ദോഹ: മരണഗ്രൂപ്പിലെ ജീവൻ മരണ പോരാട്ടത്തിൽ മിന്നും ജയം നേടിയിട്ടും ജർമ്മനി ലോകകപ്പിന്റെ പടിക്ക് പുറത്ത്. ഗ്രൂപ്പ് ചാമ്പ്യന്മാരായ ജപ്പാനെ കീഴടക്കിയ കോസ്റ്ററിക്കയും വീണു. മുൻ ചാമ്പ്യന്മാരായ ജർമ്മനിയെയും സ്‌പെയിനെയും വീഴ്‌ത്തി ഏഷ്യൻ വമ്പന്മാരായ ജപ്പാൻ ഒന്നാമനായി മുന്നേറിയപ്പോൾ ആദ്യ മത്സരത്തിലെ ഗോൾമഴ ഒന്നുകൊണ്ട് മാത്രം രക്ഷപ്പെട്ടത് സ്‌പെയിനും. ഗ്രൂപ്പ് പോരാട്ടങ്ങൾ പൂർത്തിയാകുമ്പോൾ മരണഗ്രൂപ്പിലെ ചാവേറുകളായി ജർമ്മനിയും കോസ്റ്ററിക്കയും പുറത്തേക്ക്.

കോസ്റ്ററിക്കയ്‌ക്കെതിരെ ജീവൻ മരണപ്പോരാട്ടം നടത്തി വിജയം കൈവരിച്ചിട്ടും പ്രീക്വാർട്ടർ സ്വപ്നം കൈവിട്ടുപോയ നിരാശയിലാണ് മുൻ ചാമ്പ്യന്മാരായ ജർമനി മടങ്ങുന്നത്. രണ്ടിനെതിരെ നാല് ഗോൾ നേടിയെങ്കിലും പ്രയത്‌നം വിഫലമാകുകയായിരുന്നു. ആദ്യപകുതിയിൽ ഒരു ഗോൾ നേട്ടവുമായി മുന്നിട്ടുനിന്ന ജർമനിയെക്കെതിരെ രണ്ടാം പകുതിയൽ രണ്ട് ഗോൾ നേടി കോസ്റ്ററിക്ക മുന്നേറിയെങ്കിലും ജയിക്കാനായില്ലെന്നുമാത്രമല്ല, പ്രീക്വാർട്ടർ കാണാതെ പുറത്താകുകയും ചെയ്തു. സ്‌പെയ്‌നെ ജപ്പാൻ തോൽപ്പിച്ചതോടെയാണ് ഇരു രാജ്യങ്ങളുടേയും പ്രീക്വാർട്ടർ സ്വപ്നം പൊലിഞ്ഞത്.

ജർമനിക്കായി കെയ് ഹെവർട്‌സ് ഡബിളടിച്ചപ്പോൾ സെർജ് ഗ്‌നാബ്രിയും ഫുൾക്രഗും ഓരോ ഗോൾവീതമടിച്ചു. കോസ്റ്ററിക്കക്കായി എൽസിൻ തെജേദയും പാബ്ലോ വർഗസ്സും ഗോൾ മടക്കി.

സമനിലയായാൽ പോലും പ്രീക്വാർട്ടറിൽ കടക്കാമായിരുന്ന പ്രതീക്ഷയിലായിരുന്നു കോസ്റ്ററിക്ക. ജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിച്ചല്ല ജർമനി കളത്തിലിറങ്ങിയത്. കളിയിലൂടനീളം ആധിപത്യം പുലർത്തിയ ജർമനി നിരവധി തവണ ഗോൾ അടിക്കാൻ ശ്രമം നടത്തി. ജർമൻ ഗോൾ പോസ്റ്റിന് അടുത്തേക്ക് പോലും പലപ്പോഴും എത്താൻ കോസ്റ്ററിക്കയ്ക്ക് സാധിച്ചിരുന്നില്ല.

