ബോർഹാന് അത് കൃത്യമായി ക്ലിയർ ചെയ്യാനായില്ല. പന്ത് ലഭിച്ച ഹക്കീം സിയെച്ച് ബോക്സിന് പുറത്ത് നിന്ന് പന്ത് ബോർഹാന്റെ തലയ്ക്ക് മുകളിലൂടെ ലോഫ്റ്റ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

പിന്നാലെ 23-ാം മിനിറ്റിൽ യൂസഫ് എൻ നെസിരിയിലൂടെ മൊറോക്കോ രണ്ടാമതും വലകുലുക്കി. കനേഡിയൻ ഡിഫൻസിനെ കാഴ്ചക്കാരാക്കി ഹക്കീം സിയെച്ച് നൽകിയ ഒരു ലോങ് പാസാണ് ഗോളിന് വഴിവെച്ചത്. പാസ് കൃത്യമായി പിടിച്ചെടുത്ത നെസിരി, രണ്ട് കനേഡിയൻ ഡിഫൻഡർമാരെ മറികടന്ന് ബോർയാന് യാതൊരു അവസരവും നൽകാതെ പന്ത് വലയിലെത്തിച്ചു. 40ാം മിനിറ്റിൽ മൊറോക്കോ താരം നായിഫ് അഗ്വേഡിന്റെ സെൽഫ്  ഗോണ് കാനഡയുടെ അക്കൗണ്ട് തുറക്കാൻ സഹായിച്ചത്.

മത്സരത്തിൽ ഒരു ജയമോ സമനിലയോ മതിയാവും മൊറോക്കോക്ക് പ്രീക്വാർട്ടറിൽ പ്രവേശിക്കാൻ. ജയിച്ചാലും കാനഡക്ക് പ്രീക്വാർട്ടറിൽ പ്രവേശിക്കാനാവില്ല. 4-3-3 ശൈലിയിലാണ് മൊറോക്കോ ടീമിനെ അണിനിരത്തിയിരിക്കുന്നത്. 3-4-3 ശൈലിയിലാണ് കാനഡ ടീം ഇറങ്ങിയത്.