ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എഫിലെ നിർണായക പോരാട്ടത്തിൽ കാനഡയെ തകർത്ത് മൊറോക്കോ പ്രീക്വാർട്ടറിലെത്തിയത് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ്. ലോക രണ്ടാം നമ്പർ ടീമായ ബൽജിയവും കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നും ഒന്നാമന്മാരായാണ് മൊറോക്കോയുടെ മുന്നേറ്റം. ഖത്തർ ലോകകപ്പിൽ പ്രീക്വാർട്ടറിലേക്കു കടക്കുന്ന രണ്ടാമത്തെ ആഫ്രിക്കൻ രാജ്യം എന്ന ഖ്യാതിയും ഇതോടെ മൊറോക്കോയ്ക്ക് കൈവന്നു. സെനഗലാണ് കഴിഞ്ഞ ദിവസം ഇക്വഡോറിനെ കീഴടക്കി പ്രീക്വാർട്ടർ ഉറപ്പിച്ചത്.

ഗ്രൂപ്പ് ചാംപ്യന്മാരായാണ് മൊറോക്കോ നോക്കൗട്ടിലേക്ക് കടക്കുന്നത്. ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ച മൊറോക്കോ, രണ്ടാം മത്സരത്തിൽ ബെൽജിയത്തെ അട്ടിമറിച്ചതാണ് നിർണായകമായത്. പിന്നീട്, ഇന്ന് നടന്ന നിർണായക മത്സരത്തിൽ കാനഡയേയും തറപറ്റിച്ച് റോക്കിങ് ആയി.

ക്രൊയേഷ്യയെ തളയ്ക്കുകയും ബെൽജിയത്തെ 2-0ന് തോൽപ്പിക്കുകയും ചെയ്ത ആഫ്രിക്കക്കാർ നല്ല ഫോമിലുമാണ്. ഹക്കീം സിയെച്ച്, അഷ്റഫി ഹക്കീമി തുടങ്ങി വമ്പൻ താരങ്ങളെല്ലാം ഫോമിലേക്ക് എത്തിയിരിക്കുന്നു. സിയെച്ച് ആണ് അവസാന മൽസരത്തിലെ ഹീറോ. കളിയാരംഭിച്ച് നാലാം മിനിറ്റിലാണ് ഹക്കീം സിയെച്ച് മൊറോക്കോക്കായി ആദ്യം വലംകുലുക്കിയത്.

1986നു ശേഷം ഇതാദ്യമായാണ് മൊറോക്കോ ലോകകപ്പ് നോക്കൗട്ടിൽ കടക്കുന്നത്. ലോക റാങ്കിങ്ങിൽ 22ാം സ്ഥാനക്കാരായ മൊറോക്കോയുടെ പ്രീക്വാർട്ടർ പ്രവേശനവും 2ാം സ്ഥാനക്കാരായ ബെൽജിയത്തിന്റെ പുറത്താകലുമാണ് ഗ്രൂപ്പ് എഫിലെ ഇന്നത്തെ കളിയെ ശ്രദ്ധേയമാക്കുന്നത്. ഡിസംബർ ആറിനു നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാരാണ് മൊറൊക്കോയുടെ എതിരാളികൾ.

നേരത്തെ എ ഗ്രൂപ്പിൽ നിന്ന് രണ്ട് ജയവുമായാണ് സെനഗൽ പ്രീ-ക്വാർട്ടറിൽ പ്രവേശിച്ചത്. കരുത്തരായ ഇംഗ്ലണ്ടാണ് സെനഗലിന് അടുത്ത മത്സരത്തിൽ എതിരാളികളായി വരിക. ഇന്ന് സിയെച്ച്‌ന്റെ ആദ്യ ഗോളിനു ശേഷം, 23-ാം മിനിറ്റിൽ യൂസഫ് എൻ നെസ്‌രിയുടെ ഗോളിലാണ് ലീഡുയർത്തിയത്.

40-ാം മിനിറ്റിൽ മൊറോക്കോയുടെ നയിഫ് അഗ്വേർഡിന്റെ സെൽഫ് ഗോളിൽ കാനഡ ഒരു ഗോൾ മടക്കിയെങ്കിലും പിന്നീട് ഗോളടിക്കാൻ അനുവദിക്കാതെ മൊറോക്കോ കാനഡയെ പിടിച്ചു കെട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ച ടുണീഷ്യ കരുത്തരായ ഡെന്മാർക്കിനെ സമനിലയിൽ കുരുക്കുകയും ചെയ്തിരുന്നു. പ്രീക്വാർട്ടറിൽ കടക്കാനായില്ലെങ്കിലും ലോകകപ്പിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്താണ് ടുണീഷ്യ മടങ്ങിയത്. ഗ്രൂപ്പ് എച്ചിൽ ദക്ഷിണ കൊറിയയെ കീഴടക്കി ഘാനയും പ്രീക്വാർട്ടർ പ്രതീക്ഷയിലാണ്. അവസാന മത്സരത്തിൽ ജയം നേടാനായാൽ ഘാനയ്ക്കും അവസാന പതിനാറിൽ ഇടംപിടിക്കാം.