ദോഹ: ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടർ സ്വപ്‌നങ്ങളുമായി ഇറങ്ങിയ ഏഷ്യൻ കരുത്തരായ ജപ്പാനെതിരെ ആദ്യപകുതിയിൽ സ്‌പെയിൻ ഒരു ഗോളിനു മുന്നിൽ. മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ ഗോളിനായി സ്പാനിഷ് ഗോൾമുഖം ആക്രമിച്ച ജപ്പാനെ ഞെട്ടിച്ച് പതിനൊന്നാം മിനിറ്റിൽ അൽവാരോ മൊറാട്ട സ്‌പെയിന് ലീഡ് സമ്മാനിച്ചു.

സെസാർ അസ്പിലിക്വേറ്റയുടെ അതിമനോഹരമായ ക്രോസിന് തലവെച്ചുകൊണ്ട് മൊറാട്ട ജപ്പാൻ വലകുലുക്കി. ഖത്തർ ലോകകപ്പിലെ മൊറാട്ടയുടെ മൂന്നാം ഗോളാണിത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലേതിന് സമാനമായി പന്തടക്കത്തിലും പാസിങ്ങിലും സ്‌പെയിൻ സമഗ്രാധിപത്യം പുലർത്തിയ ആദ്യ പകുതിയിൽ, പതറാതെ മൈതാനം നിറഞ്ഞുകളിച്ച ജപ്പാൻ ഇടയ്ക്കിടെ സ്‌പെയിനെ വിറപ്പിക്കുകയും ചെയ്തു.

മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. ഏഴാം മിനിറ്റിൽ സ്പെയിനിന്റെ മികച്ച ഒരു മുന്നേറ്റത്തിന് മത്സരം വേദിയായി. എട്ടാം മിനിറ്റിൽ സെർജിയോ ബുസ്‌കെറ്റ്സിന്റെ പിഴവിൽ നിന്ന് പന്ത് കൈക്കലാക്കിയ ജപ്പാൻ പോസ്റ്റിലേക്ക് വെടിയുതിർത്തെങ്കിലും പന്ത് പോസ്റ്റിന് അരികിലൂടെ കടന്നുപോയി. ഒൻപതാം മിനിറ്റിൽ ആൽവാരോ മൊറാട്ടയുടെ ഹെഡ്ഡർ ഗോൾകീപ്പർ കൈയിലൊതുക്കി.

22-ാം മിനിറ്റിൽ മൊറാട്ടയ്ക്ക് മറ്റൊരു അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ദുർബലമായ ഷോട്ട് ജപ്പാൻ ഗോൾകീപ്പർ ഗോണ്ട കൈയിലൊതുക്കി. ഗോൾ വഴങ്ങിയതോടെ സമനില നേടാനായി ജപ്പാൻ ആക്രമിച്ച് കളിച്ചു. എന്നാൽ മുന്നേറ്റനിരയ്ക്ക് കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ല.

ആദ്യ മത്സരത്തിൽ കോസ്റ്ററിക്കയെ ഗോൾമഴയിൽ മുക്കി ഏകപക്ഷീയമായ ഏഴു ഗോളുകൾക്ക് ജയിച്ചുകയറിയ സ്‌പെയിൻ, രണ്ടാം മത്സരത്തിൽ ജർമനിയുമായി സമനില വഴങ്ങിയിരുന്നു. ജപ്പാനാകട്ടെ, ആദ്യ മത്സരത്തിൽ ജർമനിയെ തോൽപ്പിച്ച് ഞെട്ടിക്കുന്ന തുടക്കമിട്ടെങ്കിലും രണ്ടാം മത്സരത്തിൽ കോസ്റ്ററിക്കയോടു തോൽവി വഴങ്ങിയതാണ് തിരിച്ചടിയായത്. കഴിഞ്ഞ മത്സരത്തിൽ കോസ്റ്ററിക്കയോടു പരാജയപ്പെട്ട ടീമിൽ അഞ്ച് മാറ്റങ്ങളാണ് ജപ്പാൻ പരിശീലകൻ വരുത്തിയത്. മറുവശത്ത് ജർമനിയുമായി സമനിലയിൽ പിരിഞ്ഞ ടീമിൽ സ്‌പെയിൻ അഞ്ച് മാറ്റങ്ങളും വരുത്തി.

ഗ്രൂപ്പ് ഇയിലെ അവസാന മത്സരമായ ഇന്ന് സമനില നേടിയാൽ പോലും സ്പെയിൻ നോക്കൗട്ടിലെത്തും. എന്നാൽ സ്പെയിനെതിരേ വിജയിച്ചാൽ മാത്രമാണ് ജപ്പാന് പ്രീ ക്വാർട്ടറിലെത്താനാവുക. സമനിലയിലെത്തിയാൽ കോസ്റ്ററിക്ക-ജർമനി മത്സരത്തിലെ ഫലം കാത്തിരിക്കുകയും വേണം.