ദോഹ: പരിക്ക് മാറി കരീം ബെൻസേമ ലോകകപ്പിനായി ഫ്രാൻസ് ടീമിൽ ഉടൻ തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പരിശീലകൻ ദിദിയർ ദെഷാംപ്‌സ്. താൻ കരീമുമായി സംസാരിച്ചിരുന്നുവെന്നും കാര്യങ്ങൾ ശരിയാവാൻ സമയമെടുക്കുമെന്നും ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്‌സ് അറിയിച്ചു.

ലോകകപ്പ് തലേന്ന് ടീം വിട്ട ബെൻസേമ അവധിക്കാലം ചെലവഴിക്കാൻ ചൊവ്വാഴ്ച ഇന്ത്യൻ മഹാസമുദ്രത്തിലെ റീയൂനിയൻ ദ്വീപിലെത്തിയിരുന്നു. പരിക്ക് ഭേദമായെന്നും അദ്ദേഹം റയൽ മഡ്രിഡിൽ പരിശീലനം നടത്താൻ ഉടൻ സ്‌പെയിനിലെത്തുമെന്നും വാർത്തകളും വന്നു.

പ്രമുഖ താരങ്ങളുടെ പരിക്കിനിടെ ബെൻസേമ ലോകകപ്പ് പ്രീ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കു മുന്നോടിയായി ഫ്രഞ്ച് ടീമിനൊപ്പം ചേരുമെന്ന അഭ്യൂഹങ്ങളും പരന്നത്. ഇപ്പോഴും ലോകകപ്പ് സംഘത്തിന്റെ ഭാഗമാണ് ബാലൻ ഡി ഓർ ജേതാവ്.

ബെൻസേമ ഒരാഴ്ച ദ്വീപിലുണ്ടാവുമെന്നാണ് താരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇത്തരം കാര്യങ്ങളെപ്പറ്റിയൊന്നും താനിപ്പോൾ ആലോചിക്കുന്നില്ലെന്നും കൂടെയുള്ള 24 പേരിലാണ് ശ്രദ്ധയെന്നും ദെഷാംപ്‌സ് വ്യക്തമാക്കി.

ദ്വീപിൽനിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മകൾക്കൊപ്പമുള്ള വിഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. കുടുംബത്തോടൊപ്പമാണ് ബെൻസേമ റീയൂനിയനിലെത്തിയത്. ഒരാഴ്ചക്കാലം താരം ദ്വീപിലുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിനുശേഷം സ്പെയിനിലേക്ക് പരിശീലനത്തിനായി പുറപ്പെടും.

ഖത്തറിൽ പരിശീലനത്തിനിടെ പരിക്കേറ്റാണ് ബെൻസേമ ടീമിൽനിന്ന് പുറത്തായത്. ഇതിനുശേഷം നാട്ടിലേക്ക് തിരിച്ചിരുന്നു. എന്നാൽ, പ്രതീക്ഷിച്ചതിനും വേഗത്തിൽ പരിക്കിൽനിന്ന് മുക്തനായി താരം ഉടൻ തിരിച്ചെത്തുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.