ദോഹ: ലോകകപ്പ് ഫുട്‌ബോൾ മത്സര സമയ ക്രമത്തിനെതിരെ അർജന്റീനയും ഓസ്‌ട്രേലിയയും രംഗത്ത് വന്നതിന് പിന്നാലെ വാക്‌പോരിന് തുടക്കമിട്ട് ഓസ്‌ട്രേലിയൻ താരങ്ങൾ. അർജന്റീന നായകൻ ലയണൽ മെസി ദൈവമല്ലെന്നും മറ്റെല്ലാ താരങ്ങളെയുംപോലെ മനുഷ്യൻ മാത്രമാണെന്നുമാണ് ഓസ്‌ട്രേലിയൻ താരങ്ങളുടെ നിലപാട്. മെസിയോടുള്ള ആരാധന മറച്ചുവെക്കുന്നില്ല. എന്നാൽ അദ്ദേഹത്തെ ഭയക്കുന്നില്ലെന്ന് ഓസ്‌ട്രേലിയൻ പ്രതിരോധനിരയിലെ കരുത്തനായ മിലോസ് ഡെഗനിക് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

'മെസിയെ എനിക്കൊരുപാടിഷ്ടമാണ്. ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച കളിക്കാരനാണ് അദ്ദേഹം. പക്ഷെ അതുകൊണ്ട് അദ്ദേഹത്തിനെതിരെ കളിക്കുന്നത് ഞങ്ങൾ ബഹുമതിയായല്ല എടുക്കുന്നത്. മെസി മറ്റുള്ളവർക്ക് ഫുട്‌ബോളിന്റെ ദൈവമായിരിക്കാം. പക്ഷെ നാളത്തെ മത്സരത്തിൽ ഞങ്ങൾക്ക് അദ്ദേഹം ഞങ്ങളെപ്പോലെ തന്നെ നന്നായി ഫുട്‌ബോൾ കളിക്കുന്ന ഒരു മനുഷ്യൻ മാത്രമാണ്', ഡെഗനിക് പറയുന്നു.

അർജന്റീന മികച്ച ടീമാണ്. പക്ഷേ മൈതാനത്ത് ഇരുടീമിലും പതിനൊന്നുപേർ വീതമാണുള്ളത്. ടീമിന്റെ കരുത്തിൽ പൂർണവിശ്വാസമുണ്ടെന്നും ഡെഗനിക് പറഞ്ഞു. പ്രീ ക്വാർട്ടറിലെത്തി എന്നതിലാണ് അഭിമാനമുള്ളത്. അർജന്റീനക്കെതിരെ മത്സരിക്കുന്നു എന്നതിലല്ല, പ്രീക്വാർട്ടറിൽ അർജന്റീനയായാലും പോളണ്ട് ആയാലും ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കുക എന്നതാണ് ഞങ്ങളുടെ അഭിമാനം-ഡെഗനിക് പറഞ്ഞു.

മത്സരത്തിൽ ഇരു ടീമിനും 90 മിനിറ്റ് വീതമാണുള്ളതെന്നും ചിലപ്പോഴത് 120 മിനിറ്റുവരെയാകാമെന്നും ഡെന്മാർക്കിനെതിരെ ഓസ്‌ട്രേലിയയുടെ വിജയഗോളടിച്ച മാറ്റ് ലെക്കി പറഞ്ഞു. ഞങ്ങളിവിടെ എത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് സമ്മർദ്ദവുമില്ല. സമ്മർദ്ദം മുഴുവൻ അർജന്റീനക്കാണെന്നും ലെക്കി പറഞ്ഞു. അർജന്റീനക്കെതിരായ മത്സരം കടുപ്പമേറിയതായിരിക്കുമെന്നുറപ്പ്, പക്ഷെ അവർക്കും 11 പേരാണുള്ളത്, അല്ലാതെ 11 മെസിമാരില്ല, മെസി ഒന്നേയുള്ളുവെന്നും ലെക്കി വ്യക്തമാക്കി.

