- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ലോകകപ്പിൽ വീണ്ടും അട്ടിമറിയുമായി ഏഷ്യൻ കരുത്തർ; രണ്ടാം പകുതിയിൽ മൂന്നു മിനിറ്റിനിടെ രണ്ടു ഗോൾ; ജർമ്മനിയെ കെട്ടുകെട്ടിച്ച ജപ്പാൻ സ്‌പെയിനും കീഴടക്കി പ്രീക്വാർട്ടറിൽ; മൊറാട്ടയുടെ ഹെഡർ ഗോളിന് മറുപടി നൽകി റിറ്റ്‌സു ഡൊവാനും ആവോ ടനാകയും; നോക്കൗട്ട് ഉറപ്പിച്ചത് ഗ്രൂപ്പ് ചാമ്പ്യന്മാരായി; രണ്ടാം സ്ഥാനക്കാരായി സ്‌പെയിൻ
ദോഹ: ഖത്തർ ലോകകപ്പിൽ വീണ്ടും അട്ടിമറി. മുൻ ചാമ്പ്യന്മാരായ സ്‌പെയിനെ അട്ടിമറിച്ച് ഏഷ്യൻ കരുത്തരായ ജപ്പാൻ പ്രീക്വാർട്ടറിൽ. ഖലീഫ സ്റ്റേഡിയത്തിൽ ഒന്നാം പകുതിയിൽ നിർണായക ലീഡ് നേടിയ സ്പാനിഷ് പടയെ ഞെട്ടിച്ച് രണ്ടാം പകുതിയിൽ ജപ്പാൻ ഗംഭീര തിരിച്ചുവരവ് നടത്തി. 48ാം മിനിറ്റിൽ റിറ്റ്‌സു ഡോവൻ ആണ് സ്‌പെയിനെ വിറപ്പിച്ച് ആദ്യം ഗോൾവല കുലുക്കിയത്. തൊട്ടുപിന്നാലെ സ്‌പെയിൻ വലയിലേക്ക് തനാക രണ്ടാമത്തെ വെടിയുണ്ട പായിച്ചു. തോൽവി വഴങ്ങിയെങ്കിലും രണ്ടാം സ്ഥാനക്കാരായി സ്‌പെയിൻ പ്രീക്വാർട്ടറിലെത്തി.
കളി ആദ്യ പകുതി കഴിഞ്ഞപ്പോൾ സ്‌പെയിനായിരുന്നു ഒരു ഗോളിന് മുന്നിൽ. എന്നാൽ രണ്ടാം പകുതി തുടങ്ങി മൂന്നാം മിനിറ്റിൽ 2010ലെ ചാമ്പ്യന്മാരെ ജപ്പാൻ വിറപ്പിക്കുകയായിരുന്നു. രണ്ടാമത്തേത് ഗോളാണെന്നതിൽ സംശയമുണ്ടായതോടെ റഫറി വാർ വിളിച്ചു.
പന്ത് ഔട്ട്‌ലൈന് കടന്നു എന്ന സംശയമാണ് വാർ വിളിക്കാൻ കാരണമായത്. എന്നാൽ റിപ്ലെയിൽ പന്ത് പൂർണമായും ഔട്ട്‌ലൈൻ കടന്നില്ലെന്ന് മനസിലായതോടെ റഫറി ഗോൾ ജപ്പാന് അനുകൂലമായി വിധിക്കുകയുമായിരുന്നു.
രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ മൂന്നു മിനിറ്റിനിടെ രണ്ടു ഗോൾ നേടിയ ജപ്പാൻ, സ്‌പെയിനെതിരെ ലീഡ് പിടിച്ചു. പകരക്കാരനായി ഇറങ്ങിയ റിറ്റ്‌സു ഡൊവാൻ (48ാം മിനിറ്റ്), ആവോ ടനാക (52ാം മിനിറ്റ്) എന്നിവരാണ് ജപ്പാന്റെ ഐതിഹാസിക ജയത്തിന് വഴിയൊരുക്കിയത്. സ്‌പെയിനിന്റെ ഗോൾ ആദ്യപകുതിയുടെ പതിനൊന്നാം മിനിറ്റിൽ അൽവാരോ മൊറാട്ടയുടെ വകയായിരുന്നു.
ആദ്യപകുതിയിൽ പന്തടക്കത്തിൽ ഏറെ പിന്നിലായിപ്പോയെങ്കിലും, കിട്ടിയ അവസരങ്ങളിലെല്ലാം സ്‌പെയിനെ വിറപ്പിച്ച ജപ്പാന്, രണ്ടാം പകുതിയിലാണ് അതിന്റെ പ്രതിഫലം ലഭിച്ചത്. രണ്ടാം പകുതി ആരംഭിച്ച് മൂന്നാം മിനിറ്റിൽത്തന്നെ ജപ്പാൻ ലീഡു നേടി. സ്‌പെയിനിന്റെ പ്രതിരോധപ്പാളിച്ചയിൽ നിന്നായിരുന്നു ജപ്പാന്റെ ആദ്യ ഗോളിന്റെ പിറവി.
