ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടന്ന നിർണായക പോരാട്ടത്തിൽ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ. ആദ്യ പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്. ബെൽജിയവും ക്രൊയേഷ്യയും ഉൾപ്പെടുന്ന ഗ്രൂപ്പ് എഫിൽനിന്ന് ഒന്നാം സ്ഥാനത്തോടെയാണ് മൊറോക്കോയുടെ നോക്കൗട്ട് പ്രവേശനം.

ക്രൊയേഷ്യ - ബൽജിയം മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചതോടെ ക്രൊയേഷ്യയും പ്രീക്വാർട്ടർ ഉറപ്പിച്ചു. ലോക രണ്ടാം നമ്പർ ടീമായ ബൽജിയം ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് ജയമടക്കം ഏഴ് പോയിന്റോടെയാണ് മൊറോക്കോ പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ചത്. ഹക്കീം സിയെച്ചും യൂസഫ് എൻ നെസിരിയും മൊറോക്കോയ്ക്കായി സ്‌കോർ ചെയ്തപ്പോൾ 40-ാം മിനിറ്റിൽ മൊറോക്കൻ ഡിഫൻഡർ നയെഫ് അഗ്വേർഡിന്റെ സെൽഫ് ഗോൾ കാനഡയുടെ അക്കൗണ്ടിലെത്തി.



ആശ്വാസ ജയം തേടിയെത്തിയ കാനഡയ്ക്കെതിരേ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആധിപത്യം പുലർത്താൻ മൊറോക്കോയ്ക്കായി. നാലാം മിനിറ്റിൽ തന്നെ കാനഡയുടെ പ്രതിരോധ പിഴവിൽ നിന്ന് മൊറോക്കോ ആദ്യ ഗോളും നേടി. കാനഡ ഗോൾകീപ്പർ ബോർയാനെ ലക്ഷ്യമാക്കിയുള്ള സ്വന്തം ടീം അംഗത്തിന്റെ ബാക്ക് പാസ് പിഴയ്ക്കുകയായിരുന്നു. ഈ പന്ത് പിടിച്ചെടുക്കാൻ കാനഡ താരം എത്തിയതോടെ ഓടിയെത്തിയ ബോർഹാന് അത് കൃത്യമായി ക്ലിയർ ചെയ്യാനായില്ല. പന്ത് ലഭിച്ച ഹക്കീം സിയെച്ച് ബോക്സിന് പുറത്ത് നിന്ന് പന്ത് ബോർഹാന്റെ തലയ്ക്ക് മുകളിലൂടെ ലോഫ്റ്റ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

പിന്നാലെ 23-ാം മിനിറ്റിൽ യൂസഫ് എൻ നെസിരിയിലൂടെ മൊറോക്കോ രണ്ടാമതും വലകുലുക്കി. കനേഡിയൻ ഡിഫൻസിനെ കാഴ്ചക്കാരാക്കി ഹക്കീം സിയെച്ച് നൽകിയ ഒരു ലോങ് പാസാണ് ഗോളിന് വഴിവെച്ചത്. പാസ് കൃത്യമായി പിടിച്ചെടുത്ത നെസിരി, രണ്ട് കനേഡിയൻ ഡിഫൻഡർമാരെ മറികടന്ന് ബോർയാന് യാതൊരു അവസരവും നൽകാതെ പന്ത് വലയിലെത്തിച്ചു.



എന്നാൽ 40-ാം മിനിറ്റിൽ കാനഡയുടെ ഒരു മുന്നേറ്റം മൊറോക്കോയുടെ സെൽഫ് ഗോളിൽ കലാശിച്ചു. ബോക്സിന്റെ ഇടത് ഭാഗത്ത് നിന്ന് കാനഡ വിങ് ബാക്ക് സാം അഡെകുഗ്ബെയുടെ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. താരത്തിന്റെ ക്രോസ് തടയാനുള്ള മൊറോക്കൻ ഡിഫൻഡർ നയെഫ് അഗ്വേർഡിന്റെ ശ്രമം പാളി. അഗ്വേർഡിന്റെ വലതുകാലിൽ തട്ടി പന്ത് വലയിൽ. ഗോൾകീപ്പർ യാസ്സിൻ ബോനോ പന്ത് തടയാൻ ശ്രമിച്ചെങ്കിൽ ഗ്ലൗസിൽ മുട്ടിയുരുമ്മി പന്ത് വലയിൽ കയറുകയായിരുന്നു. പിന്നാലെ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ സിയെച്ചിന്റെ ക്രോസിൽ നിന്ന് നെസിരി ഒരിക്കൽ കൂടി പന്ത് വലയിലെത്തിച്ചെങ്കിലും അത് ഓഫ്സൈഡായി.

രണ്ടാം പകുതിയിൽ സമനില ഗോളിനായി കാനഡ കിണഞ്ഞ് ശ്രമിച്ചെങ്കിലും പലപ്പോഴും നിർഭാഗ്യം അവരെ വേട്ടയാടി. 71-ാം മിനിറ്റിൽ ഹോയ്ലെറ്റിന്റെ ക്രോസിൽ നിന്നുള്ള ഹച്ചിൻസന്റെ ഹെഡർ ക്രോസ്ബാറിലിടിച്ച് ഗോൾലൈനിൽ തട്ടിയെങ്കിലും പന്ത് ലൈൻ കടക്കാതിരുന്നതിനാൽ ഗോൾ നഷ്ടമാകുകയായിരുന്നു. ഇതോടെ ഗ്രൂപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ് നിരാശരായാണ് കാനഡയുടെ മടക്കം.



ഇതേ സമയത്ത് ഗ്രൂപ്പ് എഫിൽ നടന്ന മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യയും ബെൽജിയവും ഗോളില്ലാ സമനിലയിൽ പിരിഞ്ഞതോടെയാണ് മൊറോക്കോ ഗ്രൂപ്പ് ചാംപ്യന്മാരായത്. ഇതോടെ, ക്രൊയേഷ്യ മൊറോക്കോയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തോടെയും പ്രീക്വാർട്ടറിലെത്തി. നാലു പോയിന്റുള്ള ബെൽജിയം പുറത്തായി. ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ച മൊറോക്കോ, രണ്ടാം മത്സരത്തിൽ ബെൽജിയത്തെ അട്ടിമറിച്ചതാണ് നിർണായകമായത്.

1986നു ശേഷം ഇതാദ്യമായാണ് മൊറോക്കോ ലോകകപ്പ് നോക്കൗട്ടിൽ കടക്കുന്നത്. ഖത്തർ ലോകകപ്പിൽ പ്രീക്വാർട്ടറിലേക്കു കടക്കുന്ന രണ്ടാമത്തെ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. സെനഗലാണ് ആദ്യ ടീം. ഡിസംബർ ആറിനു നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാരാണ് മൊറൊക്കോയുടെ എതിരാളികൾ.