ആദ്യപകുതിയിൽ ഒരു ഗോൾ ലീഡുമായി മുന്നേറിയ ജർമനിക്ക് രണ്ടാം പകുതിയിൽ രണ്ട് ഗോൾ മടക്കി കോസ്റ്ററിക്കയുെട മറുപടി. തുടക്കം മുതൽ കോസ്റ്ററിക്കയ്‌ക്കെതിരെ ആക്രമിച്ച് കളിച്ച ജർമനി പത്താം മിനിറ്റിൽ ലക്ഷ്യം കണ്ടിരുന്നു. ഗ്നാബ്രിയുടെ ഹെഡ്ഡറിലൂടെയാണ് ഗോൾ നേട്ടത്തിന് ജർമനി തുടക്കമിട്ടത്. പന്തുമായി മുന്നേറിയ മുസിയാലയുടെ കോർണർ പാസ്സാണ് ഗോളിന് വഴിതുറന്നത്. എന്നാൽ പിന്നീടങ്ങോട്ട് നിരവധി തവണ ഗോളടിക്കാൻ ശ്രമം നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.

രണ്ടാം മിനിറ്റിൽ മുസിയാല പന്ത് പോസ്റ്റിൽ അടിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും ഗോളി നവാസ് തട്ടിമാറ്റുകയായിരുന്നു. ആദ്യുപകുതയിൽ ഭൂരിഭാഗം സമയവും പന്ത് കോസ്റ്ററിക്കയുെട പോസ്റ്റിന് സമീപത്തായിരുന്നു. ഇതിനിടെ 42ാം മിനിറ്റിൽ ഫുള്ളർക്ക് റൂഡിഗർ നൽകിയ ലോങ് പാസ് ഗോളാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഗോളി മാത്രമായിരുന്നു ആ സമയത്ത് ജർമനിയുടെ ഗോൾ പോസ്റ്റിനു സമീപമുണ്ടായിരുന്നത്.

58മിനിറ്റിൽ കോസ്റ്ററിക്കയുടെ അത്യുഗ്ര മുന്നേറ്റത്തിലൂടെ ജർമനിക്കെതിരെ ഗോൾ മടക്കി. വാസ്ടൻ പോസ്റ്റിന് മധ്യത്തിലേക് അടിച്ച പന്ത് ന്യൂയർ പോസ്റ്റിലേക്ക് പായിച്ചെങ്കിലും ഗോളി തടഞ്ഞു. എന്നാൽ പന്ത് ഗോളിയുെട കയ്യിൽനിന്നും വഴുതിപ്പോയി. ഈ അവസരം മുതലാക്കിയ വാൽവെർഡ് പന്ത് പോസ്റ്റിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. ഇതേ മിനിറ്റിൽ തന്നെ ജർമനിയുെട മുസിയാലയുടെ കിക്ക് പോസ്റ്റിൽ തട്ടി തെറിച്ചത് ജർമനിക്ക് നിരാശയായി.

70-ാം മിനിറ്റിൽ യുവാൻ പാബ്ലോ വർഗസ്സ് കോസ്റ്റോറിക്കയെ മുന്നിലെത്തിച്ചതോടെ ജർമനി മാത്രമല്ല സ്‌പെയിനും ഞെട്ടി. കാരണം കോസ്റ്റോറിക്ക ജയിച്ചാൽ സ്‌പെയിനും പ്രീ ക്വാർട്ടറിലെത്താതെ പുറത്താവുമായിരുന്നു. എന്നാൽ മൂന്ന് മിനിറ്റിനകം കയ് ഹാവെർട്‌സ് സമനില ഗോൾ നേടി ജർമനിയെ ഒപ്പമെത്തിച്ചു. കളി തീരാൻ അഞ്ച് മിനിറ്റ് ബാക്കിയിരിക്കെ ഹാവെർട്‌സിന്റെ രണ്ടാം ഗോളിൽ ജർമനി ജയം ഉറപ്പിച്ചു. 89-ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രുഗ് ഒരു ഗോൾ കൂടി കോസ്റ്റോറിക്കൻ വലയിലെത്തിച്ച് ജയം ആധികാരികമാക്കിയെങ്കിലും ആ ജയത്തിനും ജർമനിയെ പ്രീ ക്വാർട്ടറിലെത്തിക്കാനായില്ല.