അർജന്റീന പരിശീലകൻ ലിയോണൽ സ്‌കലോണിയും തന്ത്രങ്ങളുടെ പണിപ്പുരയിലാണ്. എയ്ഞ്ചൽ ഡി മരിയയുടെ പരിക്കിൽ ആശങ്ക വേണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ഓസ്‌ട്രേലിയയെ വില കുറച്ചുകാണില്ലെന്ന് മെസി നേരത്തെ വ്യക്തമാക്കിയിരുന്നു. പോളണ്ടിനെതിരായ മത്സരശേഷം വിശ്രമിക്കാതെ ടീം പരിശീലനത്തിനിറങ്ങിയിരുന്നു. പ്രീ ക്വാർട്ടർ പ്രവേശനം ആഘോഷിക്കാൻ താരങ്ങളുടെ കുടുംബാംഗങ്ങളും ക്യാമ്പിലെത്തിയിരുന്നു. ഖത്തർ യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഹോസ്റ്റലിൽ ബാർബിക്യൂ പാർട്ടി നടത്തിയായിരുന്നു ടീമിന്റെ ആഘോഷം.

അർജന്റീന - പോളണ്ട് ഗ്രൂപ്പ് മത്സരം അവസാനിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രീക്വാർട്ടർ മത്സരത്തിന് ഇറങ്ങേണ്ടി വരുന്നതിൽ ടീം അധികൃതർ അതൃപ്തരാണ്. ഈ രണ്ട് ടീമുകൾക്കും നാളെ പ്രീക്വാർട്ടറിൽ പരസ്പരം ഏറ്റുമുട്ടണം. ഇതിനെതിരെ അർജന്റീനയും ഓസ്‌ട്രേലിയയും രംഗത്തെത്തി. ഗ്രൂപ്പ് മത്സരങ്ങൾക്കിടയിൽ നാല് ദിവസം ഇടവിട്ടായിരുന്നു മത്സരം. പ്രീക്വാർട്ടറായപ്പോൾ ഇത് വീണ്ടും ചുരുങ്ങി. താരങ്ങൾക്ക് മാനസികമായും ശാരീരികമായും തയ്യാറെടുക്കാനുള്ള സമയം ലഭിക്കുന്നില്ലെന്ന് ഓസ്‌ട്രേലിയൻ സഹപരിശീലകൻ റെനേ മുളെൻസ്റ്റീൻ പറഞ്ഞു. ഇത്രയും പ്രധാനപ്പെട്ട ടൂർണമെന്റിൽ ഫിഫയ്ക്ക് എങ്ങനെ ഇത്തരമൊരു തീരുമാനമെടുക്കാൻ കഴിയുന്നു എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

താരങ്ങൾ റോബോട്ടുകളല്ലെന്നായിരുന്നു പ്രതിരോധതാരം മിലോസ് ഡിഗെനിക്കിന്റെ പ്രതികരണം- 'ഇത് ഫിഫ പരിഗണിക്കേണ്ട കാര്യമാണ്. ഞങ്ങൾ റോബോട്ടുകളല്ല, മനുഷ്യരാണ്. ഞങ്ങൾക്ക് ആരോഗ്യം വീണ്ടെടുക്കേണ്ടതുണ്ട്. ദിവസം തോറും കളിക്കാൻ കഴിയില്ല. എന്റെ കാര്യം മാത്രമല്ല, തുടർച്ചയായി മൂന്ന് കളികളിൽ പങ്കെടുത്തവരുടെ കാര്യമാണ്'

രണ്ടര ദിവസത്തിനിടയിൽ മത്സരത്തിന് ഇറങ്ങേണ്ടി വരുന്നതിനെ അർജന്റീനയുടെ പരിശീലകനും വിമർശിച്ചു. താരങ്ങൾക്ക് വിശ്രമിക്കാൻ അധിക സമയം വേണമായിരുന്നുവെന്ന് സ്‌കലോണി പറഞ്ഞു. ഗ്രൂപ്പിൽ ഒന്നാമതായി പ്രീക്വാർട്ടറിലെത്തിയ ശേഷം രണ്ടര ദിവസം മാത്രമാണ് താരങ്ങൾക്ക് വിശ്രമത്തിന് ലഭിച്ചത്. ഇത് ശരിയല്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് സ്‌കലോണി പറഞ്ഞത്. കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് - പ്രീക്വാർട്ടർ മത്സരങ്ങൾക്കിടയിൽ നാല് ദിവസത്തെ ഇടവേളയുണ്ടായിരുന്നു.