46ാം മിനിറ്റിൽ ടാകെ കുബോയ്ക്കു പകരമിറങ്ങിയാണ് റിറ്റ്‌സു ഡൊവാൻ ജപ്പാനായി ലക്ഷ്യം കണ്ടത്. സ്പാനിഷ് പ്രതിരോധത്തിന്റെ പിഴവിൽനിന്ന് ബോക്‌സിനു സമീപത്തായി പന്തു ലഭിച്ച ഡൊവാൻ, രണ്ടു ചുവടു മുന്നോട്ടുവച്ച് തൊടുത്ത പൊള്ളുന്ന ഷോട്ട് സ്പാനിഷ് ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിലെത്തി. സ്‌കോർ 1 - 1.
ഗാലറിയിൽനിന്ന് സമനില ഗോളിന്റെ ആരവങ്ങൾ മായും മുൻപേ ജപ്പാൻ ലീഡും പിടിച്ചു. ഇത്തവണ ലക്ഷ്യം കണ്ടത് ആവോ ടനാക. ജപ്പാന്റെ രണ്ടാം ഗോളിലേക്കുള്ള നീക്കത്തിനു തുടക്കമിട്ടത് ആദ്യ ഗോൾ നേടിയ പകരക്കാരൻ താരം ഡൊവാൻ. ഡൊവാൻ പോസ്റ്റിനു സമാന്തരമായി നീട്ടി നൽകിയ പന്ത് നിരങ്ങിയെത്തിയ മിട്ടോമ ലൈനിനോടു ചേർന്ന് പോസ്റ്റിനു മുന്നിലേക്ക് തട്ടിയിട്ടു. ഓടിയെത്തിയ ടനാക പന്ത് തട്ടി വലയിലാക്കി. പന്ത് പുറത്തു പോയെന്ന ധാരണയിൽ റഫറി ആദ്യം ഗോൾ നിഷേധിച്ചെങ്കിലും 'വാറി'ന്റെ സഹായത്തോടെ നടത്തിയ പരിശോധനയ്‌ക്കൊടുവിൽ ഗോൾ അനുവദിച്ചു. സ്‌കോർ 2 - 0.
മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ ഗോളിനായി സ്പാനിഷ് ഗോൾമുഖം ആക്രമിച്ച ജപ്പാനെ ഞെട്ടിച്ച് 11ാം മിനിറ്റിൽ അൽവാരോ മൊറാട്ടയാണ് സ്‌പെയിന് ലീഡ് സമ്മാനിച്ചത്. സെസാർ അസ്പിലിക്വേറ്റയുടെ പാസിൽനിന്നായിരുന്നു ഹെഡറിലൂടെ മൊറാട്ടയുടെ ഗോൾ. പതിവുപോലെ പന്തടക്കത്തിലും പാസിങ്ങിലും സ്‌പെയിൻ സമഗ്രാധിപത്യം പുലർത്തിയ ആദ്യ പകുതിയിൽ, പതറാതെ മൈതാനം നിറഞ്ഞുകളിച്ച ജപ്പാൻ ഇടയ്ക്കിടെ സ്‌പെയിനെ വിറപ്പിക്കുകയും ചെയ്തു.
ആദ്യ മിനിറ്റു മുതൽ സ്പാനിഷ് ഗോൾമുഖം ആക്രമിച്ച് ജപ്പാൻ നയം വ്യക്തമാക്കിയതിനു പിന്നാലെയാണ് സ്‌പെയിൻ ലീഡ് നേടിയത്. ജപ്പാൻ ബോക്‌സിലേക്ക് എത്തിയ സ്പാനിഷ് മുന്നേറ്റത്തിനൊടുവിൽ ജപ്പാൻ പ്രതിരോധം രക്ഷപ്പെടുത്തിയ പന്ത് ബോക്‌സിനു പുറത്ത് വലതുവിങ്ങിൽ സെസാർ അസ്പിലിക്വേറ്റയിലേക്ക്. താരം ബോക്‌സിലേക്ക് ഉയർത്തി നൽകിയ ക്രോസിൽ ഉയർന്നുചാടി തലവച്ച മൊറാട്ട പന്തിന് വലയിലേക്ക് വഴികാട്ടി. സ്‌കോർ 1 -0.
ആദ്യ മത്സരത്തിൽ കോസ്റ്ററിക്കയെ ഗോൾമഴയിൽ മുക്കി ഏകപക്ഷീയമായ ഏഴു ഗോളുകൾക്ക് ജയിച്ചുകയറിയ സ്‌പെയിൻ, രണ്ടാം മത്സരത്തിൽ ജർമനിയുമായി സമനില വഴങ്ങിയിരുന്നു. ജപ്പാനാകട്ടെ, ആദ്യ മത്സരത്തിൽ ജർമനിയെ തോൽപ്പിച്ച് ഞെട്ടിക്കുന്ന തുടക്കമിട്ടെങ്കിലും രണ്ടാം മത്സരത്തിൽ കോസ്റ്ററിക്കയോടു തോറ്റു. കഴിഞ്ഞ മത്സരത്തിൽ കോസ്റ്ററിക്കയോടു പരാജയപ്പെട്ട ടീമിൽ അഞ്ച് മാറ്റങ്ങളാണ് ജപ്പാൻ പരിശീലകൻ വരുത്തിയത്. മറുവശത്ത് ജർമനിയുമായി സമനിലയിൽ പിരിഞ്ഞ ടീമിൽ സ്‌പെയിൻ അഞ്ച് മാറ്റങ്ങളും വരുത്തി.
സ്പോർട്സ് ഡെസ്ക്