ദോഹ: പ്രീക്വാർട്ടർ കാണാതെ ഇക്വഡോർ ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ രാജ്യത്തോടും ആരാധകരോടും മാപ്പ് ചോദിച്ച് നായകൻ എന്നെർ വലൻസിയ. 'ഞങ്ങൾ ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ഞങ്ങളുടെ പ്രവൃത്തിയിൽ ഞങ്ങൾ സന്തുഷ്ടരായിരുന്നു. നിർഭാഗ്യവശാൽ, എക്വഡോഡോറിന്റെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിയാതെ പോയതിൽ മാപ്പ് ചോദിക്കുന്നു', ലോകകപ്പിൽ ടീമിനെ മുന്നിൽ നിന്നു നയിച്ച വലൻസിയ മത്സരശേഷം വിതുമ്പിക്കൊണ്ട് പറഞ്ഞു.

ഇക്വഡോറിനായി 38 ഗോൾ നേടിയിട്ടുള്ള വലൻസിയ രാജ്യത്തിന്റെ ടോപ്‌സ്‌കോററാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ആഫ്രിക്കൻ ചാംപ്യന്മാരായ സെനഗലിനോടാണ് അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇക്വഡോർ 2 - 1ന് പരാജയപ്പെട്ടത്.ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടക്കാൻ സമനില മാത്രം മതിയായിരുന്ന ഇക്വഡോറിന്റെ 'സമനില തെറ്റിച്ച്' തകർപ്പൻ വിജയത്തോടെ ആഫ്രിക്കൻ കരുത്തരായ സെനഗൽ പ്രീക്വാർട്ടറിൽ പ്രവേശിക്കുകയായിരുന്നു. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സെനഗലിന്റെ ജയം.

മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിനൊടുവിലാണ് സെനഗൽ പ്രീക്വാർട്ടർ ഉറപ്പിച്ചത്. സെനഗലിനായി ഇസ്മയില സാർ (44ാം മിനിറ്റ്, പെനൽറ്റി), കാലിഡു കൂളിബാലി (70') എന്നിവർ ലക്ഷ്യം കണ്ടു. ഇക്വഡോറിന്റെ ഗോൾ മോയ്‌സസ് കയ്‌സെഡോ (67) നേടി. 2002നുശേഷം ഇതാദ്യമായാണ് സെനഗൽ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടക്കുന്നത്.

ഇക്വഡോർ സമനിലഗോൾ കണ്ടെത്തി വെറും മൂന്നു മിനിറ്റിനുള്ളിലാണ് സെനഗൽ ലീഡ് തിരിച്ചുപിടിച്ചത്. ഈ വിജയത്തോടെ, രാജ്യാന്തര വേദിയിൽ ഇതുവരെ മുഖാമുഖമെത്തിയ മൂന്നു മത്സരത്തിലും ഇക്വഡോറിനെതിരെ വിജയം നേടാൻ സെനഗലിനായി. ഖത്തർ ലോകകപ്പിൽ തോറ്റ ഒരേയൊരു മത്സരം ഇക്വഡോറിനു പുറത്തേക്കുള്ള വാതിലും തുറന്നു. മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിനൊടുവിലാണ് സെനഗൽ പ്രീക്വാർട്ടർ ഉറപ്പിച്ചത്.